കിഴക്കോട്ട് കണ്ണുനട്ട് ബിജെപി

കിഴക്കോട്ട് കണ്ണുനട്ട് ബിജെപി

ലോക്‌സഭാ തെരഞ്ഞെടുപ്പ് രണ്ടു മാസം അപ്പുറത്ത് നില്‍ക്കെ രാജ്യത്തെ രാഷ്ട്രീയ സാഹചര്യം ചൂടുപിടിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമടക്കം പ്രധാന നേതാക്കളെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. ഉത്തരേന്ത്യയില്‍ കഴിഞ്ഞ തവണത്തെ ബമ്പര്‍ നേട്ടം ആവര്‍ത്തിക്കാന്‍ സാധ്യത പരിമിതമാണെന്നു തിരിച്ചറിഞ്ഞ ബിജെപി, ഇത്തവണ കിഴക്കേ ഇന്ത്യയിലേക്കും വടക്ക് കിഴക്കന്‍ മണ്ണിലേക്കും തന്ത്രങ്ങള്‍ കേന്ദ്രീകരിക്കുകയാണ്. പശ്ചിമ ബംഗാളിലെയും ഒഡീഷയിലെയും 63 സീറ്റുകളടക്കം മേഖലയിലെ 117 സീറ്റുകളില്‍ കണ്ണുവെച്ചുള്ള തന്ത്രങ്ങള്‍ പാര്‍ട്ടി നടപ്പാക്കാനാരംഭിച്ചു കഴിഞ്ഞു

2014 ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി അത്യധികം പ്രാധാന്യം നല്‍കിയത് ഹിന്ദി ഹൃദയഭൂമിയെന്നറിയപ്പെടുന്ന വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കായിരുന്നു. എന്നാല്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ കിഴക്കന്‍ മേഖലയിലേക്കാണ് പാര്‍ട്ടിയുടെ ശദ്ധ. സമാനമായി, മുന്‍ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിച്ച ഉത്തര്‍പ്രദേശിലെ വാരാണസി തരഞ്ഞെടുപ്പിന്റെ കേന്ദ്രബിന്ദുവായത് പോലെ ഇത്തവണ കൊല്‍ക്കത്തയോ ഒഡീഷയിലെ പുരിയോ രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയെ ആകര്‍ഷിച്ചേക്കാം.

വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലെ അടിത്തറ ഉറപ്പിച്ചു നിര്‍ത്താനും കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനും ബിജെപി ഇത്തവണയും ശ്രമിക്കുമെന്നുറപ്പാണ്. അനുകൂലമായ രാഷ്ട്രീയ സാഹചര്യങ്ങളുടെ പിന്തുണയില്‍, 2014 ലെ തെരഞ്ഞെടുപ്പില്‍ വിജയശതമാനം സാധ്യമായ എറ്റവും ഉയര്‍ന്ന പരിധിക്കടുത്തെത്തിക്കാന്‍ ബിജെപിക്കായിരുന്നു. എന്നാല്‍ ഈ പ്രകടനം ഇത്തവണ ആവര്‍ത്തിക്കുകയെന്നത് കഠിനമായിരിക്കുമെന്നാണ് വിലയിരുത്തല്‍.

രാജ്യത്താകമാനം ശക്തമായ കോണ്‍ഗ്രസ്-യുപിഎ വിരുദ്ധ വികാരം നിലനിന്നിരുന്ന 2014 ലെ രാഷ്ട്രീയ പശ്ചാത്തലം ബിജെപിക്കും എന്‍ഡിഎക്കും അങ്ങേയറ്റം അനുകൂലമായിരുന്നു. മൂന്നാം മുന്നണിയോ ഏതെങ്കിലും രീതിയിലുള്ള പൊതു ധാരണകളോ പ്രാദേശിക പാര്‍ട്ടികള്‍ തമ്മില്‍ അന്നുണ്ടായിരുന്നുമില്ല. ഇത്തരമൊരു സാഹചര്യത്തില്‍, ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎക്ക് കോണ്‍ഗ്രസിനും യുപിഎക്കും ശക്തമായ ബദലായി തങ്ങളെ അവതരിപ്പിക്കാന്‍ കഴിഞ്ഞു. വടക്കേയിന്ത്യയില്‍ മുന്‍പ് തന്നെ ഉണ്ടായിരുന്ന ശക്തമായ അടിത്തറ, രാഷ്ട്രീയ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ പാര്‍ട്ടിയെ സഹായിക്കുകയും ചെയ്തു.

സമാനമായ മുന്‍തൂക്കം 2019 എത്തുമ്പോള്‍ ബിജെപിയുടെ കൈവശമില്ലെന്നതാണ് സത്യം. ഭരണ വിരുദ്ധ വികാരം ഇത്തവണ ബിജെപിക്ക് എതിരാണ് താനും. 2014 ന് ശേഷം തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മികച്ച തിരിച്ചുവരവാണ് നടത്തിയത്. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടി നേടിയ വിജയം ഇതിനു തെളിവാണ്.

ദീര്‍ഘനാളായി ചര്‍ച്ചയിലിരിക്കുന്ന മൂന്നാം മുന്നണി എന്ന ആശയം അവസാനം യാഥാര്‍ത്ഥ്യമാകാന്‍ സാധ്യത കാണുന്നുണ്ട്. ഇത്തവണത്തെ പൊതുതെരഞ്ഞെടുപ്പില്‍ മൂന്നു രാഷ്ടീയ മുന്നണികള്‍ ഉണ്ടാകാനുള്ള സാധ്യതയുമേറി. എന്‍ഡിഎക്കെതിരെ യോജിച്ച് മത്സരിക്കുന്നതിനായി പ്രതിപക്ഷത്തെ ഇരു മുന്നണികള്‍ക്കുമിടയില്‍ ഒരു പൊതുധാരണ രൂപപ്പെടുന്നതായി കാണുന്നുണ്ട്. ഒരു പരിധിവരെ ബിജെപിയുടെ തെരഞ്ഞെടുപ്പ് സാധ്യതകളെ സ്വാധീനിച്ചേക്കാവുന്നതാണ് ഈ സംഭവവികാസങ്ങള്‍, പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍.

പശ്ചിമേന്ത്യയിലും പരമാവധി സീറ്റുകളാണ് 2014 ല്‍ ബിജെപിക്ക് ലഭിച്ചത്. മഹാരാഷ്ട്രയില്‍ ശിവസേനയുടെ രൂപത്തില്‍ ആടിക്കളിക്കുന്ന ഘടകകക്ഷിയാണ് ഇത്തവണ കൂട്ടിനുള്ളത്. പ്രധാനമന്ത്രിയുടെ ജന്മനാടായ ഗുജറാത്തിലാവട്ടെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടു കാലത്തിനിടയിലെ ഏറ്റവും ഭേദപ്പെട്ട നിലയിലാണ് കോണ്‍ഗ്രസ്. ഈ സാഹചര്യത്തില്‍ 2014 ല്‍ നേടിയ സീറ്റുകളെങ്കിലും നിലനിര്‍ത്തുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യം.

ദക്ഷിണേന്ത്യയില്‍ കര്‍ണാടകയ്ക്കു പുറമെ കേരളത്തിലേക്കു മാത്രമാണ് നേരിയ തോതിലെങ്കിലും ബിജെപിക്ക് തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാന്‍ സാധിച്ചത്. കേരളത്തില്‍ ഇത്തവണ ഒന്നോ രണ്ടോ സീറ്റുകളില്‍ വിജയപ്രതീക്ഷ വെച്ചുപുലര്‍ത്തുന്നുമുണ്ട്. കര്‍ണാടകയിലാണെങ്കില്‍ 2014 ലെ തെരഞ്ഞെടുപ്പ് സാഹചര്യത്തിനു വിപരീതമായി കോണ്‍ഗ്രസ്-ജനതാദള്‍ സെക്കുലര്‍ സഖ്യത്തെയാണ് നേരിടേണ്ടി വരിക. ഇവിടെയും 2014 ല്‍ നേടിയ സീറ്റുകള്‍ കുറയാതെ നോക്കുകയെന്നതാവും പാര്‍ട്ടിയുടെ ലക്ഷ്യം. ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളില്‍ ബിജെപി ഇപ്പോഴും ശക്തമായ ഒരു രാഷ്ട്രീയ സംവിധാനമല്ല. ഇതൊക്കെയാണ് പശ്ചിമേന്ത്യയിലേക്കും വടക്കു കിഴക്കന്‍ മേഖലയിലേക്കും പാര്‍ട്ടി തങ്ങളുടെ ശ്രദ്ധ കൂടുതലായി കേന്ദ്രീകരിക്കുന്നതിന് കാരണം. സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനും മറ്റിടങ്ങളിലെ നഷ്ടം പരിഹരിക്കാനും ഈ കിഴക്കു നോക്കി തന്ത്രത്തിലൂടെ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് പാര്‍ട്ടി.

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ത്രിപുര ഒഴികെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുണ്ടായിരുന്നു. ത്രിപുരയാവട്ടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോട്ടയുമായിരുന്നു. എന്നാല്‍, കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടെ ബിജെപി ഇവിടെ കഠിന പ്രയത്‌നം തന്നെ നടത്തിയിട്ടുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വേരുറപ്പിച്ച പാര്‍ട്ടി, കോണ്‍ഗ്രസിനെയും കമ്യൂണിസ്റ്റ്് പാര്‍ട്ടിയെയും പറിച്ചെറിയുക കൂടി ചെയ്തു.

ദേശീയതലത്തില്‍ അവഗണിക്കപ്പെടുന്നുവെന്ന ഒരു ധാരണ എപ്പോഴും വടക്കുകിഴക്കന്‍ മേഖലയ്ക്കുണ്ടായിരുന്നു. ഒരു പക്ഷേ പല ദശാബ്ദങ്ങള്‍ക്കുശേഷം ആദ്യമായി ഡെല്‍ഹി ആസ്ഥാനമായി ഭരണം നടത്തുന്ന കേന്ദ്രസര്‍ക്കാര്‍ തങ്ങള്‍ക്കും വില കല്‍പ്പിക്കുന്നുവെന്ന ബോധം ഇപ്പോള്‍ അവര്‍ക്കുണ്ടായിട്ടുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനം ലക്ഷ്യമാക്കി പല വമ്പന്‍ പദ്ധതികളും നരേന്ദ്രമോദി സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്്. ഇതില്‍ പലതും മുന്‍ഗണനാ ക്രമത്തില്‍ പൂര്‍ത്തിയാക്കപ്പെട്ടിട്ടുമുണ്ട്. മേഖലയില്‍ നടത്തിയ കഠിനാധ്വാനത്തിന്റെ ഫലം പ്രയോജനപ്പെടുത്താനും സഖ്യകക്ഷികളുമായി ചേര്‍ന്ന് ഭൂരിപക്ഷം സീറ്റുകളിലും വിജയം നേടാനും ബിജെപി പരിശ്രമിക്കും.

ഒഡീഷ, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളുള്‍പ്പെടുന്ന കിഴക്കേ ഇന്ത്യയില്‍ ആകെ 117 ലോക്‌സഭാ സീറ്റുകളാണുള്ളത്. 2014 ല്‍ എന്‍ഡിഎക്ക് ഇവിടെ നിന്ന് 46 സീറ്റുകള്‍ ലഭിച്ചിരുന്നു. 37 സീറ്റുകളിലാണ് ബിജെപി വിജയം കണ്ടത്. ഇവയില്‍ ഭൂരിഭാഗവും പാര്‍ട്ടിക്ക് ശക്തമായ അടിത്തറയും ഭരണവുമുള്ള ബിഹാറിലും ഝാര്‍ഖണ്ഡിലുമാണ്. പശ്ചിമബംഗാളിയെലും ഒഡീഷയിലെയും 63 സീറ്റുകളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ബിജെപി/എന്‍ഡിഎക്ക് വിജയം നേടാനായത്. ഈ മേഖലയില്‍ തങ്ങളുടെ ശക്തി വീണ്ടെടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കഴിയാതിരിക്കുകയും അപ്രധാനമായ രാഷ്ട്രീയ ശക്തിയായി പാര്‍ട്ടി പരിഗണിക്കപ്പെടുകയും ചെയ്യുന്നു. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയും ഇരു സംസ്ഥാനങ്ങളിലും അധികാരത്തിലുള്ള, കരുത്തരായ പ്രാദേശിക പാര്‍ട്ടികളുമായി നേരിട്ടുള്ള മത്സരമാവും ഇത്തവണ മേഖലയെ ശ്രദ്ധേയമാക്കുക.

ബീഹാറില്‍ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി 22 സീറ്റുകളിലാണ് വിജയം വരിച്ചത്. എന്‍ഡിഎക്ക് ആകെ 31 സീറ്റുകളും ലഭിച്ചു. എന്‍ഡിഎ-യുപിഎ-ജെഡി(യു) ത്രികോണമത്സരം നടന്ന തെരഞ്ഞെടുപ്പ് എന്‍ഡിഎക്ക് അനുകൂലമായി തീരുകയായിരുന്നു. പ്രധാന പ്രതിയോഗികളായ യുപിഎയും എന്‍ഡിഎയും തമ്മില്‍ തന്നെയായിരിക്കും ഇത്തവണയും നേരിട്ടുള്ള ഏറ്റുമുട്ടല്‍ നടക്കുക. പിണക്കമവസാനിപ്പിച്ച് എന്‍ഡിഎയില്‍ തിരിച്ചെത്തിയ നിതീഷ് കുമാറിന്റെ ജെഡി(യു)വിന്റെ സ്വാധീനം മൂലം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ച സീറ്റുകള്‍ അധികം ആയാസമില്ലാതെ നിലനിര്‍ത്താനാവുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നു.

ഝാര്‍ഖണ്ഡില്‍ ആകെയുള്ള 14 സീറ്റുകളില്‍ ബിജെപി 12 സീറ്റും ഷിബു സോറന്റെ യുപിഎ ഘടകകക്ഷിയായ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) രണ്ടു സീറ്റുകളുമാണ് കരസ്ഥമാക്കിയത്. ഭരണ കാലാവധി പൂര്‍ത്തിയാക്കാനൊരുങ്ങുന്ന ആദ്യത്തെ ബിജെപി സര്‍ക്കാരാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. അഴിമതി ആരോപണങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലാത്ത രഘുബര്‍ദാസിന്റെ സര്‍ക്കാര്‍, ബിജെപിക്ക് ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സജീവ പ്രതീക്ഷ നല്‍കുന്നു.

ബിജെപിയുടെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് പദ്ധതികളില്‍ തന്ത്രപരമായ പ്രാധാന്യമുള്ള സംസ്ഥാനമാണ് ഒഡീഷ. കഴിഞ്ഞ 19 വര്‍ഷങ്ങളായി സംസ്ഥാന ഭരണം കൈയാളുന്ന നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാ ദളിന് (ബിജെഡി) ഇവിടെ ശക്തമായ വേരോട്ടമാണുള്ളത്. 2014 ല്‍ ആകെയുള്ള 21 സീറ്റുകളില്‍ 20 ഉം ബിജെഡി നേടിയപ്പോള്‍ ഒരു സീറ്റ് മാത്രമാണ് ബിജെപിക്ക് ലഭിച്ചിരുന്നത്. 19 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി ബിജെഡി ഭരണവിരുദ്ധ വികാരം നേരിടുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. ദീര്‍ഘകാലമായി അധികാരത്തിലിരിക്കുന്ന ബിജെഡി, ഭരണ സംവിധാനത്തില്‍ ആഴത്തില്‍ സ്ഥാനമുറപ്പിക്കുകയും ഇത് എല്ലാ തലങ്ങളിലും അഴിമതിയും സ്വജന ക്ഷപാതവും വളരാന്‍ കാരണമായതായും വിലയിരുത്തപ്പെടുന്നു. രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും പ്രതികൂല സാഹചര്യമാണ് പാര്‍ട്ടിക്കുള്ളിലും നവീന്‍ പട്‌നായിക്ക് നേരിടുന്നത്. മുതിര്‍ന്ന നേതാക്കള്‍ പലരും പാര്‍ട്ടി വിട്ടുപോയിട്ടുണ്ട്. ദീര്‍ഘകാലം സംസ്ഥാനം ഭരിച്ചിരുന്ന കോണ്‍ഗ്രസ് മൂന്നാം കക്ഷിയായി പിന്തള്ളപ്പെട്ടു കഴിഞ്ഞു. കുറെ വര്‍ഷങ്ങളായി നടത്തിയ നിരന്തര പരിശ്രമത്തിലൂടെ സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷപാര്‍ട്ടിയായി സ്വയം അവതരിപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പും പാര്‍ലമെന്റ് തെരഞ്ഞെടുപ്പും ഒരുമിച്ച് നടക്കുന്ന ഒഡീഷയില്‍ ഇത്തവണ നിര്‍ണായക മുന്നേറ്റം നടത്താമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.

ഒഡീഷയുടെ ധാര്‍മിക തലസ്ഥാനമായ പുരിയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണ ജനവിധി തേടുമെന്ന ചര്‍ച്ച അടുത്തിടെ മാധ്യമങ്ങളില്‍ സജീവമായിട്ടുണ്ട്. പുരിയില്‍ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ള ജഗന്നാഥ ക്ഷേത്രം ഒഡീഷയിലെ മാത്രമല്ല അയല്‍ സംസ്ഥാനങ്ങളിലെയും ദശലക്ഷകണക്കിന് ഹൈന്ദവ വിശ്വാസികളുടെ വിശ്വാസ കേന്ദ്രമാണ്. 2014 ല്‍ ഹൈന്ദവ പുണ്യസ്ഥലമായ വാരാണസിയില്‍ നിന്ന് മത്സരിക്കാന്‍ മോദി എടുത്ത തീരുമാനം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ, പ്രത്യേകിച്ച് ഉത്തര്‍പ്രദേശിനെ കൈയിലെടുക്കാന്‍ ധാരാളമായിരുന്നു. കാശി വിശ്വനാഥന്റെ ഭൂമികയിലേതിന് സമാനമായ ആവേശം ഒഡീഷയിലും അയല്‍ സംസ്ഥാനങ്ങളിലും സൃഷ്ടിക്കാന്‍, ജഗന്നാഥന്റെ മണ്ണിലെ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം സഹായകമായേക്കും. ബിജെഡിക്കെതിരെയുള്ള ഭരണ വിരുദ്ധ വികാരവും മോദിയുടെ സ്വാധീനവും പ്രയോജനപ്പെടുത്തി സംസ്ഥാനത്ത് കൂടുതല്‍ സീറ്റുകള്‍ നേടാനും ബിജെപി ഉറപ്പായും ശ്രമിച്ചേക്കും.

42 ലോക്‌സഭാ സീറ്റുകളുള്ള പശ്ചിമബംഗാളാണ് ഇത്തവണത്തെ ബിജെപി വിജയ സാധ്യത കണക്കാക്കുന്ന മറ്റൊരു കിഴക്കന്‍ സംസ്ഥാനം. പശ്ചിമബംഗാളില്‍ സമീപ വര്‍ഷങ്ങളായി മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന ബിജെപി, കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും മറികടന്നുകൊണ്ട് സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയാകുന്നതില്‍ വിജയിച്ചിട്ടുണ്ട്. പ്രാദേശിക ബിജെപി നേതാക്കള്‍ മുതല്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ വരെയുള്ള നേതാക്കള്‍, തൃണമൂല്‍ കോണ്‍ഗ്രസിനെയും മമതാ ബാനര്‍ജിയെയും ആക്രമിക്കാന്‍ കിട്ടുന്ന എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തുന്നു. കോണ്‍ഗ്രസ് വിട്ടുവന്ന തന്ത്രജ്ഞനായ ഹിമന്ത ബിശ്വ ശര്‍മ ബിജെപിക്കായി അസമില്‍ ചെയ്തത്, മമതയെ ഉപേക്ഷിച്ചെത്തിയ മുകുള്‍ റോയ് പശ്ചിമബംഗാളില്‍ ചെയ്യുമെന്ന് വിശ്വസിക്കുന്ന പല രാഷ്ട്രീയ വിദഗ്ധരുമുണ്ട്. ഇത്തവണത്തെ തെരഞ്ഞെടുപ്പു പദ്ധതികളില്‍ ബിജെപി വലിയ പ്രാധാന്യം നല്‍കുന്ന സംസ്ഥാനമാണ് പശ്ചിമബംഗാളെന്നതില്‍ തര്‍ക്കമില്ല. നരേന്ദ്ര മോദി ഒരു പക്ഷേ പുരിയില്‍ നിന്ന് മത്സരിച്ചില്ലെങ്കില്‍ പോലും അമിത് ഷാ കൊല്‍ക്കത്തയില്‍ നിന്ന് മത്സരിക്കാനുള്ള സാധ്യത വലുതാണ്. ഇത് സംസ്ഥാനത്തെ രാഷ്ട്രീയാന്തരീഷത്തില്‍ നാടകീയമായ മാറ്റങ്ങള്‍ വരുത്താന്‍ കാരണമായേക്കും. അയല്‍ സംസ്ഥാനങ്ങളിലും ഇതിന്റെ പ്രഭാവം ഉണ്ടാകും. ഈ കിഴക്കോട്ടു നോക്കല്‍ തന്ത്രം വിജയിക്കുകയാണെങ്കില്‍ മറ്റു സ്ഥലങ്ങളിലുണ്ടായേക്കാവുന്ന തിരിച്ചടികളെ പാര്‍ട്ടിക്ക് ഒരുവിധം മറികടക്കാനാകും. ചില സഖ്യകക്ഷികള്‍ കൂടി എന്‍ഡിഎയിലേക്ക് എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിക്കുമ്പോള്‍ 2019 ബിജെപിയെ സംബന്ധിച്ച് വലിയ ആശങ്ക നല്‍കുന്നില്ലെന്നതാണ് വാസ്തവം.

(രാഷ്ട്രീയ ഗവേഷകനാണ് ലേഖകന്‍)

Comments

comments

Categories: FK Special, Slider
Tags: BJP, election