204 ബില്യണ്‍ ഡോളറിന്റെ കരാറുകളില്‍ ഒപ്പ് വെച്ച് സൗദി, നിര്‍മ്മാണമേഖലയില്‍ ഇളവുകള്‍ക്കും നീക്കം

204 ബില്യണ്‍ ഡോളറിന്റെ കരാറുകളില്‍ ഒപ്പ് വെച്ച് സൗദി, നിര്‍മ്മാണമേഖലയില്‍ ഇളവുകള്‍ക്കും നീക്കം

എണ്ണവ്യാപാരത്തിലുള്ള ആശ്രയത്വം അവസാനിപ്പിക്കാനും സൗദി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി മുഹമ്മദ് ബിന്‍ സല്‍മാന്‍ 2016ല്‍ അവതരിപ്പിച്ച സാമ്പത്തിക പദ്ധതിയുടെ ഭാഗമാണ് എന്‍ഐഡിഎല്‍പി

റിയാദ്: എണ്ണയിതര സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ നിക്ഷേപങ്ങള്‍ രാജ്യത്തേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ 204 ബില്യണ്‍ റിയാലിന്റെ പുതിയ കരാറുകളില്‍ സൗദി അറേബ്യ ഒപ്പുവെച്ചു. നിര്‍മ്മാണമേഖലയില്‍ കൂടുതല്‍ ഇളവുകള്‍ ലഭ്യമാക്കാനും സൗദി തീരുമാനിച്ചിട്ടുണ്ട്. എണ്ണ വ്യാപാരത്തിലധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയെ മറ്റ് വരുമാനമാര്‍ഗങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ 10 വര്‍ഷത്തെ സമഗ്രപദ്ധതിയാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി രാഷ്ട്രം ആസൂത്രണം ചെയ്തിരിക്കുന്നത്.

ദേശീയ വ്യവസായ വികസന ലോജിസ്റ്റിക്‌സ് പദ്ധതി (എന്‍ഐഡിഎല്‍പി)യിലൂടെ ഖനനം, വ്യവസായം, ലോജിസ്റ്റിക്‌സ്, ഊര്‍ജ്ജ മേഖലകളില്‍ നിക്ഷേപങ്ങള്‍ക്കുള്ള അവസരങ്ങളാണ് സൗദി അറേബ്യ തുറന്നിട്ടിരിക്കുന്നത്. എണ്ണവ്യാപാരത്തിലുള്ള ആശ്രയത്വം അവസാനിപ്പിക്കാനും സൗദി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ 2016ല്‍ അവതരിപ്പിച്ച സാമ്പത്തിക പദ്ധതിയുടെ ഭാഗമാണ് എന്‍ഐഡിഎല്‍പി.

2030 ഓടെ ഖനന, വ്യവസായ, ലോജിസ്റ്റിക്‌സ്, ഊര്‍ജ്ജ മേഖലകളില്‍ നിന്നുമുള്ള ജിഡിപി വിഹിതം 320 മില്യണ്‍ ഡോളറാക്കി ഉയര്‍ത്തുക, 426 ബില്യണിലധികം നിക്ഷേപങ്ങള്‍ ഈ മേഖലയില്‍ ഉണ്ടാക്കുക, എണ്ണയിതര കയറ്റുമതിയുടെ വ്യാപ്തി 260 ബില്യണിലധികമായി വര്‍ധിപ്പിക്കുക എന്നിവയാണ് എന്‍ഐഡിഎല്‍പി പദ്ധതിയുടെ ലക്ഷ്യം. ഏകദേശം 1.6 മില്യണിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

സൈനിക വ്യവസായ സഹകരണവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് എയറോസ്‌പേസ് ഡിഫന്‍സ് കമ്പനിയായ തെയ്ല്‍സുമായും ബെല്‍ജിയത്തിലെ സിഎംഐ ആയും സൗദി കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

സാമൂഹിക നിയന്ത്രണങ്ങളില്‍ അയവ് വരുത്തി സമ്പദ്ഘടനയ്ക്ക് പുതിയ ദിശ നല്‍കുക എന്നതാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ ആശയം. ഇതിനോടകം തന്നെ നിരവധി പരിഷ്‌കാരനടപടികള്‍ സൗദിയില്‍ നടപ്പായിക്കഴിഞ്ഞു. അതേസമയം അഴിമതിയെ തുടര്‍ന്ന് പുറത്താക്കപ്പെട്ട രാജകുടുംബാംഗങ്ങള്‍, ബിസിനസുകാര്‍, യെമനുമായി നടക്കുന്ന യുദ്ധം, മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിയുടെ വധം എന്നീ വിഷയങ്ങള്‍ സൗദിയിലെ പുതിയ നേതൃത്വത്തിന്റെ പരിഷ്‌കാരനടപടികള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി.

Comments

comments

Categories: Arabia

Related Articles