സ്‌കില്‍ ഇന്ത്യ മിഷന്‍ നവീകരിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു

സ്‌കില്‍ ഇന്ത്യ മിഷന്‍ നവീകരിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു

സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പ്രതീക്ഷിച്ച നേട്ടം രേഖപ്പെടുത്താനാകാത്ത സാഹചര്യത്തിലാണ് ദൗത്യത്തിന് പുതിയ രൂപം നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്

ന്യൂഡെല്‍ഹി: ‘സ്‌കില്‍ ഇന്ത്യ മിഷന്‍’ നവീകരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. പദ്ധതിക്കു കീഴില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തിയെങ്കിലും പ്രതീക്ഷിച്ച ഫലം നേടാനാകാത്ത സാഹചര്യത്തിലാണ് ദൗത്യം പുതുക്കി അവതരിപ്പിക്കുന്ന കാര്യം കേന്ദ്രം പരിഗണിക്കുന്നത്.

മിഷന്റെ പുതിയ രൂപം സബ്‌സിഡികള്‍ക്ക് പകരം പ്രോത്സാഹനം നല്‍കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ചുള്ളതായിരിക്കുമെന്നും സ്വകാര്യ കമ്പനികളെ ആകര്‍ഷിക്കുന്നതിനുള്ള സാമ്പത്തിക ആനുകൂല്യങ്ങളിലായിരിക്കും മിഷന്‍ വലിയ ശ്രദ്ധ നല്‍കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

നൈപുണ്യ പരിശീലനം എങ്ങനെ കൂടുതല്‍ കാര്യക്ഷമമാക്കാം എന്നതിനെ കുറിച്ച് ആന്തരിക ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതുകൊണ്ട് നൈപുണ്യ പരിശീലനത്തിന്റെ നിലവാരം അന്താരാഷ്ട്ര നിലവാരമനുസരിച്ചായിരിക്കുമെന്നും ഓരോ വര്‍ഷവും ഇന്ത്യന്‍ തൊഴില്‍ ശക്തിയുടെ ഭാഗമാകുന്ന ദശലക്ഷകണക്കിന് യുവാക്കള്‍ക്ക് പദ്ധതി പ്രയോജനം ചെയ്യുമെന്നും സര്‍ക്കാരില്‍ നിന്നുള്ള ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

സ്വകാര്യ മേഖലയില്‍ നിന്നുള്ളവര്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുക എന്നതാണ് പദ്ധതി നവീകരണത്തില്‍ പരിഗണിക്കുന്ന ഒരു പ്രധാന കാര്യം. സെക്കന്‍ഡറി സ്‌കൂള്‍ പാഠ്യപദ്ധതിയുമായി സ്‌കില്‍ ഇന്ത്യ മിഷന്‍ സംയോജിപ്പിക്കുന്നതോടെ സ്‌കൂള്‍ തലത്തില്‍ തന്നെ സ്‌റ്റൈപ്പന്‍ഡ് നല്‍കി വൊക്കേഷണല്‍ കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നതിന് യുവാക്കള്‍ക്ക് പ്രചോദനം നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സ്വകാര്യ സ്‌കൂളുകള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനും സെക്കന്‍ഡറി സ്‌കൂള്‍ തലത്തില്‍ നൈപുണ്യ വികസനത്തിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിന് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കാനും നിതി ആയോഗ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ലോകത്തിലെ നൈപുണ്യ കേന്ദ്രമായി ഇന്ത്യയെ മാറ്റുക എന്ന ഉദ്ദേശത്തോടെ 2015ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്‌കില്‍ ഇന്ത്യ മിഷന്‍ ആരംഭിച്ചത്. ദൗത്യത്തിനുകീഴിലുള്ള പിഎംആര്‍പിവൈ (പ്രധാന്‍ മന്ത്രി രോസ്ഗര്‍ പ്രോത്സാഹന്‍ യോജന), ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന, നാഷണല്‍ അപ്രന്റൈസ്ഷിപ്പ് പ്രൊമോഷന്‍ സ്‌കീം തുടങ്ങിയ പദ്ധതികളിലൂടെ 2022ഓടെ 400 മില്യണ്‍ പേര്‍ക്ക് പരിശീലനം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

എന്നാല്‍, സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ക്കുകീഴില്‍ ഇതുവരെ വെറും 25 മില്യണ്‍ യുവാക്കള്‍ക്കാണ് നൈപുണ്യ പരിശീലനം നല്‍കാനായിട്ടുള്ളത്. നടപ്പു സാമ്പത്തിക വര്‍ഷം 3,400 കോടി രൂപയാണ് പദ്ധതി നടത്തിപ്പിനായി ബജറ്റ് വിഹിതം അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2,356 കോടി രൂപയുടെ വിഹിതം അനുവദിച്ച സ്ഥാനത്താണിത്.

2017-2022 കാലയളവില്‍ 34 വ്യാവസായിക മേഖലകളിലായി 128 മില്യണിലധികം വിദഗ്ധരായ തൊഴിലാളികളുടെ ആവശ്യകതയുണ്ടാകുമെന്നാണ് നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്. പക്ഷെ, ഇന്ത്യന്‍ തൊഴില്‍ ശക്തിയില്‍ വെറും അഞ്ച് ശതമാനം ആളുകള്‍ മാത്രമാണ് വിദഗ്ധ പരിശീലനം നേടിയിട്ടുള്ളത്. ദക്ഷിണകൊറിയ (96%), ജപ്പാന്‍ (80%), ജര്‍മ്മനി (75%), യുകെ (68%), യുഎസ് (52%) എന്നീ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു.

Comments

comments

Categories: FK News