പൊതുമേഖലാ ബാങ്കുകള്‍ക്ക് 50,000 കോടിയുടെ മൂലധന സഹായം കൂടി ആവശ്യം

പൊതുമേഖലാ ബാങ്കുകള്‍ക്ക് 50,000 കോടിയുടെ മൂലധന സഹായം കൂടി ആവശ്യം

നടപ്പു സാമ്പത്തിക വര്‍ഷം ഡിസംബര്‍ വരെയുള്ള കണക്ക്പ്രകാരം 51,513 കോടി രൂപയാണ് കേന്ദ്രം പൊതുമേഖലാ ബാങ്കുകള്‍ക്ക് നല്‍കിയിട്ടുള്ളത്

ന്യൂഡെല്‍ഹി: ലക്ഷ്യമിടുന്ന 11 ശതമാനം വായ്പാ വളര്‍ച്ച സാധ്യമാകണമെങ്കില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ക്ക് 50,000 കോടി രൂപയുടെ മൂലധന ഉള്‍ച്ചേര്‍ക്കല്‍ ആവശ്യമാണെന്ന് എസ്ബിഐ യുടെ റിപ്പോര്‍ട്ട്. നടപ്പു സാമ്പത്തിക വര്‍ഷം പൊതുമേഖലാ ബാങ്കുകള്‍ക്ക് നല്‍കുന്ന മൂലധന സഹായത്തിന്റെ പരിധി 65,000 കോടി രൂപയില്‍ നിന്ന് 1,06,000 കോടി രൂപയാക്കി ഉയര്‍ത്താന്‍ ഡിസംബറില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഡിസംബര്‍ വരെയുള്ള കണക്ക്പ്രകാരം 51,513 കോടി രൂപയാണ് നല്‍കിയിട്ടുള്ളത്.
ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് 31ന് മുന്‍പ് ബാക്കി തുകയായ 54,487 കോടി രൂപ കൂടി ബാങ്കുകള്‍ക്ക് നല്‍കണമെന്ന് എസ്ബിഐ കഴിഞ്ഞ ദിവസം പുറത്തിറക്കിയ എക്കോറാപ്പ് റിപ്പോര്‍ട്ട് അഭ്യര്‍ത്ഥിക്കുന്നു. ഇത് ബാങ്കുകള്‍ക്ക് വലിയ പിന്തുണയേകും. ഇതിനു പുറമേയാണ് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 50,000 കോടി രൂപ ആവശ്യമായി വരിക.
കരുതല്‍ മൂലധനം സംബന്ധിച്ച പരിധി പാലിക്കുന്നതിന് ബാങ്കുകള്‍ക്ക് നല്‍കിയ കാലാവധി 2019 മാര്‍ച്ച് 31ല്‍ നിന്ന് റിസര്‍വ് ബാങ്ക് അടുത്തിടെ 2020 മാര്‍ച്ച് 31ലേക്ക് നീട്ടിയിട്ടുണ്ട്. ഇത് പൊതുമേഖലാ ബാങ്കുകള്‍ക്ക് 35,000- 38,000 കോടി രൂപ വരെയുള്ള ആശ്വാസം നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്.

ദീര്‍ഘകാല നിക്ഷേപങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍, ദേശീയ കമ്പനി ലോ ട്രൈബ്യൂണലിലെ കേസുകളുടെ അടിസ്ഥാനത്തില്‍ വിവിധ ആസ്തികളില്‍ നിന്നുള്ള വീണ്ടെടുപ്പ്, നിക്ഷേപ അന്തരീക്ഷം, വായ്പ എഴുതിത്തള്ളലുകളും മറ്റു തീര്‍പ്പാക്കലുകളും എന്നിവയെയെല്ലാം ആശ്രയിച്ച് മൂലധന ആവശ്യകതയില്‍ മാറ്റം ഉണ്ടായേക്കാമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്.
കര്‍ഷകര്‍ക്കായി കാര്‍ഷിക ഭൂമിയുടെ അടിസ്ഥാനത്തില്‍ വരുമാന നഷ്ടപരിഹാരം നല്‍കുന്ന ഒരു പദ്ധതി നിതി ആയോഗ് പരിഗണിക്കുന്നുണ്ട്. എന്നാല്‍ ഈ പദ്ധതിക്ക് നിരവധി പരിമിതികളുണ്ടെന്നും കൂടുതല്‍ ചെലവു കുറഞ്ഞതും കാര്യക്ഷമവുമായ പദ്ധതിയാണ് ഇക്കാര്യത്തില്‍ നടപ്പാക്കേണ്ടതെന്നും എസ്ബിഐ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

സാമ്പത്താകാരോഗ്യം മോശമായതിനെ തുടര്‍ന്ന് റിസര്‍വ് ബാങ്കിന്റെ തിരുത്തല്‍ നടപടികള്‍ക്ക് വിധേയമാകുന്ന പൊതുമേഖലാ ബാങ്കുകള്‍ നില മെച്ചപ്പെടുത്തുന്നതായാണ് വിലയിരുത്തപ്പെടുന്നത്. വായ്പാ വിതരണത്തില്‍ ഈ ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്കുകളില്‍ ഇളവു വരുത്തണമെന്ന് നേരത്തേ കേന്ദ്ര സര്‍ക്കാരും ബാങ്ക് പ്രതിനിധികളും ആര്‍ബിഐ യോട് ആവശ്യപ്പെട്ടിരുന്നു.

Comments

comments

Categories: Banking

Related Articles