ജെറ്റ് എയര്‍വേയ്‌സിന്റെ 15% ഓഹരികള്‍ എസ്ബിഐക്ക്

ജെറ്റ് എയര്‍വേയ്‌സിന്റെ 15% ഓഹരികള്‍ എസ്ബിഐക്ക്

വായ്പാ ദാതാക്കളുടെ ഒരു പ്രതിനിധി ഡയറക്റ്റര്‍ ബോര്‍ഡിലേക്ക് എത്തുകയും ചെയ്യും

ന്യൂഡെല്‍ഹി: സാമ്പത്തിക പ്രതിസന്ദി അഭിമുഖീകരിക്കുന്ന വിമാനക്കമ്പനി ജെറ്റ് എയര്‍വേയ്‌സിന്റെ 15 ശതമാനം ഓഹരികള്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്വന്തമാക്കിയേക്കും. തങ്ങളുടെ വായ്പാ ബാധ്യതയ്ക്ക് പകരമായി ഓഹരികള്‍ ഏറ്റെടുക്കുന്നതിനുള്ള നിര്‍ദേശം ജെറ്റ് എയര്‍വേയ്‌സ് എസ്ബി ഐക്ക് മുന്നില്‍ വെച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
1.14 ബില്യണിന്റെ കട ബാധ്യതയുള്ള ജെറ്റ് എയര്‍വേയ്‌സ് മറ്റ് ബജറ്റ് എയര്‍ലൈനുകളില്‍ നിന്നുള്ള കടുത്ത മല്‍സരത്തിലും രൂപയുടെ മൂല്യമിടിവിലും ഉയര്‍ന്ന ഇന്ധനവിലയിലും അകപ്പെട്ട് പ്രതിസന്ധിയിലാകുകയായിരുന്നു. ബാങ്കുകള്‍ക്ക് പുറമേ പൈലറ്റുമാര്‍, പാട്ട ഉടമകള്‍, വിവിധ വില്‍പ്പനക്കാര്‍ എന്നിവര്‍ക്കെല്ലാം കമ്പനി കുടിശിക വരുത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് വായ്പകളെ ഓഹരി പങ്കാളിത്തമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ഓഹരി ഉടമകളുടെ അംഗീകാരം ഇക്കാര്യത്തില്‍ തേടുകയാണെന്ന് ഇക്കഴിഞ്ഞ തിങ്കളാഴ്ച കമ്പനി അറിയിച്ചിരുന്നു.

ഓഹരികള്‍ ഏറ്റെടുക്കാന്‍ എസ്ബി ഐ ഉള്‍പ്പടെയുള്ള വായ്പാദാതാക്കള്‍ തീരുമാനിക്കുകയാണെങ്കില്‍ മൊത്തം 30 ശതമാനം ഓഹരികളാണ് കൈമാറേണ്ടി വരിക. സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി വായ്പാ ദാതാക്കളുടെ ഒരു പ്രതിനിധി ഡയറക്റ്റര്‍ ബോര്‍ഡിലേക്ക് എത്തുകയും ചെയ്യും. ജെറ്റ് എയര്‍വേയ്‌സ് സ്ഥാപകനായ നരേഷ് ഗോയല്‍ തന്റെ ഓഹരി പങ്കാളിത്തം 51 ശതമാനത്തില്‍ നിന്ന് 20 ശതമാനമാക്കി കുറയ്ക്കുന്നതിനാണ് ശ്രമിക്കുന്നത്.

ജെറ്റ് എയര്‍വേയ്‌സില്‍ നിലവില്‍ ഇത്തിഹാദ് എയര്‍വേയ്‌സിനുള്ള ഓഹരി പങ്കാളിത്തം നിലവിലെ 24 ശതമാനത്തില്‍ നിന്ന് 40 ശതമാനമാക്കി ഉയര്‍ത്താനും നീക്കങ്ങള്‍ നടക്കുന്നുണ്ട്. പുതിയ നിക്ഷേപത്തിലൂടെയായിരിക്കും ഇത്തിഹാദ് ഓഹരി പങ്കാളിത്തം ഉയര്‍ത്തുകയെന്നാണ് സൂചന.
ഈ മാസമാണ് എസ്ബിഐ നയിക്കുന്ന ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനുള്ള വായ്പാ തിരിച്ചടവില്‍ ജെറ്റ് എയര്‍വേയ്‌സ് വീഴ്ച വരുത്തിയത്. ഐക്ര ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ കമ്പനിയുടെ റേറ്റിംഗ് കുറയ്ക്കുന്നതിനും ഇത് ഇടയാക്കി. ഇന്ത്യന്‍ വ്യോമയാന വിപണിയില്‍ ആറാം സ്ഥാനത്താണ് നിലവില്‍ ജെറ്റ് എയര്‍വേയ്‌സ് ഉള്ളത്.

ഈ വര്‍ഷം മാര്‍ച്ചോടു കൂടി 737മാക്‌സ് വിമാനങ്ങള്‍ പതിനൊന്നെണ്ണം കൂട്ടിച്ചേര്‍ക്കുന്നതിനാണ് കമ്പനി നേരത്തേ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ അഞ്ചെണ്ണം മാത്രമാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. വായ്പാ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ സമീപ ഭാവിയില്‍ കൂടുതല്‍ എയര്‍ക്രാഫ്റ്റുകള്‍ കൂട്ടിച്ചേര്‍ക്കാനിടയില്ലെന്നാണ് റോയ്‌റ്റേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Comments

comments

Categories: Business & Economy
Tags: Jet Airways, SBI