നൈറ്റ് സ്റ്റേ ഏറ്റെടുത്ത് പേ ടിഎം ഹോട്ടല്‍ ബുക്കിംഗ് ബിസിനസിലേക്ക്

നൈറ്റ് സ്റ്റേ ഏറ്റെടുത്ത് പേ ടിഎം ഹോട്ടല്‍ ബുക്കിംഗ് ബിസിനസിലേക്ക്

ട്രാവല്‍ ബിസിനസിന്റെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി 500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയാണ് തയാറാക്കിയിട്ടുള്ളത്

ന്യൂഡെല്‍ഹി: പേമെന്റ് ആപ്ലിക്കേഷനായ പേ ടിഎം തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ ഹോട്ടല്‍ ബുക്കിംഗ് സംവിധാനം കൂടി ഏര്‍പ്പെടുത്തി. ലക്ഷ്വറി ഹോട്ടലുകളിലെ ബുക്കിംഗ് ഓഫറുകള്‍ നല്‍കുന്ന നൈറ്റ്‌സ്റ്റേയെ ഏറ്റെടുത്തുകൊണ്ടാണ് പേ ടിഎം തങ്ങളുടെ ട്രാവല്‍ ബിസിനസിന്റെ വിപുലീകരണം നടപ്പാക്കുന്നത്. ബജറ്റ്, ലക്ഷ്വറി, ബിസിനസ് വിഭാഗങ്ങളിലായി 5000ലധികം ഹോട്ടലുകളുമായി ഇതിനകം പങ്കാളിത്തം ഉറപ്പിച്ചിട്ടുണ്ടെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

തങ്ങളുടെ ട്രാവല്‍ ബിസിനസിന്റെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി 500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയാണ് ചൈനീസ് കമ്പനി ആലിബാബയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പേ ടിഎം തയാറാക്കിയിട്ടുള്ളത്. സരോവര്‍, സുരി, ട്രീബോ, ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനീസ് ജിന്‍ജെര്‍, സ്റ്റെര്‍ലിംഗ്, വി റിസോര്‍ട്‌സ് തുടങ്ങിയ വന്‍കിട ഹോട്ടല്‍ ബ്രാന്‍ഡുകളും പേ ടിഎം പങ്കാളിത്തം ഉറപ്പിച്ചവയില്‍ ഉള്‍പ്പെടുന്നു.
2020ഓടെ ഹോട്ടലുകളും മറ്റ് ബദല്‍ താമസ സൗകര്യങ്ങളുമായി 2 മില്യണോളം പങ്കാളികളിലേക്ക് എത്തുന്നതിനും ഏഷ്യയിലെ ഏറ്റവും വലിയ ഹോട്ടല്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോമായി മാറുന്നതിനുമാണ് പേ ടിഎം ശ്രമിക്കുന്നത്. ഏകദേശം 142 കോടി രൂപയ്ക്ക് നൈറ്റ് സ്റ്റേ ഏറ്റെടുക്കാന്‍ കമ്പനി ശ്രമിക്കുന്നതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഹോട്ടലുകളില്‍ ലക്ഷ്വറി, ബിസിനസ് വിഭാഗങ്ങളില്‍ നല്‍കപ്പെടാതെ കിടക്കുന്ന ചുരുക്കം മുറികള്‍ അവസാന നിമിഷത്തില്‍ വിലക്കുറവില്‍ നേടാനുള്ള അവസരമാണ് നൈറ്റ് സ്‌റ്റേ നല്‍കുന്നത്.

2014ലാണ് പേ ടിഎം തങ്ങളുടെ ട്രാവല്‍ ബിസിനസ് ആരംഭിച്ചത്. റെയ്ല്‍, ബസ്, ഫ്‌ളൈറ്റ് എന്നിവയിലായി ഒരു വര്‍ഷം 60 മില്യണ്‍ ടിക്കറ്റുകള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ വിറ്റഴിക്കപ്പെടുന്നുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അന്താരാഷ്ട്ര യാത്രികര്‍ക്കായി ഫോറിന്‍ എക്‌സ്‌ചേഞ്ച് സൗകര്യവും ഈ വര്‍ഷം ആദ്യം പേ ടിഎം ആരംഭിച്ചിട്ടുണ്ട്. 50,000 ഹോട്ടല്‍ മുറികള്‍ ഇപ്പോള്‍ മൊത്തമായി തങ്ങളുടെ പ്ലാറ്റ് ഫോമില്‍ ലഭ്യമാണെന്നാണ് കമ്പനി അധികൃതര്‍ അറിയിക്കുന്നത്.

പേ ടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍ 3,235 കോടിയുടെ വരുമാനമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നാലു മടങ്ങ് വര്‍ധനയായിരുന്നു ഇത്. എന്നാല്‍ മൊത്തം ചെലവിടല്‍ 4,718 കോടി രൂപയായി ഉയര്‍ന്നതിനെ തുടര്‍ന്ന് നഷ്ടം 69 ശതമാനം ഉയര്‍ന്ന് 1,490 കോടി രൂപയിലെത്തി.

Comments

comments

Categories: FK News