25 ശതമാനം കയറ്റുമതി ചെയ്യാന്‍ മാരുതി സുസുകി

25 ശതമാനം കയറ്റുമതി ചെയ്യാന്‍ മാരുതി സുസുകി

2020 ഓടെ ഇന്ത്യയിലെ ആകെ ഉല്‍പ്പാദനം 20 ലക്ഷം യൂണിറ്റില്‍ കൂടുതലായിരിക്കും

ന്യൂഡെല്‍ഹി : ആകെ ഉല്‍പ്പാദനത്തിന്റെ 25 ശതമാനം കയറ്റുമതി ചെയ്യുകയാണ് ലക്ഷ്യമെന്ന് മാരുതി സുസുകി. ആഭ്യന്തര വിപണിയില്‍ ആധിപത്യം തുടരുന്ന മാരുതി സുസുകി അതേസമയം കയറ്റുമതി വര്‍ധിപ്പിക്കണമെന്ന തീരുമാനത്തിലാണ്. 2020 ഓടെ രണ്ട് ലക്ഷം കാറുകള്‍ കയറ്റുമതി ചെയ്യാന്‍ കഴിയുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. എന്നാല്‍ അതില്‍ക്കൂടുതല്‍, 25 ശതമാനമാണ് ലക്ഷ്യം വെയ്ക്കുന്നതെന്ന് മാരുതി സുസുകി ഇന്ത്യ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കെനിച്ചി അയുകാവ പറഞ്ഞു.

2020 ആകുമ്പോഴേയ്ക്കും മാരുതി സുസുകി ഇന്ത്യയുടെയും മാതൃ കമ്പനിയായ സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്റെയും ഇന്ത്യയിലെ ആകെ ഉല്‍പ്പാദനം 20 ലക്ഷത്തില്‍ കൂടുതലായിരിക്കും. പുതിയ വാഹനങ്ങളുമായി പുതിയ വിപണികള്‍ തേടിപ്പോകാനാണ് മാരുതി സുസുകിയുടെ തീരുമാനം.

2017-18 ല്‍ 1,26,074 കാറുകളാണ് മാരുതി സുസുകി ഇന്ത്യ കയറ്റുമതി ചെയ്തത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ 81,000 യൂണിറ്റ് കാറുകള്‍ കയറ്റുമതി ചെയ്യാന്‍ കഴിഞ്ഞു. വരാനിരിക്കുന്ന ബിഎസ് 6, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന കാറുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതോടെ കയറ്റുമതി പിന്നെയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചിലി, ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക, ഉറുഗ്വേ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് മാരുതി സുസുകി ഇന്ത്യ നിലവില്‍ കയറ്റുമതി ചെയ്യുന്നത്. യൂറോപ്പിലേക്കും ജപ്പാനിലേക്കും കയറ്റുമതി ചെയ്യുന്നതും പരിഗണനയിലാണ്.

Comments

comments

Categories: Auto