വാട്‌സ് ആപ്പ്, ഇന്‍സ്റ്റാഗ്രാം സംയോജിപ്പിക്കല്‍: ഫേസ്ബുക്കിന് താക്കീത്

വാട്‌സ് ആപ്പ്, ഇന്‍സ്റ്റാഗ്രാം സംയോജിപ്പിക്കല്‍: ഫേസ്ബുക്കിന് താക്കീത്

ലണ്ടന്‍: വാട്‌സ് ആപ്പ്, ഫോട്ടോ ഷെയറിംഗ് ആപ്പ് ഇന്‍സ്റ്റാഗ്രാം എന്നിവയുമായി മെസഞ്ചറിനെ സംയോജിപ്പിക്കാനുള്ള ഫേസ്ബുക്കിന്റെ നീക്കങ്ങള്‍ക്കെതിരേ താക്കീതുമായി ഐറിഷ് നിരീക്ഷണ സമിതിയായ ദ ഐറിഷ് ഡാറ്റ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ (ഡിപിസി) രംഗത്ത്. മൂന്നു പ്ലാറ്റ്‌ഫോമുകളെ ഏകോപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് അടിയന്തിരമായി വിശദീകരിക്കണമെന്നു ഡബ്ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിപിസി ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടു.

‘ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ഇന്‍സ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകളെ സമന്വയിപ്പിക്കാനുള്ള നീക്കത്തിന്റെ പ്രാരംഭ ഘട്ടത്തിലാണെന്ന് മനസിലാക്കാന്‍ സാധിച്ചു. ഇതുസംബന്ധിച്ച് അടിയന്തിരമായി വിശദീകരണം നടത്തണ’മെന്നാണു തിങ്കളാഴ്ച പുറത്തിറക്കിയ കുറിപ്പില്‍ ഡിപിസി ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ് ആപ്പ്, ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍ തുടങ്ങിയവയിലെ യൂസര്‍മാരുടെ വ്യക്തിപരമായ വിവരങ്ങള്‍ ഏകോപിപ്പിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നതിനാല്‍ ഡിപിസി ഫേസ്ബുക്കിന്റെ ഓരോ നീക്കങ്ങളെയും സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. ഈ മൂന്ന് ആപ്പുകളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനെ സപ്പോര്‍ട്ട് ചെയ്യുമെന്നു ഈ മാസം 25ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആശയവിനിമയം നടത്തുന്ന ഉപയോക്താക്കള്‍ക്കു മാത്രം സന്ദേശങ്ങള്‍ വായിക്കാന്‍ കഴിയുന്ന സംവിധാനമാണ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍.

ഫേസ്ബുക്ക് മെസഞ്ചര്‍, ഇന്‍സ്റ്റാഗ്രാം, വാട്‌സ് ആപ്പ് സേവനങ്ങള്‍ stand-alone apps ആയി തന്നെ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതായത്, ഇവ മൂന്നും പ്രത്യേകം പ്രത്യേകമായി പ്രവര്‍ത്തിക്കുന്ന വിഭാഗമായി തന്നെ തുടരും. എന്നാല്‍ ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും വാട്‌സ് ആപ്പിന്റെയും അടിസ്ഥാന സാങ്കേതിക ഘടന ഏകീകരിക്കപ്പെടും.
മുന്‍പ് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളുമായി ഡാറ്റ പങ്കുവയ്ക്കാനുള്ള നീക്കങ്ങള്‍ ഡാറ്റ സംരക്ഷണവുമായി ബന്ധപ്പെട്ടു വലിയ ആശങ്കയ്ക്കു വഴിവച്ചിരുന്നു. ഇപ്പോള്‍ മൂന്ന് പ്ലാറ്റ്‌ഫോമുകള്‍ ഒന്നിപ്പിക്കാനുള്ള നീക്കം വീണ്ടും ആശങ്കയ്ക്ക് ഇട നല്‍കിയിരിക്കുകയാണ്. ഈയൊരു പശ്ചാത്തലത്തിലാണു ഡിപിസി ഫേസ്ബുക്കില്‍നിന്നും വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

Comments

comments

Categories: Tech