ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലെ അനന്ത സാധ്യതകള്‍

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലെ അനന്ത സാധ്യതകള്‍

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ചു പണം സമ്പാദിക്കുന്ന കഥകള്‍ നിരവധി കേട്ടിട്ടുള്ളവരാണു നമ്മളില്‍ ഭൂരിഭാഗവും. പക്ഷേ, നമ്മളില്‍ പലരും ഇത്തരത്തില്‍ പ്രായോഗിക തലത്തില്‍ ഏര്‍പ്പെട്ടവര്‍ വളരെ കുറവായിരിക്കും. ഒരുപക്ഷേ ഈ രംഗത്തെ കുറിച്ചുള്ള അജ്ഞതയായിരിക്കാം പലരേയും പിന്‍വലിക്കുന്ന ഘടകം. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ വിജയം കൈവരിക്കണമെങ്കില്‍ ചില പ്രാഥമിക കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. സോഷ്യല്‍ മീഡിയ എക്കൗണ്ട് ഉള്ളതു കൊണ്ടു മാത്രമായില്ല. ആളുകളെ ആകര്‍ഷിച്ച് ഒരു ഉത്പന്നമോ സേവനമോ വില്‍പന നടത്താന്‍ ചില തന്ത്രങ്ങളും ആര്‍ജ്ജിക്കണം.

ഓരോ സ്ഥാപനത്തിനും ഇന്ന് കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചേരണമെങ്കില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സേവനങ്ങള്‍ ഉപയോഗപ്പെടുത്തേണ്ട സാഹചര്യമാണുള്ളത്. മറ്റ് മാര്‍ക്കറ്റിംഗ് രീതികളെ അപേക്ഷിച്ചു ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ചെലവ് കുറവാണെന്നത് ഇതിന്റെ ഒരു പ്രധാനനേട്ടമാണ്. ഇന്നു ജനസംഖ്യയുടെ ഭൂരിഭാഗവും ഇന്റര്‍നെറ്റുമായും, സ്മാര്‍ട്ട്‌ഫോണുമായും ബന്ധമുള്ളവരാണ്. അമേരിക്കയില്‍ കൗമാരപ്രായക്കാരില്‍ 77 ശതമാനവും സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമായുള്ളവരാണ്. അല്ലെങ്കില്‍ മറ്റ് സ്മാര്‍ട്ട് ഡിവൈസുകള്‍ ഉപയോഗിക്കുന്നവരാണ്. ഇവര്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ഭൂരിഭാഗം നേരം സമയം ചെലവഴിക്കുകയും ചെയ്യാറുണ്ട്. ഒരു ഉത്പന്നമോ, സേവനമോ വിപണനം ചെയ്യാന്‍ ഇന്നു സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് രീതി ഉപയോഗപ്പെടുത്താന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നത് ഈയൊരു ഘടകമാണ്.

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ ഒരു പ്രധാനപ്പെട്ട കാര്യമാണു സെര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷന്‍ അഥവാ എസ്ഇഒ(SEO).ഓണ്‍ലൈന്‍ ലോകത്ത് ഏതൊരു ബിസിനസിന്റെയും വിജയത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയായി കണക്കാക്കുന്നതു സെര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷനെയാണ്.

സെര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷന്‍ (എസ്ഇഒ)

ഒരു വെബ്‌സൈറ്റിനെ അല്ലെങ്കില്‍ ഒരു വെബ് പേജിനെ ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എഞ്ചിനുകള്‍ ഉപയോഗിച്ചുള്ള സെര്‍ച്ചില്‍ അഥവാ തിരച്ചിലില്‍ വളരെ വേഗം കണ്ടെത്തപ്പെടുകയും അത് വഴി കൂടുതല്‍ സന്ദര്‍ശകരെ ആ വെബ്‌സൈറ്റിലേക്കോ വെബ് പേജിലേക്കോ എത്തിക്കുകയും ചെയ്യുന്ന പ്രക്രിയയാണു സെര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷന്‍ എന്നത്. ഒരു വെബ്‌സൈറ്റോ സോഷ്യല്‍ മീഡിയ എക്കൗണ്ടോ ഉണ്ടെന്നു കരുതി ഒരിക്കലും ബിസിനസ് അഭിവൃദ്ധി പ്രാപിക്കണമെന്നില്ല. പകരം, സാമ്പത്തിക നേട്ടം കൈവരിക്കണമെങ്കില്‍ വെബ്‌സൈറ്റിനെ റാങ്ക് പട്ടികയുടെ ഏറ്റവും ഉയര്‍ന്ന തലത്തിലെത്തിക്കുകയും വേണം. ഇന്നു നിരവധി സ്ഥാപനങ്ങള്‍ സിഇഒ സേവനം ലഭ്യമാക്കുന്നുണ്ട്. ഇനി എസ്ഇഒയെ ഒരു കരിയറായി സ്വീകരിക്കാനാണു താത്പര്യമെങ്കില്‍ അത് പരിശീലിപ്പിക്കാനും നിരവധി സ്ഥാപനങ്ങളുണ്ട്.

എസ്ഇഒ രംഗത്ത് ഒരു കരിയര്‍ ആരംഭിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എസ്ഇഒയില്‍ കരിയര്‍ ആരംഭിക്കാനും അത് നിലനിര്‍ത്തുവാനും ഒട്ടേറെ പരിശ്രമം ആവശ്യവുമാണ്. അതോടൊപ്പം ഓരോ പുതിയ കാര്യങ്ങളും പഠിക്കാനുള്ള ഒരു അഭിനിവേശം തീര്‍ച്ചയായും ആവശ്യവുമാണ്. എസ്ഇഒയെ ഫ്രീലാന്‍സായി പരിഗണിക്കുന്നവരും ഇന്നു നിരവധിയുണ്ട്. എസ്ഇഒ ഫ്രീലാന്‍സിംഗ് ആരംഭിക്കാന്‍ നിരവധി വഴികളുണ്ട്. ആദ്യം തന്നെ നമ്മള്‍ക്കു സ്വന്തം വെബ്‌സൈറ്റ് ഉണ്ടെങ്കില്‍ അത് ഉപയോഗിച്ച് ഫ്രീലാന്‍സിംഗ് ആരംഭിക്കാവുന്നതാണ്. അതല്ലെങ്കില്‍ ഒരുപാട് ഫ്രീലാന്‍സിംഗ് പ്ലാറ്റ്‌ഫോമുകള്‍ ഓണ്‍ലൈനില്‍ ഉണ്ട്. അവ ഉപയോഗിക്കാവുന്നതാണ്.

എസ്ഇഒയില്‍ ഉപയോഗിക്കാവുന്ന ചില പൊടിക്കൈകള്‍

1) കീവേഡ്:ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗില്‍ കീവേഡുകള്‍ക്കു വളരെയധികം പ്രാധാന്യമുണ്ട്. എസ്ഇഒ ചെയ്യുമ്പോള്‍, ഏത് കാര്യത്തിനാണോ മുന്‍ഗണന കൊടുക്കുന്നത് അതായിരിക്കണം പൊതുവേ കീവേഡായി ഉപയോഗിക്കേണ്ടത്. ഒരാള്‍ ഇന്റര്‍നെറ്റില്‍ ഒരു കാര്യം തിരയുമ്പോള്‍ വാചകങ്ങളോ, പാരാഗ്രാഫുകളോ മുഴുവന്‍ ടൈപ്പ് ചെയ്യാറില്ല. പകരം കീവേഡുകളാണ് അഥവാ സൂചകപദമാണ് ടൈപ്പ് ചെയ്യുന്നത്. അതു കൊണ്ട് ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗില്‍ കീവേഡ് നിര്‍ബന്ധമാണ്. ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എന്‍ജിനുകള്‍ അവരുടെ ഡാറ്റബേസില്‍ കീവേഡുകളെയാണു ശേഖരിച്ചു വയ്ക്കുന്നത്. സെര്‍ച്ച് നടക്കുമ്പോള്‍ ഏത് പദം ഉപയോഗിച്ചാണോ സെര്‍ച്ച് ചെയ്യുന്നത്, ആ പദവുമായി ഏറ്റവുമടുത്ത സാമ്യമുള്ളവയെ യൂസര്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുകയാണു പൊതുവേ ചെയ്യുന്നത്.

2) മത്സരാര്‍ഥിയെ വിശകലനം ചെയ്യല്‍: വിപണിയില്‍ നമ്മളുടെ എതിരാളികള്‍ സ്വീകരിക്കുന്ന തന്ത്രങ്ങള്‍ എന്തെല്ലാമാണെന്നും അവരെ മെച്ചപ്പെട്ട തലത്തിലേക്ക് കൊണ്ടുപോകുന്ന ഘടകങ്ങള്‍ എന്തൊക്കെയാണെന്നും മനസിലാക്കേണ്ടതുണ്ട്. അതിനായി എതിരാളികള്‍ക്കു മേല്‍ എപ്പോഴും ഒരു കണ്ണ് വേണം. ഇതിലൂടെ നമ്മള്‍ക്കു ഗുണനിലവാരമുള്ള കണ്ടന്റ് ക്രിയേറ്റ് ചെയ്യുവാനും സാധിക്കും.

3) പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കാന്‍ ശ്രദ്ധിക്കുക: എസ്ഇഒ ഫ്രീലാന്‍സിംഗ് ഒരിക്കല്‍ ആരംഭിച്ചു കഴിഞ്ഞാല്‍, തീര്‍ച്ചയായും ഈ രംഗത്ത് ഒരുപാട് പ്രവൃത്തിപരിചയം ആര്‍ജ്ജിക്കാന്‍ സാധിക്കും. അതേസമയം, നമ്മളുടെ കക്ഷിയുടെ അഥവാ ക്ലൈന്റിന്റെ പ്രൊജക്റ്റ് കുറ്റമറ്റ രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ നമ്മള്‍ സമയം ചെലവഴിക്കേണ്ടതുമുണ്ട്. ഇതിലൂടെ നമ്മള്‍ക്കു പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കാനുള്ള അവസരവും കൈവരും. ഇതിനു പുറമേ ക്ഷമ ആവശ്യമാണ്, സ്വയം പ്രചോദിപ്പിക്കാനുള്ള മനസും വേണം.

സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് (എസ്എംഎം)

ഒരു ഉത്പന്നത്തെയോ സേവനത്തെയോ പ്രോത്സാഹിപ്പിക്കുന്നതിനു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെയോ, വെബ്‌സൈറ്റുകളെയോ ഉപയോഗിക്കുന്നതിനെയാണു സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് എന്നു പറയുന്നത്. ഇത് അന്തിമമായി, വെബ്‌സൈറ്റിലേക്ക് പ്രവേശിക്കുന്ന ആളുകളുടെ എണ്ണം വര്‍ധിപ്പിക്കാനും അതുവഴി ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനുമുള്ള ഒരു പുതിയ വിപണന തന്ത്രമാണ്. സെര്‍ച്ച് എഞ്ചിന്‍ ഒപ്റ്റിമൈസേഷന്റെ അഥവാ എസ്ഇഒയുടെ ഒരു അവിഭാജ്യഘടകമാണ് എസ്എംഎം. വെബ്‌സൈറ്റിലേക്ക് ട്രാഫിക് വര്‍ധിപ്പിക്കാന്‍ അഥവാ പ്രവേശിക്കുന്ന ആളുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വിവരങ്ങളുടെ അപ്‌ഡേറ്റുകള്‍, ഇമേജ് പോസ്റ്റിംഗ്, വാര്‍ത്തകള്‍, സെയില്‍സ് ക്യാംപെയ്ന്‍ എന്നിവ എസ്എംഎം പങ്കുവയ്ക്കുന്നു.

പേ പെര്‍ ക്ലിക്ക് (പിപിസി)

ആളുകള്‍ പ്രവേശിക്കുന്നതനുസരിച്ച് അഥവാ സന്ദര്‍ശിക്കുന്നതിന്റെ തോത് അനുസരിച്ച് ഓരോ വെബ്‌സൈറ്റിനും സെര്‍ച്ച് എന്‍ജിന്‍ റാങ്ക് ഉണ്ടാവും. സെര്‍ച്ച് എന്‍ജിന്‍ റാങ്കിംഗില്‍ ഏറ്റവും ഉയര്‍ന്ന തലങ്ങളിലെത്താനുള്ള ഉത്തമ മാര്‍ഗമാണ് പിപിസി മാര്‍ക്കറ്റിംഗ് അഥവാ (Pay Per Click) പേ പെര്‍ ക്ലിക്ക്. ഇത് കോസ്റ്റ് പെര്‍ ക്ലിക്ക് എന്നും അറിയപ്പെടുന്നു. ഇതൊരു ഓണ്‍ലൈന്‍ അഡ്വര്‍ഡൈസിംഗ് മോഡലാണ്. ഓരോ ലിങ്ക് ക്ലിക്കിനും പബ്ലിഷര്‍ക്ക്, പരസ്യദാതാവ് പണം നല്‍കുന്നു. ഇന്നു ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ പണം നല്‍കിയുള്ള പരസ്യങ്ങളില്‍ വച്ച് ഏറ്റവുമധികം ഉപയോഗിക്കുന്നത് ഈ പരസ്യ മോഡലാണ്. ഇത്തരം പരസ്യം പ്രധാനമായും രണ്ട് വിഭാഗങ്ങളായിട്ടാണു തരംതിരിച്ചിരിക്കുന്നത്. ഒന്ന് സെര്‍ച്ച് എഞ്ചിന്‍ അഡ്വര്‍ടൈസിംഗ്, രണ്ടാമത്തേത് (Display ads) ഡിസ്‌പ്ലേ അഡ്വര്‍ടൈസിംഗും.

ഇ-മെയ്ല്‍ മാര്‍ക്കറ്റിംഗ്

ഇന്നത്തെ മത്സരാത്മക ലോകത്തില്‍, വിജയം നേടുന്നതിനു പല വഴികളിലൂടെ സഞ്ചരിക്കേണ്ടതുണ്ട്. വിപണനത്തിലെ ഓരോ പുതിയ പ്രവണതകളും മനസിലാക്കുകയും ചെയ്യേണ്ടതുണ്ട്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് ഇ-മെയ്ല്‍ മാര്‍ക്കറ്റിംഗ്.
നിരവധി ഇ-മെയ്ല്‍ വിലാസങ്ങളിലേക്ക് ബിസിനസ് സംബന്ധമായ സന്ദേശങ്ങള്‍ അയയ്ക്കുന്ന പ്രക്രിയയാണ് ഇ-മെയ്ല്‍ മാര്‍ക്കറ്റിംഗ്. ഈ വിശാലമായ അര്‍ഥത്തില്‍ കണക്കാക്കുകയാണെങ്കില്‍, സാധ്യതയുള്ള ക്ലൈന്റിന് അയയ്ക്കുന്ന ഇ-മെയ്‌ലിനെ, ഇ-മെയ്ല്‍ അഡ്വര്‍ടൈസിംഗ് എന്നു വിശേഷിപ്പിക്കാം. പുതിയ സേവനം അല്ലെങ്കില്‍ പുതിയ ഉത്പന്നത്തെക്കുറിച്ച് ഉപഭോക്താവിനെയും മറ്റുള്ളവരെയും അറിയിക്കുക എന്നതാണ് ഇ-മെയ്ല്‍ മാര്‍ക്കറ്റിംഗിന്റെ പ്രാഥമിക ലക്ഷ്യം. പ്രൊമോഷണല്‍ ക്യാംപെയ്‌നുകള്‍ രൂപപ്പെടുത്താനുള്ള എളുപ്പ വഴികളിലൊന്നാണ് ഇത്.

Comments

comments

Categories: Slider, Tech