സ്ട്രാറ്റജികള്‍ വെറും നേരമ്പോക്കല്ല; പയറ്റി തെളിഞ്ഞവ തന്നെ

സ്ട്രാറ്റജികള്‍ വെറും നേരമ്പോക്കല്ല; പയറ്റി തെളിഞ്ഞവ തന്നെ

സംരംഭകര്‍ തങ്ങളുടെ വ്യവസായത്തെ സംബന്ധിച്ച് അവശ്യം ചെയ്യേണ്ട ബൃഹത്ത് അവലോകനമായ PESTEL നെ കുറിച്ചാണ് ഇത്തവണ സംസാരിക്കുന്നത്. രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും സാങ്കേതികവും പാരിസ്ഥിതികവും നിയമപരവുമായ ഘടകങ്ങള്‍ യഥാസമയം അവലോകനം ചെയ്ത് സാഹചര്യങ്ങള്‍ക്കനുസരിച്ച് സംരംഭത്തെ വൈവിധ്യവല്‍ക്കരിക്കുകയോ ചുവടുമാറ്റുകയോ ചെയ്യേണ്ട ആവശ്യകതയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. മുരടിച്ചു പോയ പല വ്യവസായങ്ങള്‍ക്കും പിന്നില്‍ വേണ്ടവിധം വിശകലനനം നടത്താത്തതിന്റെയും വിവിധ മേഖലകളിലേക്ക് പടര്‍ന്നു വളര്‍ന്ന പല സംരംഭങ്ങള്‍ക്കും പിന്നില്‍ സമര്‍ത്ഥമായ തന്ത്രം മെനയലിന്റെയും പശ്ചാത്തലമുണ്ട്.

രണ്ടു ദിവസം മുന്‍പ് നടന്ന ഒരു സംഭവമാണ് ഇന്നത്തെ സ്ട്രാറ്റജിയുടെ ഉപോത്ബലകം. വിപണിയിലെ പരാജയവും വിജയവും അതിന്റെ പാരമ്യത്തില്‍ കണ്ട ഒരു നല്ല മനുഷ്യന്‍ ജീവന്‍ വെടിഞ്ഞു. എനിക്ക് ഇത് വ്യക്തിപരമായ നഷ്ടം കൂടി ആണ്. എന്ത് കൊണ്ടെന്നാല്‍, അദ്ദേഹത്തിന്റെ സംരംഭം തകര്‍ച്ചയിലായിരിക്കുമ്പോഴും ഇടക്ക് വിജയത്തിന്റെ പാതയില്‍ വന്നപ്പോഴും സ്ട്രാറ്റജിയുടെ/തന്ത്രങ്ങളുടെ ആവശ്യകതയെക്കുറിച്ചു സംസാരിച്ചിരുന്നു. ഓരോ പ്രാവശ്യവും, ‘ജി ഞാന്‍ ഒന്ന് എന്റെ ദൈനം ദിന പ്രശ്‌നങ്ങളില്‍ നിന്ന് കരകയറട്ടെ എന്നിട്ട് നോക്കാം,’ എന്നായിരുന്നു മറുപടി. താല്‍ക്കാലികമായി വിജയത്തിലേക്ക് വന്നപ്പോള്‍ ‘ഇപ്പൊ കുഴപ്പം ഇല്ലാതെ പോകുന്നുണ്ട്, അപ്പൊ പിന്നെ എന്തിനാ ഇത്തരം കാര്യങ്ങളൊക്കെ കൊണ്ടുവന്നു തലപുകയ്ക്കുന്നത് ജി,’ എന്നായി. ഇപ്പോള്‍ അദ്ദേഹം നമ്മെ വിട്ടു പിരിയാന്‍ ഒരു പ്രധാന കാരണം നിയമങ്ങളില്‍ വന്ന ചില മാറ്റങ്ങളാണ്. പല വ്യാപാര വ്യവസായ സ്ഥാപനങ്ങളിലും സ്ട്രാറ്റജിക് ഡയറക്ടര്‍ അല്ലെങ്കില്‍ സ്ട്രാറ്റജിക് ഹെഡ് എന്ന പദവി വെറും ആലങ്കാരികമല്ല. അവരുടെ കീഴില്‍ ഒരു സംഘം പ്രവര്‍ത്തിക്കുന്നത് വിവിധ തരത്തില്‍ ഉള്ള തന്ത്രങ്ങള്‍ വിലയിരുത്തി പ്രാവര്‍ത്തികമാക്കി ആവശ്യമായ കാലാനുസൃത വ്യത്യാസങ്ങള്‍ വരുത്തിയാണ്. ഇങ്ങനെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനവും ഒരു പ്രതിസന്ധിഘട്ടത്തിലും തകരുകയില്ല. നമ്മള്‍ കഴിഞ്ഞ കുറെ ആഴ്ചകളിലായി ചര്‍ച്ച ചെയ്യുന്ന തന്ത്രങ്ങള്‍ ഒന്നും വെറുതെ എംബിഎ വിദ്യാര്‍ത്ഥികള്‍ക്ക് പഠിച്ചു മാര്‍ക്ക് വാങ്ങുവാന്‍ മാത്രമുള്ളതല്ല. ഇവയെല്ലാം ആയിരക്കണക്കിന് വ്യത്യസ്തങ്ങളായ മേഖലകളില്‍ പരീക്ഷിച്ചു വിജയിച്ച ശേഷം പഠനത്തിന്റെ ഭാഗഭാക്കായതാണ്. ഇന്ന് നമ്മള്‍ വളരെ പ്രസക്തമായ ഒരു തന്ത്രത്തെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്.

PESTEL Analysis

കഴിഞ്ഞ വാരം നമ്മള്‍ ചര്‍ച്ചചെയ്ത SWOT ഒരു സൂക്ഷ്മമായ കാഴ്ചപ്പാടില്‍ ആണെങ്കില്‍ PESTEL ബൃഹത്തായ അവലോകനമാണ്. ആറ് ഘടകങ്ങളാണ് ഇതില്‍ സമ്മേളിച്ചിരിക്കുന്നത്.

P=Political
E= Economical
S= Social
T=Technological
E= Environment
L= Legal

രാഷ്ട്രീയമായ, സാമൂഹികമായ അല്ലെങ്കില്‍ നിയമപരമായ എന്തെല്ലാം മാറ്റങ്ങള്‍ ഹ്രസ്വ, മധ്യ, ദീര്‍ഘ കാലങ്ങളില്‍ പ്രതീക്ഷിക്കുന്നെന്നും അവയ്ക്ക് എന്തു പരിഹാരം തേടാം, എത്ര സാമ്പത്തിക ഭാരം ഉണ്ടാകും എന്നിവയെല്ലാം മനസ്സിലാക്കി ആവശ്യമായ സ്രോതസ്സുകള്‍ കണ്ടെത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

നമ്മള്‍ക്കറിയാം അന്താരാഷ്ട്ര ഭീമനായ കൊക്ക കോളക്ക് ഇന്ത്യയില്‍ നിന്ന് ഒറ്റ ദിവസം കൊണ്ട് കെട്ട് കെട്ടേണ്ടി വന്നത് രാഷ്ട്രീയ മാറ്റങ്ങള്‍ കൊണ്ടാണ്. അത് കൊണ്ട് അവര്‍ തകര്‍ന്നു പോകുകയൊന്നുമുണ്ടായില്ല. എന്ത് കൊണ്ടെന്നാല്‍, ഇത്തരം അവിചാരിതങ്ങളെ നേരിടാന്‍ ഉള്ള പദ്ധതി അവര്‍ നേരത്തെ തന്നെ ആവിഷ്‌കരിച്ചിരുന്നു അത് പോലെ തന്നെ വളരെയധികം ചിന്തിക്കേണ്ട ഒരു മേഖലയാണ് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍. കുറഞ്ഞത് ആറ് മുതല്‍ എട്ടു വര്‍ഷം മുന്‍പ് തന്നെ പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും കര്‍ശന നിയമങ്ങളും വരാന്‍ തുടങ്ങിയിരുന്നു. ഇതില്‍ പ്രവര്‍ത്തിക്കുന്ന ഭീമന്മാര്‍ വേറെ വ്യാപാര മേഖലകളിലേക്ക് ചുവടുവെച്ചു കൊണ്ട് സ്വന്തം തടി കേടാകാതെ രക്ഷപെട്ടു. ഇപ്പോള്‍ ബുദ്ധിമുട്ടുന്നത് ദീര്‍ഘ വീക്ഷണം ഇല്ലാത്ത ചില ചെറുകിട വ്യവസായികള്‍ ആണ്.

PESTEL വളരെ കാര്യക്ഷമമായി ഉപയോഗിച്ചതിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളിലൊന്ന് കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ടൊബാക്കോ കമ്പനിയാണ് (ഐടിസി). പുകവലിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ ബോധവല്‍ക്കരണം തുടങ്ങിയ സമയത്തു തന്നെ അവര്‍ വിവിധ മേഖലകളിലെ സാധ്യതകളെ കുറിച്ച് പഠിക്കാനാരംഭിക്കുകയും കുറേശ്ശെയായി ചുവടുകള്‍ മാറ്റാന്‍ ആരംഭിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ഭാരതത്തില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ കനത്ത നികുതി വ്യവസ്ഥകളും നിയന്ത്രണങ്ങളും കൊണ്ടുവരാന്‍ തുടങ്ങിയപ്പോഴും യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ അവരുടെ വ്യാപാരം പൂര്‍വാധികം ശക്തിയോടെ മുന്നേറി.

ടെക്‌നോളജിയില്‍ വന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളാതെ എതിര്‍പ്പുകളുമായി നിന്നതിന്റെ നേര്‍ക്കാഴ്ചയാണ് കേരളത്തിലെ വ്യാവസായിക മുരടിപ്പ്. അടുത്ത കാലത്തായി കുറെ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും നഷ്ടപ്പെട്ട വിലപ്പെട്ട കാലഘട്ടം ഇനി ഒരിക്കലും തിരിച്ചു ലഭിക്കില്ല. ടെക്‌നോളജിയില്‍ വന്ന മാറ്റങ്ങള്‍ മനസ്സിലാക്കാതെ, അത് എങ്ങനെ പ്രയോജനപ്പെടുത്താം എന്നൊന്നും ആലോചിക്കാതെ ഇപ്പോഴും പഴയ രീതിയില്‍ തന്നെ പരസ്യം നല്‍കിക്കൊണ്ടിരിക്കുന്ന എത്രയോ വ്യാപാര സ്ഥാപനങ്ങള്‍ ഉണ്ട്. ഇത് എത്രമാത്രം പ്രതികൂലമായി തങ്ങളെ ബാധിക്കും എന്ന് അവര്‍ മനസ്സിലാക്കുന്നില്ല.

സാമ്പത്തിക മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുക എന്നതാണ് ഇവയില്‍ വളരെ പ്രധാനം. അടച്ചുപൂട്ടിയ സമ്പദ് വ്യവസ്ഥയില്‍ നിന്നും ഭാരതം തുറന്ന സമ്പദ് വ്യവസ്ഥയിലേക്ക് മാറിയപ്പോള്‍ സത്യത്തില്‍ വളരെ വിശാലമായ ഒരു ലോകമാണ് തുറന്നു കിട്ടിയത്. പക്ഷേ അത് തിരിച്ചറിയാതെ, വിദേശികളുമായി ഞങ്ങള്‍ക്ക് മത്സരിക്കാന്‍ പറ്റുന്നില്ല… ഈ സമ്പദ് വ്യവസ്ഥ ശരിയല്ല… എന്നൊക്കെ പഴി പറയുകയാണ് പലരും. ഈ പ്രവണത നേരത്തെ തന്നെ മനസ്സിലാക്കി അതിനു വേണ്ട മാറ്റങ്ങള്‍ കൊണ്ട് വരുകയോ അല്ലെങ്കില്‍ വേറെ മേഖലയിലേക്ക് കടക്കുകയോ ചെയ്തവര്‍ തീര്‍ച്ചയായും നല്ല കയ്യടി അര്‍ഹിക്കുന്നു. കേരളത്തിന്റെ കുത്തകയായ നാളികേരത്തിന്റെ കാര്യം തന്നെ എടുത്താല്‍, തെങ്ങുകളുടെ എണ്ണത്തില്‍ നാം മുന്നിലാണെങ്കിലും നാളികേരത്തിന്റെ ഉല്‍പ്പാദനത്തില്‍ തമിഴ്‌നാടാണ് ഒന്നാമത്. ഇതിന്റെ പ്രധാന കാരണം അവര്‍ കൃഷിയില്‍ വളരെ നല്ല വിധത്തില്‍ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നു എന്നുള്ളതാണ്.

പ്രായോഗികമായി PESTEL ഉപയോഗിക്കേണ്ട വിധം ലേഖനത്തോടൊപ്പം ബോക്‌സില്‍ കൊടുക്കുന്നു. നിങ്ങളുടെ വ്യാപാര, വ്യവസായവുമായി ബന്ധപ്പെടുത്തി ഇത് ഒന്ന് ഉപയോഗിച്ച് നോക്കൂ

ഒരിക്കല്‍ കൂടി പറയാനുള്ളത്, പ്രതിപാദിക്കുന്ന തന്ത്രങ്ങള്‍ എന്റെ തന്നെ ഉപഭോക്താക്കള്‍ പല സംരംഭങ്ങളിലും പ്രയോഗിച്ചു പയറ്റി തെളിഞ്ഞവയാണെന്നതാണ്. അതുകൊണ്ട് പൂര്‍ണ മനസ്സോടെ നിങ്ങള്‍ക്ക് ഇവ പ്രയോഗിച്ചു നോക്കാം.

(കല്യാണ്‍ജി പേര്‍സണല്‍ ബിസിനസ് കോച്ചും സ്റ്റാര്‍ട്ടപ്പ് സ്ട്രാറ്റജി കണ്‍സള്‍ട്ടന്റുമാണ്. അദ്ദേഹത്തെ Kalyanji@startupconsulting.net.in എന്ന ഇ മെയില്‍ ഐഡിയില്‍ ബന്ധപ്പെടാം. Whatsapp: +91-9495854409)

Comments

comments

Categories: FK Special, Slider
Tags: startups