നാല് ലക്ഷം വീടുകള്‍ കൂടി നിര്‍മിക്കാന്‍ അനുമതി

നാല് ലക്ഷം വീടുകള്‍ കൂടി നിര്‍മിക്കാന്‍ അനുമതി

ഇതോടെ പദ്ധതിക്കുകീഴില്‍ നിര്‍മിക്കുന്ന മൊത്തം വീടുകളുടെ എണ്ണം 72.5 ലക്ഷമാകും

ന്യൂഡെല്‍ഹി: രാജ്യത്തെ ‘എല്ലാവര്‍ക്കും വീട്’ എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പ്രധാന്‍ മന്ത്രി ആവാസ് യോജനയ്ക്ക് (പിഎംഎവൈ) കീഴില്‍ നാല് ലക്ഷം വീടുകള്‍ കൂടി നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ഇതോടെ പദ്ധതിക്കുകീഴില്‍ നിര്‍മിക്കുന്ന മൊത്തം വീടുകളുടെ എണ്ണം 72.5 ലക്ഷമാകും.

ഇന്ത്യയുടെ നഗര പ്രദേശങ്ങളില്‍ പാവപ്പെട്ടവര്‍ക്കായി ഒരു കോടി വീടുകള്‍ നിര്‍മിക്കുക എന്ന ലക്ഷ്യം നേടുന്നതിന് പദ്ധതി മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നുണ്ടെന്ന് കേന്ദ്ര ഭവന, നഗരകാര്യ വകുപ്പ് സെക്രട്ടറി ദുര്‍ഗ്ഗ ശങ്കര്‍ മിശ്ര പറഞ്ഞു. 2015-2022 ഓടെ രാജ്യത്തെ ‘എല്ലാവര്‍ക്കും വീട്’ എന്ന ലക്ഷ്യത്തോടെ 2015ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പിഎംഎവൈ പദ്ധതി ആരംഭിച്ചത്. മൊത്തം 6.1 ബില്യണ്‍ ഡോളറാണ് പദ്ധതിക്കായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്.

ആന്ധ്രാപ്രദേശിലും ഉത്തര്‍പ്രദേശിലും ഏകദേശം ഒരു ലക്ഷം വീടുകള്‍ വീതം നിര്‍മിക്കുന്നതിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നതെന്ന് ദുര്‍ഗ്ഗ ശങ്കര്‍ പറഞ്ഞു. ഓരോ മാസവും ശക്തവും സുസ്ഥിരവുമായ പുരോഗതിയാണ് പദ്ധതിയിലുള്ളതെന്നും അവര്‍ വ്യക്തമാക്കി. സെന്‍ട്രല്‍ സാന്‍ക്ഷനിംഗ് ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ (സിഎസ്എംസി) യോഗത്തിലാണ് നാല് ലക്ഷം വീടുകളുടെ നിര്‍മാണത്തിന് കൂടി അനുമതി നല്‍കിയത്.

Comments

comments

Categories: Current Affairs
Tags: 4lakh homes