ഇന്ത്യയില്‍ ബ്രാന്‍ഡ് മൂല്യത്തില്‍ ഒന്നാമന്‍ ടാറ്റ ഗ്രൂപ്പ്

ഇന്ത്യയില്‍ ബ്രാന്‍ഡ് മൂല്യത്തില്‍ ഒന്നാമന്‍ ടാറ്റ ഗ്രൂപ്പ്

ഉയര്‍ന്ന മൂല്യമുള്ള ആഗോള ബ്രാന്‍ഡുകളില്‍ ആദ്യ നൂറില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ ബ്രാന്‍ഡ് ആണ് ടാറ്റ ഗ്രൂപ്പ്

  • ആഗോള ബ്രാന്‍ഡ് റാങ്കിംഗില്‍ കഴിഞ്ഞ വര്‍ഷം 104-ാം സ്ഥാനത്തായിരുന്ന ടാറ്റ ഗ്രൂപ്പ് ഈ വര്‍ഷം 86-ാം സ്ഥാനത്ത് ഇടംപിടിച്ചു
  • ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ മികച്ച പ്രകടനമാണ് ടാറ്റ ഗ്രൂപ്പിന്റെ ബ്രാന്‍ഡ് മൂല്യം ഉയര്‍ന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ളത്
  • ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള ബ്രാന്‍ഡ് ആമസോണ്‍ ആണ്. 87,905 മില്യണ്‍ ഡോളറാണ് കമ്പനിയുടെ ബ്രാന്‍ഡ് മൂല്യം
  • ആപ്പിളാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. ടെക് ഭീമന്‍ ഗൂഗിള്‍ മൂന്നാം സ്ഥാനത്തും നിലയുറപ്പിച്ചു

മുംബൈ: ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള ബ്രാന്‍ഡായി ടാറ്റ ഗ്രൂപ്പ്. കമ്പനിയുടെ ബ്രാന്‍ഡ് മൂല്യത്തില്‍ 37 ശതമാനം വര്‍ധനയാണ് ഈ വര്‍ഷം ഉണ്ടായത്. ഇതോടെ ബ്രാന്‍ഡ് മൂല്യം 19.5 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ന്നെന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്‍സി സംരംഭം ബ്രാന്‍ഡ് ഫിനാന്‍സ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്രാന്‍ഡ് മൂല്യത്തില്‍ മുന്നിലുള്ള 100 ആഗോള ബ്രാന്‍ഡുകളില്‍ ടാറ്റയും ഉള്‍പ്പെട്ടിട്ടുണ്ട്. 2018ലെ പട്ടികയില്‍ 104-ാം സ്ഥാനത്തായിരുന്ന ടാറ്റ ഗ്രൂപ്പ് ഈ വര്‍ഷം 86-ാം സ്ഥാനത്ത് ഇടംപിടിച്ചു. ലോകത്തിലെ ഉയര്‍ന്ന മൂല്യമുള്ള ബ്രാന്‍ഡുകളില്‍ ആദ്യ നൂറില്‍ ഇടം നേടിയിട്ടുള്ള ഒരേയൊരു ഇന്ത്യന്‍ ബ്രാന്‍ഡ് ആണ് ടാറ്റ.

ടാറ്റ ഗ്രൂപ്പിന്റെ ബ്രാന്‍ഡ് മൂല്യത്തില്‍ അതിശയിപ്പിക്കുന്ന വര്‍ധനയാണ് ഈ വര്‍ഷം ഉണ്ടായത്. അന്താരാഷ്ട്ര ബ്രാന്‍ഡ് റാങ്കിംഗില്‍ ആദ്യ 100ല്‍ ഇടം നേടുന്ന ഏക ഇന്ത്യന്‍ ബ്രാന്‍ഡ് എന്ന നേട്ടത്തിന് ഇത് കമ്പനിയെ അര്‍ഹമാക്കിയതായും ബ്രാന്‍ഡ് ഫിനാന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് ഹയ്യാ പ്രസ്താവനയിലൂടെ അറിയിച്ചു. ഉപ്പ് തൊട്ട് സോഫ്റ്റ്‌വെയര്‍ ഗ്രൂപ്പ് വരെയുള്ള ബിസിനസ് സാമ്രാജ്യമാണ് ടാറ്റ. സോഫ്റ്റ്‌വെയര്‍ വിഭാഗമായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ മികച്ച പ്രകടനമാണ് ടാറ്റ ഗ്രൂപ്പിന്റെ ബ്രാന്‍ഡ് മൂല്യം ഉയര്‍ന്നതില്‍ വലിയ സംഭാവന ചെയ്തിട്ടുള്ളതെന്നും ഡേവിഡ് ഹയ്യാ പറഞ്ഞു. ഓട്ടോമോട്ടീവ്, സ്റ്റീല്‍ കമ്പനികളുടെ പ്രകടനവും ബ്രാന്‍ഡ് മൂല്യം ഉയരാന്‍ സഹായിച്ചിട്ടുണ്ടെന്ന് ഹയ്യാ കൂട്ടിച്ചേര്‍ത്തു.

ഈ അംഗീകാരം ആഗോള തലത്തില്‍ സാമൂഹിക ഉത്തരവാദിത്തത്തോടെ തങ്ങളുടെ ബിസിനസിനെ നയിക്കുന്നതിന് കമ്പനിക്ക് പ്രോത്സാഹനമാകുമെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പ്രതികരിച്ചു. ഇന്നൊവേഷനിലൂടെയും സംരംഭകത്വത്തിലൂടെയും മികവ് തെളിയിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കമ്പനി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള ബ്രാന്‍ഡ് ആമസോണ്‍ ആണ്. 2018ല്‍ 150,811 മില്യണ്‍ ഡോളറായിരുന്ന കമ്പനിയുടെ ബ്രാന്‍ഡ് മൂല്യം ഈ വര്‍ഷം 24.6 ശതമാനം വര്‍ധിച്ച് 187,905 മില്യണ്‍ ഡോളറായി. 153,634 മില്യണ്‍ ഡോളര്‍ ബ്രാന്‍ഡ് മൂല്യവുമായി പട്ടികയില്‍ ആപ്പിളാണ് രണ്ടാം സ്ഥാനത്തുള്ളത്. ടെക് ഭീമന്‍ ഗൂഗിള്‍ മൂന്നാം സ്ഥാനത്തും നിലയുറപ്പിച്ചു. 142,755 മില്യണ്‍ ഡോളറാണ് ഗൂഗിളിന്റെ ബ്രാന്‍ഡ് മൂല്യം.

119,595 മില്യണ്‍ ഡോളര്‍ ബ്രാന്‍ഡ് മൂല്യമുള്ള മൈക്രോസോഫ്റ്റ് ആണ് നാലാം സ്ഥാനത്തുള്ളത്. കഴിഞ്ഞ വര്‍ഷത്തെ റാങ്കിംഗില്‍ മൈക്രോസോഫ്റ്റ് ആറാം സ്ഥാനത്തായിരുന്നു. സാംസംഗിനെയും (5) എടി ആന്‍ഡ് ടിയെയും (6) പിന്നിലാക്കിയാണ് മൈക്രോസോഫ്റ്റ് നാലാം സ്ഥാനത്തെത്തിയത്. സാംസംഗിന്റെ ബ്രാന്‍ഡ് മൂല്യം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് (-)1.1 ശതമാനം ഇടിഞ്ഞു. ഫേസ്ബുക്ക്, ഐസിബിസി, വെരിസോണ്‍, ചൈന കണ്‍സ്ട്രക്ഷന്‍ ബാങ്ക് എന്നിവയാണ് ആദ്യ പത്തില്‍ ഇടം നേടിയ മറ്റ് ബ്രാന്‍ഡുകള്‍. കഴിഞ്ഞ വര്‍ഷം പട്ടികയില്‍ 9-ാം സ്ഥാനത്തായിരുന്ന വാള്‍മാര്‍ട്ട് ഈ വര്‍ഷം 11-ാം സ്ഥാനത്തേക്ക് പോയി.

Comments

comments

Categories: Business & Economy
Tags: Tata Group