ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി വേദാന്ത

ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി വേദാന്ത

മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 60,000 കോടി രൂപയും ദക്ഷിണാഫ്രിക്കയില്‍ 8,500 കോടി രൂപയും നിക്ഷേപിക്കാനാണ് പദ്ധതി

ന്യൂഡെല്‍ഹി: ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും വമ്പന്‍ നിക്ഷേപം നടത്താന്‍ വേദാന്ത റിസോഴ്‌സസ് ലിമിറ്റഡ് തയാറെടുക്കുന്നു. ദക്ഷിണാഫ്രിക്കയില്‍ 8,500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് വേദാന്ത റിസോഴ്‌സസ് ലിമിറ്റഡ് പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യത്ത് കമ്പനിയുടെ ഖനന ബിസിനസ് വിപുലീകരിക്കുന്നതിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് ഈ നിക്ഷേപം വിനിയോഗിക്കുക.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 60,000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് കമ്പനിയുടെ പദ്ധതി. ഇന്ത്യയില്‍ ഇതുവരെ 2.34 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി നടത്തിയിട്ടുള്ളത്. വേദാന്ത റിസോഴ്‌സസ് ലിമിറ്റഡ് ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍ ആണ് പുതിയ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ 70-ാം റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസയുടെ ഉന്നതതല പ്രതിനിധി സംഘത്തിന്റെ ഭാഗമായിരുന്നു അനില്‍ അഗര്‍വാളെന്നും കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു.

ദക്ഷിണാഫ്രിക്കയുടെ വളര്‍ച്ചയില്‍ വേദാന്ത നല്‍കിയിട്ടുള്ള സംഭാവനകളെ റമഫോസ തന്നെ അംഗീകരിച്ചിട്ടുണ്ട്. നോര്‍ത്തേണ്‍ കേപ് പ്രവിശ്യയിലെ ഗംസ്‌ബെര്‍ഗ് സിന്‍ക് മൈനില്‍ വേദാന്ത നടത്തിയിട്ടുള്ള 1.6 ബില്യണ്‍ ഡോളര്‍ നിക്ഷേപം മേഖലയിലെ വ്യാവസായിക-സാമ്പത്തിക വികസനത്തില്‍ പുതിയ തരംഗം സൃഷ്ടിച്ചതായി റമഫോസ പറഞ്ഞു. 1.6 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തില്‍ ഏകദേശം 400 മില്യണ്‍ ഡോളറോളം ചെലവഴിച്ചു കഴിഞ്ഞെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ പ്രസിഡന്റ് റമഫോസയുടെ പ്രതിനിധി സംഘത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലും ഇന്ത്യന്‍ മണ്ണിലേക്ക് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സഹകാരികളെയും സ്വീകരിക്കാന്‍ സാധിച്ചതിലും അഭിമാനമുണ്ടെന്ന് അനില്‍ അഗര്‍വാള്‍ പറഞ്ഞു. ഇതിനോടകം 3,000 കോടി രൂപയുടെ നിക്ഷേപം വേദാന്ത ദക്ഷിണാഫ്രിക്കയില്‍ നടത്തികഴിഞ്ഞു. ഏകദേശം 30,000 കോടി രൂപയോളമാണ് ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കമ്പനി നടത്തിയിട്ടുള്ള നിക്ഷേപമെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യയുടെ പ്രഥമ പ്രകൃതി വിഭവ കമ്പനിയെന്ന നിലയില്‍ തങ്ങള്‍ രാജ്യത്തോട് കാണിക്കുന്ന അതേ പ്രതിബദ്ധത തന്നെ ദക്ഷിണാഫ്രിക്കയോടും കമ്പനിക്കുണ്ട്. ഭാവിയില്‍ ഖനന നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ ദക്ഷിണാഫ്രിക്കയെ മാറ്റുമെന്നും അനില്‍ അഗര്‍വാള്‍ പറഞ്ഞു. ഇരു രാജ്യങ്ങളിലെയും ആവശ്യകത നിറവേറ്റുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിനും സഹായിക്കാനുള്ള ശേഷി ഇന്ത്യയിലെയും ദക്ഷിണാഫ്രിക്കയിലെയും തങ്ങളുടെ ബിസിനസുകള്‍ക്കുണ്ടെന്ന ആന്മവിശ്വാസവും വേദാന്ത പ്രകടിപ്പിച്ചു.

Comments

comments

Categories: Business & Economy