ജനപ്രിയ പദ്ധതികള്‍ക്ക് ഒരു ലക്ഷം കോടി വേണ്ടി വന്നേക്കും

ജനപ്രിയ പദ്ധതികള്‍ക്ക് ഒരു ലക്ഷം കോടി വേണ്ടി വന്നേക്കും

കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് നാളെ;

ന്യൂഡെല്‍ഹി: പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്ന പദ്ധതികള്‍ക്ക് ഒരു ലക്ഷം കോടി രൂപയെങ്കിലും അധികമായി കണ്ടെത്തേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. ബജറ്റ് കമ്മി കുറയ്ക്കാനുള്ള പദ്ധതികളെ ഈ അധിക ധനവ്യയം പ്രതികൂലമായി ബാധിക്കുമെന്നും വിലയിരുത്തലുണ്ട്.

അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ കാലിടറിയ പശ്ചാത്തലത്തില്‍ ഗ്രാമീണ, കാര്‍ഷിക മേഖലയുടെ പ്രശ്‌നങ്ങളിലേക്കാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മോദിക്ക് മേല്‍ക്കൈയുണ്ടാകുമെന്നു തന്നെയാണ് അഭിപ്രായ സര്‍വേകള്‍ വിലയിരുത്തുന്നതെങ്കിലും, ജനപ്രിയ തീരുമാനങ്ങളുണ്ടായില്ലെങ്കില്‍ പോരാട്ടം കടുക്കും. കര്‍ഷകരെ ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രഖ്യാപനങ്ങള്‍ നാളെ അവതരിപ്പിക്കാനിരിക്കുന്ന ഇടക്കാല ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കര്‍ഷകരുടെ എക്കൗണ്ടുകളിലേക്ക് നേരിട്ട് പണമെത്തിക്കുക, പലിശ രഹിത വായ്പകള്‍ ഉറപ്പാക്കുക തുടങ്ങിയ നടപടികള്‍ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. നികുതിയിളവുകള്‍, തൊഴില്‍ സംവരണം, പ്രാദേശിക ബിസിനസിന് അനുകൂലമായ നയങ്ങള്‍ എന്നിവയും പരിഗണനയിലുണ്ട്. സാര്‍വത്രിക അടിസ്ഥാന വരുമാനമാണ് പ്രതീക്ഷിക്കുന്ന മറ്റൊരു വലിയ പരിപാടി. തെരഞ്ഞെടുപ്പ് കമ്മീഷന്‍, തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കുന്നതിനു മുന്‍പ്, മാര്‍ച്ച് അല്ലെങ്കില്‍ ഏപ്രില്‍ മാസത്തില്‍ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

പൂര്‍ണ ബജറ്റല്ലെന്ന് സര്‍ക്കാര്‍

നാളെ അവതരിപ്പിക്കുന്നത് ഇടക്കാല ബജറ്റെന്ന് സര്‍ക്കാരിന്റെ സ്ഥിരീകരണം. ഫെബ്രുവരി ഒന്നിന് സമ്പൂര്‍ണ ബജറ്റായിരിക്കും അവതരിപ്പിക്കുക എന്ന റിപ്പോര്‍ട്ടുകളാണ് സര്‍ക്കാര്‍ തള്ളിയത്. ലോക്‌സഭ പുറത്തിറക്കിയ പ്രൊവിഷണല്‍ കലണ്ടറാണ് ഇടക്കാല ബജറ്റായി ഇതിനെ തരംതിരിച്ചിരിക്കുന്നത്. കേവലം വോട്ട് ഓണ്‍ എക്കൗണ്ട് ആയിരിക്കില്ലെന്നും പാരമ്പര്യങ്ങള്‍ വിട്ടുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഹ്രസ്വ കാലത്തേയ്ക്ക് സര്‍ക്കാരിന്റെ ചെലവുകള്‍ ഫണ്ട് ചെയ്യാനുള്ള മാര്‍ഗമാണ് വോട്ട് ഓണ്‍ എക്കൗണ്ട്’. ചെലവുകള്‍ മാത്രം പരാമര്‍ശിക്കുന്ന ധനാഭ്യര്‍ത്ഥനയായ ഇത് ചര്‍ച്ച കൂടാതെ ലോക്‌സഭയ്ക്ക് പാസ്സാക്കാം. ഇടക്കാല ബജറ്റില്‍ ചെലവുകളും വരുമാനവും ഉള്‍പ്പെടും. വോട്ട് ഓണ്‍ എക്കൗണ്ടില്‍ ക്ഷേമപരിപാടികളോ നികുതി പ്രഖ്യാപനങ്ങളോ ഇളവുകളോ ഒന്നും ഉണ്ടായിരിക്കില്ല. എന്നാല്‍ ഇടക്കാല ബജറ്റില്‍ ഇവയ്ക്ക് സ്ഥാനമുണ്ട്.

Comments

comments

Categories: Current Affairs, Slider