സ്വര്‍ണ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് ആവശ്യം

സ്വര്‍ണ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് ആവശ്യം

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ പത്ത് ശതമാനത്തില്‍ നിന്നും നാല് ശതമാനമായി കുറയ്ക്കണമെന്നാണ് അഖിലേന്ത്യ രത്‌ന, ജുവല്‍റി കൗണ്‍സില്‍ പറയുന്നത്

ന്യൂഡെല്‍ഹി: സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന ആവശ്യവുമായി രത്‌ന, ജുവല്‍റി മേഖലയില്‍ നിന്നുള്ളവര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ പത്ത് ശതമാനത്തില്‍ നിന്നും നാല് ശതമാനമായി വെട്ടികുറയ്ക്കണമെന്നാണ് അഖിലേന്ത്യ രത്‌ന, ജുവല്‍റി കൗണ്‍സില്‍ പറയുന്നത്.

പോളിഷ് ചെയ്ത് രത്‌നക്കല്ലുകളുടെ ഇറക്കുമതി തീരുവ നിലവിലുള്ള 7.5 ശതമാനത്തില്‍ നിന്നും 2.5 ശതമാനമായി കുറയ്ക്കണമെന്നാണ് ആവശ്യം. മേഖലയിലെ പ്രവര്‍ത്തന മൂലധന ആവശ്യകത നിറവേറ്റുന്നതിന് അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ വായ്പാ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയുടെ കറന്റ് എക്കൗണ്ട് കമ്മി (സിഎഡി) നിയന്ത്രിക്കുന്നതിനാണ് സ്വര്‍ണത്തിന് പത്ത് ശതമാനം ഇറക്കുമതി തീരുവ ചുമത്തിയിരുന്നത്. 2017 ജൂണില്‍ ഇന്ത്യയുടെ വ്യാപാര കമ്മി പ്രതീക്ഷിച്ചതിലും അധികം ചുരുങ്ങി 12.96 ബില്യണ്‍ ഡോളറിലേക്ക് പോയിരുന്നു. പക്ഷെ, സ്വര്‍ണ ഇറക്കുമതി തീരുവ ഉയര്‍ന്ന തലത്തില്‍ തന്നെ നിലനില്‍ക്കുന്നതായി അഖിലേന്ത്യ രത്‌ന, ജുവല്‍റി കൗണ്‍സില്‍ ചെയര്‍മാന്‍ അനന്ത പത്മനാഭന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് അയച്ച കത്തില്‍ പറഞ്ഞു.

പാന്‍ കാര്‍ഡ് പരിധി രണ്ട് ലക്ഷം രൂപയില്‍ നിന്നും അഞ്ച് ലക്ഷം രൂപയാക്കി ഉയര്‍ത്തണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് പോലും പാന്‍ കാര്‍ഡില്ല. രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ സ്വര്‍ണം വാങ്ങുന്നതിന് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത് പ്രത്യേകിചട്ച് ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

Comments

comments

Categories: Business & Economy