ഇന്ത്യന്‍ കമ്പനികളുടെ നിയമനങ്ങള്‍ 31% വര്‍ധിക്കും

ഇന്ത്യന്‍ കമ്പനികളുടെ നിയമനങ്ങള്‍ 31% വര്‍ധിക്കും

രാജ്യത്തെ കമ്പനികളുടെ നിയമന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നീക്കിയിരിപ്പില്‍ 34% വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്

ന്യൂഡെല്‍ഹി: നടപ്പു വര്‍ഷം നിയമന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വിഹിതത്തില്‍ (ചെലവ്) ഇന്ത്യന്‍ കമ്പനികള്‍ 34 ശതമാനം വര്‍ധന വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. നിയമനങ്ങളുടെ എണ്ണത്തില്‍ 31 ശതമാനം വര്‍ധനയുണ്ടായേക്കുമെന്നും ഓണ്‍ലൈന്‍ അസസ്‌മെന്റ് പ്ലാറ്റ്‌ഫോമായ മെര്‍സര്‍ മെറ്റ്‌ലിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം നിയമനങ്ങള്‍ക്കായുള്ള ബജറ്റില്‍ 20 ശതമാനം വര്‍ധനയാണ് രാജ്യത്തെ കമ്പനികള്‍ വരുത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 9,00ത്തോളം റിക്രൂട്ട്‌മെന്റ് വിഭാഗം മേധാവികള്‍ക്കിടിയില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. റിക്രൂട്ട്‌മെന്റ് കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന വൈസ് പ്രസിഡന്റ് സീനിയര്‍ വൈസ് പ്രസിഡന്റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, സി സ്യൂട്ട് എക്‌സിക്യൂട്ടീവുകള്‍, ഡയറക്റ്റര്‍മാര്‍, മാനേജര്‍മാര്‍, എച്ച് ആര്‍ എക്‌സിക്യൂട്ടീവുകള്‍ തുടങ്ങിയവര്‍ സര്‍വേയുടെ ഭാഗമായി.

കമ്പനികളുടെ പ്രകടനം മെച്ചപ്പെടുന്നതില്‍ സാങ്കേതികവിദ്യ നിര്‍ണായക പങ്കുവഹിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തൊഴില്‍ വിപണിയിലെയും നിയമന രംഗത്തെയും മാറ്റങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിന് സാങ്കേതികവിദ്യകള്‍ കമ്പനികളെ സഹായിക്കുകയും ചെയ്യും. ഈ നേട്ടങ്ങള്‍ മതിയായ പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുന്നതിനും അവരെ നിലനിര്‍ത്തുന്നതിനും മാത്രം ഒതുങ്ങുന്നതല്ല. കമ്പനികള്‍ക്ക് തങ്ങളുടെ മാനവവിഭവ ശേഷി ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനും ഇത് സഹായിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

നൈപുണ്യമുള്ള ജീവനക്കാരെ കണ്ടെത്തുന്നതിനായുള്ള നടപടികളില്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് കമ്പനികള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ തടസം മൂലധനത്തിന്റെ അഭാവമാണ്. വിവിധ പദവികളില്‍ മികച്ച ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തുന്നതും നിയമിക്കുന്നതും വളരെ ചെലവേറിയതും ബുദ്ധമുട്ടുള്ളതുമാണ്. ഇത്തരം നടപടികള്‍ക്ക് കൂടുതല്‍ സമയവും ആവശ്യമാണ്.

ഓരോ പദവിയിലും മികച്ച പ്രതിഭകളെ ആകര്‍ഷിക്കുന്നതിനുള്ള മത്സരം ദിനംപ്രതി തീവ്രമായി കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിജയം ഉറപ്പാക്കുന്നതിന് കമ്പനികള്‍ സാങ്കേതികവിദ്യയുടെ ഉപയോഗം വര്‍ധിപ്പിക്കുക എന്നതാണ് ഏക മാര്‍ഗമെന്ന് മെര്‍സര്‍ മെറ്റ്ല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കേതന്‍ കപൂര്‍ പറഞ്ഞു. ഈ വര്‍ഷം പുതിയ പ്രവണതകള്‍ക്ക് സാക്ഷ്യം വഹിക്കുമെന്നും ഇവ വിവിധ മേഖലകളിലെ നിയമന പ്രവര്‍ത്തനങ്ങളില്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമന പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നത് രാജ്യം അഭിമുഖീകരിക്കുന്ന ഒരു സുപ്രധാന വെല്ലുവിളിയാണെന്നാണ് സര്‍വേയില്‍ പങ്കെടുത്ത കമ്പനികള്‍ പറയുന്നത്. നിലവാരമുള്ള ജീവനക്കാരെ കണ്ടെത്തുകയെന്നത് പ്രത്യേകിച്ച് വടക്കന്‍ മേഖലകളിലെ പ്രധാന പ്രശ്‌നമാണെന്നും ഇവര്‍ പറയുന്നു. 84 ശതമാനം പേരാണ് ഈ അഭിപ്രായം പങ്കുവെച്ചത്. ദക്ഷിണേന്ത്യയില്‍ നിയമന കാര്യങ്ങളില്‍ വെല്ലുവിളി നേരിടുന്നുണ്ടെന്ന് 82 ശതമാനം പറഞ്ഞു.

Comments

comments

Categories: FK News