വില്‍പ്പനയിടിവ് ആപ്പിള്‍ ഐ ഫോണിനു വിലകുറയും

വില്‍പ്പനയിടിവ് ആപ്പിള്‍ ഐ ഫോണിനു വിലകുറയും

ഐ ഫോണ്‍ വില്‍പ്പനയില്‍ 15 ശതമാനം ഇടിവു വന്നതോടെയാണ് കമ്പനിയുടെ പ്രഖ്യാപനം

ആപ്പിള്‍ കമ്പനിയുടെ വരുമാനത്തില്‍ വലിയൊരു ശതമാനം ഐ ഫോണ്‍ വില്‍പ്പനയിലൂടെ കൈവരിക്കുന്നതാണ്. എന്നാല്‍ ഏഷ്യന്‍ വിപണികളിലടക്കം അതിവേഗം വിറ്റുപോയിരുന്ന ഐഫോണിന്റെ വില്‍പ്പനയില്‍ ഇടിവു വന്നതോടെ ആപ്പിളിന്റെ വരുമാനത്തില്‍ അത് വലിയ പ്രത്യാഘാതമുണ്ടാക്കിയിരിക്കുകയാണ്. പുതിയ സാമ്പത്തികപാദത്തില്‍ കമ്പനിയുടെ ലാഭം 15% കുറഞ്ഞു. ഇതോടെ ചില വിപണികളില്‍ ഐഫോണ്‍ വില കുറയ്ക്കുമെന്നാണ് സൂചന.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കമ്പനിയുടെ ആകെ വരുമാനത്തില്‍ അഞ്ചു ശതമാനത്തിന്റ കുറവു രേഖപ്പെടുത്തിയിരിക്കുന്നു. മുന്‍വര്‍ഷത്തെ വരുമാനം 84.3 ബില്യണ്‍ ഡോളറായിരുന്നെങ്കില്‍ ഇപ്പോഴത് 64.5 ബില്യണിലേക്കു താഴ്ന്നിരിക്കുന്നു. പ്രതീക്ഷിച്ച വില്‍പ്പന നടന്നില്ലെന്ന് ആപ്പിള്‍ കമ്പനി ഈ മാസം ആദ്യം നിക്ഷേപകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. മാന്ദ്യത്തെ തുടര്‍ന്ന് വില്‍പ്പന കുറയുമെന്ന് മനസിലാക്കാന്‍ കമ്പനിക്കു കഴിഞ്ഞില്ലെന്ന് ആപ്പിള്‍ കമ്പനി സിഇഒ ടിം കുക്ക്, ഓഹരിയുടമകളെ അറിയിച്ചിരുന്നു.

ചൈനയിലെ സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു വില്‍പ്പനയിടിവ് വന്നിരിക്കുന്നതെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും ഉല്‍പ്പന്നത്തിന്റെ ഉയര്‍ന്ന വില ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് ടിം കുക്ക് സമ്മതിക്കുന്നു. സാങ്കേതിക രംഗത്തെ വെല്ലുവിളികളും എതിരാളികളില്‍ നിന്നുയരുന്ന വെല്ലുവിളികളും ഐ ഫോണിനെ തളര്‍ത്തുന്നുണ്ടെന്നതും വസ്തുതയാണ്.

പ്രധാന പ്രശ്‌നം അപ്ഗ്രഡേഷനു വരുന്ന സങ്കീര്‍ണതകളാണ്. വന്‍തുകയാണ് ഇതിനു ചെലവു വരുന്നത്. സ്വന്തമായ സോഫ്റ്റ്‌വെയര്‍ മാത്രമേ ഉപയോഗിക്കാനാകൂവെന്നതും പല സമൂഹമാധ്യമങ്ങളും ഉപയോഗിക്കാന്‍ ആന്‍ഡ്രോയ്ഡ് ഫോണിനെയപേക്ഷിച്ച് സാധാരണക്കാരന് തുടക്കത്തില്‍ പ്രശ്‌നമനുഭവിക്കേണ്ടി വരുന്നതും പലരെയും വിമുഖരാക്കും. എതിരാളികളായ ബ്രാന്‍ഡുകള്‍ ഉപയോക്താക്കളെ കൈയിലെടുക്കാന്‍ ഐഫോണിന്റേതിനു സമാന ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതും വെല്ലുവിളിയാണ്.

ഐ ഫോണില്‍ ലഭിച്ചിരുന്ന ഫെയ്‌സ്‌ടൈം സോഫ്റ്റ്‌വെയറില്‍ പ്രശ്‌നം കണ്ടെത്തിയത് തിരിച്ചടിയായി. ചില സന്ദര്‍ഭങ്ങളില്‍ ഐഫോണ്‍ റിസീവര്‍ അറിയാതെ വീഡിയോ അയയ്ക്കാന്‍ കഴിയുന്ന സംവിധാനം ചോരുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണിത്. അതിനാല്‍ ആപ്പിളിന്റെ സ്റ്റാറ്റസ് പേജ് ഉപയോക്താക്കള്‍ ഫെയ്‌സ്‌ടൈം വഴിയുള്ള ഗ്രൂപ്പ് കോള്‍ ചെയ്യുന്നത് നിര്‍ത്തിവെക്കുകയുണ്ടായി.

മൊബീല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ 12.1 ഐഒഎസ് വേര്‍ഷനോ പുതിയ ഐഒഎസോ പ്രവര്‍ത്തിക്കുമ്പോള്‍, ആദ്യം നയന്‍ ടു ഫൈവ് മാക് ബ്ലോഗിലാണ് പിഴവ് കണ്ടെത്തിയത്. ഒരു ഐഫോണില്‍ നിന്ന് വിളിക്കപ്പെടുമ്പോള്‍ മാക് ഉപയോക്താക്കളെയും ഇത് ബാധിക്കും. ഈ സോഫ്‌റ്റ്വെയറിന്റെ ഗ്രൂപ്പ് ചാറ്റ് ഫംഗ്ഷന്‍ ഉപയോഗിക്കുന്നതില്‍ വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നു. കോള്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍പ്പോലും, റിസീവറുടെ ഫോണിലെ മൈക്രോഫോണ്‍ സജീവമാക്കാനും ആശയക്കുഴപ്പമുണ്ടാക്കാനും സോഫ്റ്റ്‌വെയര്‍ വഴി സാധിക്കുമായിരുന്നു.

ആഗോള ബ്രാന്‍ഡുകളുടെ വിപണിയെന്ന നിലയില്‍ ചൈനയുടെ വളര്‍ച്ച വികസനത്തില്‍ പ്രധാനപങ്കു വഹിച്ചിരിക്കുന്നു. കാറുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍ തുടങ്ങിയവയുടെ ലോകത്തിലെ ഏറ്റവും വലിയ വിപണിയാണ് രാജ്യം. വിലക്കൂടുതലിനൊപ്പം ഉപകരണങ്ങള്‍ക്കു ചുമത്തുന്ന കൂടിയ നികുതിയും വികസ്വര വിപണികളില്‍ ഐ ഫോണ്‍ വില്‍പ്പനയുടെ വളര്‍ച്ച തടയുന്നു. ചൈനയിലെ ആപ്പിള്‍ വില്‍പ്പന മാന്ദ്യത്തോടെ വലിയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയാണ്. ചൈനയിലാണ് ആപ്പിളിന്റെ ഏറ്റവും വലിയ എതിരാളിയായ ഷാഓമി ചൈനീസ് ഉല്‍പ്പന്നമാണ്. കൂടാതെ സാംസംഗ് അടക്കമുള്ള ബ്രാന്‍ഡുകളുടെ അസംബ്ലിംഗും മുഖ്യമായി ചൈനയിലാണ് നടക്കുന്നത്.

ഡോളര്‍ ശക്തിപ്രാപിച്ചത് വികസ്വര രാജ്യങ്ങളിലെ ഐ ഫോണ്‍ വിപണിയെ ബാധിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ കറന്‍സി മൂല്യം ഡോളറിനെതിരേ ഇടിയുന്നത് ഐ ഫോണ്‍ വില ഉയര്‍ത്തുന്നു. കറന്‍സി വ്യതിയാനങ്ങളുടെ പ്രശ്‌നം നിന്ന് ഉപയോക്താക്കളെ ബാധിക്കുന്നതു തടയാന്‍ ഫോണ്‍ വില പുനര്‍ നിര്‍ണയിക്കാനൊരുങ്ങുകയാണെന്ന് ടിം കുക്ക് അറിയിച്ചു. ഇതിനായി ഏതാനും സ്ഥലങ്ങളില്‍ ചില ഉല്‍പന്നങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിലയില്‍ ഇളവു വരുത്താന്‍ ഉദ്ദേശിക്കുന്നു. ഈ മാസം തന്നെ അത് നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. എങ്കിലും കമ്പനി നേരിടുന്ന വെല്ലുവിളി അത്ര പെട്ടെന്ന് അവസാനിക്കില്ലെന്ന് ജീവനക്കാര്‍ വിശ്വസിക്കുന്നു.

നടപ്പുവര്‍ഷത്തിന്റെ ആദ്യപാദത്തില്‍, അതായത് മാര്‍ച്ച് 31ന് അവസാനിക്കുന്ന മൂന്നു മാസത്തിനുള്ളില്‍ 55- 59 ബില്യണ്‍ ഡോളര്‍ വരുമാനം ലഭിക്കുമെന്നാണ് ആപ്പിള്‍ പ്രവചിച്ചിരുന്നത്. അതായത് വര്‍ഷാവര്‍ഷം 3.4 ശതമാനം ഇടിവ് പ്രതീക്ഷിച്ചിരുന്നു. വളര്‍ന്നുവരുന്ന വിപണികളിലെ ബഹുസാമ്പത്തികഅന്തരീക്ഷം അതേ പോലെ തുടരുന്ന പശ്ചാത്തലത്തിലാണിത്.

ടിം കുക്കിന്റെ പ്രസ്താവന ഇന്ത്യക്കാരുടെ പ്രതീക്ഷ വര്‍ധിപ്പിക്കുകയാണ്. കാരണം, ചൈന കഴിഞ്ഞാല്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക്, പ്രത്യേകിച്ച് ഐ ഫോണുകള്‍ക്ക് വലിയ ഡിമാന്‍ഡുള്ള രാജ്യം ഇന്ത്യയാണ്. ഇപ്പോഴത്തെ ഐ ഫോണ്‍ വില സാധ്യതാ ഉപയോക്താക്കളെ തടയുകയാണ്. ഷാഓമി, ലീക്കോ, വാവെയ് തുടങ്ങിയ ചൈനീസ് ഫോണുകളും സാംസംഗ്, മട്ടൊറോള തുടങ്ങിയ ഫോണുകളും വാങ്ങി തൃപ്തിയടയുകയാണിവര്‍.

ഇതിനെതിരേ പടവെട്ടി ഇവിടെ സാന്നിധ്യമുറപ്പിക്കണമെങ്കില്‍ ആപ്പിള്‍ വില കുറച്ചേ മതിയാകൂ. അതിന് ഇവിടെത്തന്നെ നിര്‍മാണം ശക്തമാക്കണം. മുമ്പ് ചൈനയില്‍ അസംബിള്‍ ചെയ്ത് ഇവിടേക്ക് കയറ്റുമതി ചെയ്യുകയായിരുന്നു ആപ്പിള്‍. എന്നാല്‍ 2017ല്‍ ഇവിടെ ബേസ് ലെവല്‍ ഐ ഫോണുകള്‍ നിര്‍മിക്കാന്‍ തുടങ്ങി. എന്നാല്‍ വില കൂടി ഐഫോണുകളാണ് ഇന്ത്യക്കാര്‍ സ്റ്റാറ്റസ് സിംബലായി കൊണ്ടു നടക്കാന്‍ താല്‍പര്യപ്പെടുന്നത്.

ബംഗളൂരിലെ ഐ ഫോണ്‍ പ്ലാന്റിലും ഐ ഫോണ്‍ നിര്‍മാണ പങ്കാളി ഫോക്‌സ്‌കോണിന്റെ ചെന്നൈയിലെ പ്ലാന്റിലും പ്രീമിയം ഐ ഫോണുകള്‍ നിര്‍മിക്കാനായാല്‍ സെറ്റുകള്‍ വില കുറച്ചു വില്‍ക്കാനാകും. ഇവിടെ നിര്‍മിക്കുന്ന ഫോണുകള്‍ക്ക് ഇറുക്കുമതി തീരുവ ഒഴിവാകുന്നതും ഡോളറിനെതിരേ രൂപയ്ക്കുണ്ടാകുന്ന ചാഞ്ചാട്ടം ഇവിടത്തെ വിപണിവിലയെ ബാധിക്കാത്തതും നേട്ടമാകുന്നതാണ് കാരണം. ഇങ്ങനെയായാല്‍ ഇവിടെ നിര്‍മിക്കുന്ന പ്രീമിയം നിരയിലെ ഐ ഫോണുകള്‍ക്ക് 10,000 രൂപയുടെ കുറവെങ്കിലുമുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു.

ആപ്പിളിന്റെ പോരാട്ടങ്ങള്‍ അസാധാരണമെന്നു പറയാനാകില്ല. കാരണം, ആഗോളതലത്തില്‍ത്തന്നെ സ്മാര്‍ട്ട് ഫോണുകളുടെ കയറ്റുമതി 2018 ല്‍ അഞ്ച് ശതമാനം കുറഞ്ഞിട്ടുണ്ടെന്ന് വിപണി അപഗ്രഥന സ്ഥാപനം കനാലിസ് വ്യക്തമാക്കുന്നു. മാത്രമല്ല, ഒക്‌റ്റോബര്‍ കഴിഞ്ഞതോടെ കമ്പനിയുടെ ഓഹരി വില മൂന്നിലൊന്ന് കുറയുകയും ചെയ്തു. ഐഫോണുകള്‍ക്കായുള്ള ഉപയോക്താക്കളുടെ തള്ളിക്കയറ്റം ദുര്‍ബലപ്പെടുന്നുവോ എന്ന ഓഹരിയുടമകളുടെ ആശങ്കകള്‍ക്കിടയിലാണിത്.

ഓരോ പാദത്തിലും കമ്പനിയുടെ വിവിധ ഉല്‍പ്പന്നങ്ങള്‍ ഇനം തിരിച്ച് എത്രയെണ്ണം വിറ്റുപോയി എന്ന് പ്രസ്താവന നടത്താറുണ്ടായിരുന്നു. വിപണിയിലെ പ്രമുഖ്യം നിലനിര്‍ത്താനും എതിരാളികളുമായി മാല്‍സര്യം കടുപ്പിക്കാനുമായിരുന്നു ഇത് ചെയ്തത്. എന്നാല്‍ ഇത് അവസാനിപ്പിക്കുമെന്ന് കമ്പനി ഉറപ്പു നല്‍കിയിട്ടുണ്ട്. എത്ര ഐഫോണും ഐപാഡുകളും മക്കിന്റോഷ് കംപ്യൂട്ടറുകളും കച്ചവടം നടന്നെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതാണ് അവസാനിപ്പിക്കുന്നത്.

ഇതൊക്കെ പറയുമ്പോഴും ആപ്പിളിന്റെ ഓഹരികള്‍ ചൊവ്വാഴ്ച നാലു ശതമാനത്തില്‍ അധികം നേട്ടമുണ്ടാക്കി. അതേസമയം, ഹോങ്കോംഗ്, തായ് വാന്‍ എന്നിവ ഉള്‍പ്പെടുന്ന ഗ്രേറ്റര്‍ ചൈന മേഖലയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ആദ്യപാദ വില്‍പ്പനയില്‍ 25 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. യൂറോപ്പിലെ ആപ്പിള്‍ വില്‍പ്പന മൂന്നു ശതമാനം ഇടിഞ്ഞു. എന്നാല്‍ കമ്പനിയുടെഏറ്റവും വലിയ വിപണിയായ അമേരിക്കയില്‍ വില്‍പ്പന ഏതാണ്ട് അഞ്ച് ശതമാനം ഉയര്‍ന്നു.

ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍ സേവന മേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ 19 ശതമാനത്തിന്റ കുതിപ്പ് ഉണ്ടായി, 10.9 ബില്യണ്‍ ഡോളര്‍ എന്ന റെക്കോഡ് നേട്ടത്തിലെത്തുകയുണ്ടായി. വര്‍ഷങ്ങള്‍ക്കിടയിലുള്ള ആപ്പിളിന്റെ ഏറ്റവും മോശം പ്രകടനത്തിനിടെ ഓഹരിയുടമകള്‍ക്ക് അല്‍പം ആശ്വാസം നല്‍കുന്ന റിപ്പോര്‍ട്ടാണിത്. പ്രതീക്ഷിത വരുമാനം ലഭിക്കില്ലെന്നു വ്യക്തമാക്കി ഈ മാസം ആദ്യം തന്നെ കമ്പനി പുറപ്പെടുവിച്ച മുന്നറിയിപ്പു പോലും തകര്‍ത്താണ് ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ഓഹരിയുടമകളെ ഐഫോണ്‍ വില്‍പ്പനയിലെ ഇടിവ് സ്വീകരിക്കാന്‍ മതിയായ തയാറെടുപ്പിനു പ്രാപ്തരാക്കി. അതിന്റെ ഫലമായി മൊത്തം വരുമാനത്തില്‍ ഇത് പ്രതിഫലിക്കുകയും ചെയ്തു.

ഐഫോണ്‍ വില്‍പ്പനയിടിവിലെ നഷ്ടം സേവനരംഗത്തെ നേട്ടം കൊണ്ട് സന്തുലിതമാക്കാനായതാണ് കമ്പനിക്ക് ആശ്വാസം നല്‍കിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 19 ശതമാനം കൂടുതലാണിത്. ആപ്പിള്‍ ഇപ്പള്‍ മാറ്റത്തിന്റ പാതയിലാണ്. ഹാര്‍ഡ്‌വെയറിനെ കാര്യമായി ആശ്രയിക്കാതെ മുമ്പോട്ട് പോകാനാണ് അവര്‍ ശ്രദ്ധിക്കുന്നത്. ഈ മാറ്റം നല്ലരീതിയില്‍ മുന്നേറുന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

245 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള സ്ഥാപനത്തിന് പണം വിതച്ച് പണം കൊയ്യാനും കൂടുതല്‍ ഓഹരിയുടമകളെ ആകര്‍ഷിക്കാനുമൊന്നും പ്രയാസമില്ല. കൂടാത വിനോദമേഖലയിലെ വലിയ ഏറ്റെടുക്കലുകള്‍ അവരെ സന്തോഷിപ്പിക്കുകയും ചെയ്യും. എന്തായാലും ഈ ബിസിനസില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് ടിം കുക്ക് ചൂണ്ടിക്കാട്ടുന്നു. ഐപാഡ്, കംപ്യൂട്ടര്‍ എന്നിവയുടെ വില്‍പ്പന വര്‍ധിച്ചതും ആപ്പിള്‍ പേ അടക്കമുള്ള കമ്പനിയുടെ സേവനമേഖലയില്‍ കാണുന്ന വളര്‍ച്ചയും ഇതിന് ഉപോല്‍ബലകമായി അദ്ദേഹം എടുത്തു കാട്ടുന്നു.

ത്രൈമാസിക മൊത്തലാഭം ഒരു ശതമാനത്തില്‍ കുറഞ്ഞ്, 19.97 ബില്യണ്‍ ഡോളറായി. കമ്പനിയുടെ വരുമാനമാര്‍ഗം നഷ്ടപ്പെടുത്തുന്നത് നിരാശാജനകമാണെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആപ്പിളിനെ ലാഭകരമായി നില നിര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ട്. ഈ പാദ ഫലങ്ങള്‍ ബിസിനസിന്റെ അടിത്തറ ശക്തമായി പ്രവര്‍ത്തിക്കുന്നുവെന്ന് തെളിയിക്കുന്നുവെന്നും അവര്‍ അവകാശപ്പെടുന്നു.

Comments

comments

Categories: Tech, Top Stories
Tags: Iphone

Related Articles