ശ്രീശാന്തിനെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി

ശ്രീശാന്തിനെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി

ന്യൂഡെല്‍ഹി: മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. ആജീവനാന്തവിലക്ക് അഞ്ച് വര്‍ഷമാക്കി ചുരുക്കാന്‍ മാത്രമേ ശ്രീശാന്തിന് അപേക്ഷ നല്‍കാനാകൂയെന്നും വേറൊന്നും ചോദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ശ്രീശാന്തിന്റെ സ്വഭാവം മോശമായിരുന്നില്ലേ എന്നും അറസ്റ്റിലാകുന്ന സമയത്ത് കയ്യില്‍ ഇത്രയധികം പണം എന്തിനാണ് കരുതിയതെന്നും കോടതി ചോദിച്ചു.

ഐ.പി.എല്‍ കോഴക്കേസില്‍ പൊലീസിനോട് കുറ്റം സമ്മതിച്ചതെന്തിനാണെന്നും കോടതി ആരാഞ്ഞു. ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്തവിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ശ്രീശാന്ത് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇപ്രകാരം ചോദിച്ചത്.

അതേസമയം ഒരു അനാഥാലയത്തിന് നല്‍കാനാണ് കയ്യില്‍ കൂടുതല്‍ പണം കരുതിയതെന്നും പൊലീസ് മര്‍ദ്ദിച്ചതുകൊണ്ടാണ് കുറ്റം സമ്മതിച്ചതെന്നും താന്‍ നിരപരാധിയാണെന്നും ശ്രീശാന്ത് കോടതിയില്‍ വ്യക്തമാക്കി.

കൂടുതല്‍ രേഖകള്‍ ഹാജരാക്കാനുണ്ടെന്നും അതിനാല്‍ സമയം അനുവദിക്കണമെന്നും ശ്രീശാന്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കോടതി കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി വച്ചു.

Comments

comments

Categories: Sports
Tags: Sreesanth