കൃഷി ചെയ്യാന്‍ 2,500 കോടി

കൃഷി ചെയ്യാന്‍ 2,500 കോടി

കുട്ടനാട് പാക്കേജിന്റെ രണ്ടാം ഘട്ടത്തിന് 1,000 കോടി; റബ്ബര്‍ സബ്‌സിഡിക്ക് 500 കോടി; കേരഗ്രാമത്തിന് 43 കോടി

തിരുവനന്തപുരം: പ്രളയത്തില്‍ സാരമായ ആഘാതമേറ്റ കാര്‍ഷികമേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ 2,500 കോടി രൂപയാണ് ബജറ്റില്‍ ധനമന്ത്രി ഡോ. തോമസ് ഐസക് വകയിരുത്തിയത്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിപണി കണ്ടെത്താന്‍ കര്‍ശകരെ സഹായിക്കും. പ്രളയത്തില്‍ തകര്‍ന്ന കാര്‍ഷിക മേഖലയെ പുനരുദ്ധരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. 1,000 കോടിയുടെ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ച ധനമന്ത്രി കുട്ടനാട് ശുചീകരണത്തിന് പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും വ്യക്തമാക്കി. കായല്‍ മത്സ്യകൃഷിക്ക് അഞ്ച് കോടി രൂപ അനുവദിച്ചു. കുടിവെള്ള പദ്ധതിക്ക് 250 കോടിയും പുറംബണ്ട് അറ്റകുറ്റപ്പണിക്ക് 43 കോടിയും കൃഷിനാശം നേരിടാന്‍ 20 കോടിയും അനുവദിച്ചിട്ടുണ്ട്. നാളികേരത്തിന് പ്രത്യേക പദ്ധതി പ്രകാരം 20 കോടി രൂപ വിലയിരുത്തി. 10 ലക്ഷം തെങ്ങിന്‍ തൈകള്‍ വര്‍ഷം തോറും നട്ടുപിടിപ്പിക്കും. കേരഗ്രാമം പദ്ധതിക്കായി 43 കോടി രൂപ
വിലയിരുത്തി.

റബ്ബര്‍ താങ്ങുവില 500 കോടി രൂപയാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മൂല്യവര്‍ദ്ധിത റബ്ബര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനായി സിയാല്‍ മാതൃകയില്‍ ഒരു കമ്പനി 2019-20 ല്‍ രജിസ്റ്റര്‍ ചെയ്യും. നെല്‍കൃഷിക്കും ബജറ്റില്‍ പിന്തുണയുണ്ട്. 20 കോടി ചെലവില്‍ പാലക്കാട്, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ മൂന്ന് റൈസ് പാര്‍ക്കുകള്‍ സ്ഥാപിക്കും. സര്‍ക്കാര്‍ സംഭരിക്കുന്ന നെല്ല് ഇവിടങ്ങളില്‍ സംസ്‌കരിച്ച് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ തയാറാക്കും. വയനാട്ടിലെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ പദ്ധതിയുണ്ട്. വയനാടന്‍ കാപ്പി ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കും. കാപ്പി കര്‍ഷകര്‍ക്ക് വായ്പ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കും. വയനാട്ടിലെ കുരുമുളക് കൃഷി പുനരുജ്ജീവിപ്പിക്കാന്‍ 10 കോടി രൂപ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. പൂകൃഷിക്ക് അഗ്രി സോണും പ്രഖ്യാപിച്ചിട്ടുണ്ട്. പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്റ്ററികള്‍ തുറക്കും. പ്രതിസന്ധിയിലാവുന്ന വായ്പകള്‍ തീര്‍പ്പാക്കാനായി ഒരു വര്‍ഷത്തെ പലിശ ബാധ്യത 25 കോടി രൂപ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

കണക്കു കൊണ്ടുള്ള മായാജാലം മാത്രം: രമേശ് ചെന്നിത്തല

സംസ്ഥാന ബജറ്റ് നിരാശാജനകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നികുതിക്ക് പകരം സെസ് ചുമത്തുന്നതിലൂടെ അധികഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 6,000 കോടി രൂപ കൈയില്‍ വെച്ച് 42,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിക്കുകയാണ് തോമസ് ഐസക്. കണക്കു കൊണ്ടുള്ള ഇത്തരം മായാജാലം മാത്രമാണ് ബജറ്റ്. യാഥാര്‍ത്ഥ്യ ബോധമില്ലാത്ത ബജറ്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനങ്ങളെ കബളിപ്പിക്കാന്‍ മാത്രം തയാറാക്കിയതാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

അപഹാസ്യമായ അഭ്യാസം: പി എസ് ശ്രീധരന്‍ പിള്ള

സംസ്ഥാന സര്‍ക്കാരിന്റെ ധനകാര്യ മാനേജ്‌മെന്റിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്നതാണ് ബജറ്റെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി. മരീചികയാണെന്ന് വ്യക്തമായ കിഫ്ബിയില്‍ ഊന്നി ജനങ്ങളുടെ കണ്ണില്‍ മണ്ണിടുകയാണ് തോമസ് ഐസക്. കഴിഞ്ഞ ബജറ്റില്‍ നടക്കാതെ പോയ ഹിമാലയന്‍ വാഗ്ദാനങ്ങള്‍ കിഫ്ബിയിലൂന്നി ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. നികുതിയേതര വരുമാനത്തിലൂടെ വിഭവസമാഹരണത്തിന് ശ്രമിക്കുന്നതിന് പകരം സാധാരണക്കാരന്റെ നടുവൊടിക്കുന്ന വിലവര്‍ദ്ധനയാണ് ഉപ്പു തൊട്ട് കര്‍പ്പൂരം വരെ എല്ലാറ്റിനും ചുമത്തിയിരിക്കുന്നത്.

Comments

comments

Categories: FK Special, Slider