രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തെ ഉയര്‍ച്ചയില്‍

രാജ്യത്തെ തൊഴിലില്ലായ്മ  നിരക്ക് 45 വര്‍ഷത്തെ ഉയര്‍ച്ചയില്‍

ന്യൂഡെല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 2017-18 വര്‍ഷത്തില്‍ 45 വര്‍ഷത്തെ ഉയര്‍ച്ചയിലെത്തിയെന്ന് റിപ്പോര്‍ട്ട്. 2017 ജൂലൈ മുതല്‍ 2018 ജൂണ്‍ വരെയുള്ള കാലയളവില്‍ 6.1 ശതമാനമണ് തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നത്. 1972-73ന് ശേഷമുള്ള ഏറ്റവും വലിയ ഉയര്‍ച്ചയാണിത്.

നാഷണല്‍ സാമ്പിള്‍ സര്‍വ്വേ ഓഫീസിന്റെ പിരിയോഡിക് ലേബര്‍ സര്‍വ്വേ അനുസരിച്ചുള്ള കണക്കാണിത്. എന്നാല്‍ സര്‍വ്വേ ഫലം ഇതുവരെ പുറത്തു വിട്ടിട്ടില്ലെന്ന് ബിസിനസ് സ്റ്റാര്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ ലഭ്യതയുമായി ബന്ധപ്പെട്ട സര്‍വേ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാത്തതില്‍ പ്രതിഷേധിച്ച് നാഷനല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷനിലെ രണ്ട് സ്വതന്ത്ര അംഗങ്ങള്‍ രാജിവെച്ചിരുന്നു. കമ്മീഷന്‍ ആക്ടിങ് ചീഫ് പി.സി മോഹനന്‍, മുതിര്‍ന്ന ഉദ്യോഗസ്ഥയും ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് പ്രൊഫസറുമായ ജെ വി മീനാക്ഷി എന്നിവരാണ് രാജിവെച്ചത്. അഞ്ച് വര്‍ഷത്തിലൊരിക്കലാണ് റിപ്പോര്‍ട്ട് പുറത്ത് വിടാറുള്ളത്.

പിസി മോഹനനും ജെവി മീനാക്ഷിയും 2020 വരെ സേവന കാലാവധി ഉണ്ടായിരിക്കെയാണ് നാഷണല്‍ സ്റ്റാറിസ്റ്റിക്കല്‍ കമ്മീഷന്‍ അഥവാ ദേശീയ സ്ഥിതി വിവര ശാസ്ത്ര കമ്മീഷനില്‍ നിന്ന് രാജിവെച്ചത്.
റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കഴിഞ്ഞാല്‍ ദിവസങ്ങള്‍ക്കുളളില്‍ അത് പ്രസിദ്ധീകരിക്കുകയാണ് നിലവിലെ രീതി. പക്ഷേ രണ്ടു മാസമായിട്ടും തൊഴില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനെ തുടര്‍ന്നായിരുന്നു ഇരുവരുടെയും രാജി.

നോട്ടു നിരോധനം പ്രഖ്യാപിച്ച ശേഷം തൊഴില്‍ മേഖലയില്‍ സര്‍ക്കാര്‍ നടത്തിയ ആദ്യത്തെ സര്‍വ്വേ ആണിത്. 2011-12ല്‍ 2.2 ശതമാനം വര്‍ധനയാണുണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 6.1 ശതമാനമാണ്.

ഗ്രാമീണ മേഖലകളില്‍ 15നും 29നും ഇടക്ക് തൊഴിലില്ലാത്ത പുരുഷന്‍മാരില്‍ 2011-12നെ അപേക്ഷിച്ച് 17.4 ശതമാനം വര്‍ധനയുണ്ടായെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സ്ത്രീകളുടെത് 13.6ശതമാനമായും ഉയര്‍ന്നു.

നഗരപ്രദേശങ്ങളില്‍ തോഴിലില്ലായമ ഇതിലും ഭീകരമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിദ്യാസമ്പന്നരായ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ എണ്ണം രാജ്യത്ത് ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണെന്ന് കണക്കുകള്‍ പറയുന്നു.

Comments

comments

Categories: Current Affairs, Slider
Tags: Unemployment