വിലക്ക് നീങ്ങിയ സൗദി തീയറ്ററുകളിലേക്ക് സിനിമാപ്രേമികളുടെ ഒഴുക്ക്

വിലക്ക് നീങ്ങിയ സൗദി തീയറ്ററുകളിലേക്ക് സിനിമാപ്രേമികളുടെ ഒഴുക്ക്

പ്രതിമാസം സൗദി തീയറ്ററുകളിലെത്തുന്നത് ശരാശരി 59,000 പേര്‍

ജിദ്ദ: യാഥാസ്ഥിതിക നയങ്ങള്‍ വിട്ട് പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന സൗദിയെയാണ് 21ാം നൂറ്റാണ്ടില്‍ ലോകം കണ്ടത്. എണ്ണയിലധിഷ്ഠിതമായ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പരിവര്‍ത്തനം ചെയ്യുക എന്ന ഉത്തരവാദിത്വവുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ചരടുവലികള്‍ ആരംഭിച്ചതോടെയാണ് പല നല്ല മാറ്റങ്ങളും രാജ്യത്ത് ദൃശ്യമായി തുടങ്ങിയത്. സിനിമാവ്യവസായ മേഖലയിലെ വരുമാന സാധ്യതകള്‍ കണക്കിലെടുത്ത് 30 വര്‍ഷം നീണ്ട സിനിമാവിലക്ക് പിന്‍വലിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചതും ഇതിന്റെ ഭാഗമായാണ്. രാജ്യത്തെ ജനങ്ങളെ തീയറ്ററുകളിലേക്ക് ആകര്‍ഷിച്ച് വരുമാനം വര്‍ധിപ്പിക്കുന്നതോടൊപ്പം കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ജനങ്ങള്‍ക്ക് വിനോദങ്ങള്‍ ആസ്വദിക്കാനുള്ള വഴികള്‍ തുറന്നിടാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

വിലക്ക് നീക്കിയ ശേഷം സൗദിയിലെ സിനിമാതീയറ്ററുകളില്‍ കാണികളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രതിമാസം ശരാശരി 59,000 ആളുകള്‍ രാജ്യത്തെ തീയറ്റുകളില്‍ സിനിമ കാണാന്‍ എത്തുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച ഉദ്ഘാടനം ചെയ്ത ജിദ്ദയിലെ വോക്‌സ് സിനിമാസില്‍ അടക്കം മിക്കദിവസങ്ങളിലും കാണികളെ കൊണ്ട് തീയറ്ററുകള്‍ നിറയുന്ന അവസ്ഥയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജിദ്ദയിലെ ആദ്യത്തേത്തും സൗദിയിലെ ആറാമത്തെയും മള്‍ട്ടിപ്ലെക്‌സാണ് 12 സ്‌ക്രീനുകളുമായി വോക്‌സ് സിനിമാസ് എന്ന പേരില്‍ റെഡ് സീ മാളില്‍ കഴിഞ്ഞ ആഴ്ച പ്രവര്‍ത്തനം ആരംഭിച്ചത്. ഇവിടെ എല്ലാ ദിവസങ്ങളിലും കാണികളുടെ എണ്ണത്തില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സൗദിയിലെ ഓഡിയോവിഷ്വല്‍ വ്യവസായ രംഗത്തെ നിയന്ത്രിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സര്‍ക്കാര്‍ സംവിധാനമായ ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോവിഷ്വല്‍ മീഡിയ വ്യക്തമാക്കി. കാണികളില്‍ 77 ശതമാനവും കുടുംബങ്ങളാണെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.

വോക്‌സ് കൂടാതെ അമേരിക്ക ആസ്ഥാനമായുള്ള എഎംസിയും സൗദിയിലെ അല്‍ റാഷിദ് എംപയര്‍ സിനിമ കണ്‍സോര്‍ഷ്യവുമാണ് വിലക്കിന് ശേഷം രാജ്യത്തെ സിനിമാ പ്രദര്‍ശനരംഗത്ത് നവാഗതരായി എത്തിയത്. അറബിക്, പാശ്ചാത്യം തുടങ്ങി എല്ലാ തരത്തിലുമുള്ള സിനിമകളും ഇന്ന് സൗദി തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതായി ജിസിഎഎം സാക്ഷ്യപ്പെടുത്തുന്നു.

കുട്ടികള്‍ക്ക് വേണ്ടി സമര്‍പ്പിതമായിട്ടുള്ള മേഖലയിലെ ഏക സിനിമാസ് ആണ് ജിദ്ദയിലെ വോക്‌സ് മള്‍ട്ടിപ്ലെക്‌സ്. മിഡില്‍ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ സിനിമ ഓപ്പറേറ്റര്‍ ആയ, ദുബായ് ആസ്ഥാനമായുള്ള മജിദ് അല്‍ ഫുട്ടെയിം ഗ്രൂപ്പിന്റെ സഹസ്ഥാപനമാണ് വോക്‌സ് സിനിമാസ്.് മിന മേഖലയില്‍ മാത്രം 35 ഇടങ്ങളിലായി 345 സ്‌ക്രീനുകള്‍ ഇവര്‍ക്കുണ്ട്. വിലക്ക് നീക്കിയതിന് ശേഷം സൗദിയില്‍ ആദ്യമായി നിലവില്‍ വന്ന മള്‍ട്ടിപ്ലെക്‌സാണ് വോക്‌സ് സിനിമാസ്. വിനോദ വ്യവസായ മേഖലയില്‍ രാജ്യാന്തര നിക്ഷേപങ്ങള്‍ക്കുള്ള അവസരങ്ങള്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിനിമാമേഖലയിലും ഉദാരമായ നയങ്ങള്‍ കൈക്കൊള്ളാന്‍ സൗദി തീരുമാനിച്ചത്. എണ്ണേതര വരുമാന മാര്‍ഗങ്ങള്‍ ശക്തിപ്പെടുത്താനുള്ള സുപ്രധാന ലക്ഷ്യമാണ് ഈ നീക്കത്തിന് പിന്നിലും.

2019, 2020 വര്‍ഷങ്ങളിലായി സൗദിയില്‍ ദ ഫാന്റം ഓഫ് ദ ഒാപ്പറ, ദ ലയണ്‍ കിങ് തുടങ്ങിയ വിഖ്യാത കൃതികളുടെ നാടകാവിഷ്‌കാരത്തിനുള്ള സാധ്യത തേടുമെന്നും പ്രാദേശിക-രാജ്യാന്തര സര്‍ക്കസ് പ്രകടനങ്ങള്‍ക്ക് രാജ്യത്ത് അവസരമൊരുക്കുമെന്നും ജനറല്‍ എന്റെര്‍ടെയ്ന്‍മെന്റ് അതോറിട്ടി ചെയര്‍മാന്‍ തുര്‍കി അല്‍ അല്‍ഷിഖ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വം ഭരണപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ തുടങ്ങിയ ശേഷം വിനോദ വ്യവസായം ഉള്‍പ്പടെ പല മേഖലകളിലെയും കര്‍ക്കശ നിബന്ധനകളില്‍ സൗദി അയവ് വരുത്തിയിരുന്നു. സിനിമ തീയറ്ററുകളിലെ 30 വര്‍ഷം നീണ്ട വിലക്ക് നീക്കിയതും യാഥാസ്ഥിതിക സദാചാരബോധങ്ങള്‍ നിലവിലിരുന്ന, കഫേകളില്‍ പോകുന്നത് അസന്മാര്‍ഗികമായി കരുതിയിരുന്ന ഒരു രാജ്യത്ത കഫേകളിലും പബ്ബുകളിലും സംഗീതം നിറഞ്ഞതുമെല്ലാം ഇതിന്റെ ഭാഗമായാണ്.

Comments

comments

Categories: Arabia, Slider