എംബിഎസ് ഇന്ത്യയിലേക്ക്; എണ്ണയും നിക്ഷേപവും അജണ്ടയില്‍

എംബിഎസ് ഇന്ത്യയിലേക്ക്; എണ്ണയും നിക്ഷേപവും അജണ്ടയില്‍

ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന ഫണ്ടിലേക്ക് നിക്ഷേപം പ്രഖ്യാപിച്ചേക്കും; എണ്ണവില പിടിച്ചു നിര്‍ത്താനുതകുന്ന കരാറുകള്‍ക്കും സാധ്യത; പാശ്ചാത്യ ലോകം അകല്‍ച്ച കാണിക്കുന്ന സാഹചര്യത്തില്‍ എംബിഎസ് ഏഷ്യയിലേക്ക് നോക്കുന്നു

  • ഇന്ത്യക്കാവശ്യമായ എണ്ണയുടെ 17 ശതമാനവും ഇറക്കുമതി ചെയ്യുന്നത് സൗദി അറേബ്യയില്‍ നിന്ന്
  • 2017-18 സാമ്പത്തിക വര്‍ഷം ഉഭയകക്ഷി വ്യാപാരം 9.56 ശതമാനം വര്‍ധിച്ച് 27.48 ബില്യണ്‍ ഡോളറിലെത്തി
  • സൗദിയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 10.50 ശതമാനം വര്‍ധിച്ച് 22.06 ബില്യണ്‍ ഡോളറായി
  • സൗദിയിലേക്കുള്ള കയറ്റുമതി 5.88 ശതമാനം ഉയര്‍ന്ന് 5.41 ബില്യണ്‍ ഡോളറിലേക്കെത്തി

ന്യൂഡെല്‍ഹി: സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (എംബിഎസ്) വൈകാതെ ഇന്ത്യ സന്ദര്‍ശിക്കും. സന്ദര്‍ശന തിയതി നിശ്ചയിച്ചിട്ടില്ലെങ്കിലും മിക്കവാറും ഫെബ്രുവരിയില്‍ തന്നെ അദ്ദേഹം എത്താനാണ് സാധ്യതയെന്ന് വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ മേഖലയിലടക്കം നിക്ഷേപം നടത്താന്‍ താല്‍പ്പര്യമുണ്ടെന്ന് നേരത്തെ വ്യക്തമാക്കിയിരിക്കുന്ന സൗദി കിരീടാവകാശിയുടെ സന്ദര്‍ശനം ഏറെ പ്രതീക്ഷയോടെയാണ് രാജ്യം നോക്കിക്കാണുന്നത്. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദക രാഷ്ട്രത്തിലെ ഭരണാധികാരിയുടെ സന്ദര്‍ശനം, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രിച്ചു നിര്‍ത്താനും ഊര്‍ജ്ജ മേഖലയില്‍ വലിയ കരാറുകളിലെത്താനും കേന്ദ്ര സര്‍ക്കാരിനെ സഹായിക്കുമെന്നാണ് സൂചന. ഇറാനും വെനിസ്വേലക്കും മേലുള്ള അമേരിക്കയുടെ ഉപരോധത്തിന്റെ ആഘാതം തടയാനും ഇത് സഹായകമായേക്കും.

തന്ത്രപരമായ ഇന്ത്യ-സൗദി ഉഭയകക്ഷി ബന്ധത്തെ കൂടുതല്‍ ഉയര്‍ന്ന തലത്തിലേക്ക് പരിവര്‍ത്തനം സഹായിക്കുന്നതാകും എംബിഎസിന്റെ സന്ദര്‍ശനം എന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. രാജ്യ സുരക്ഷ, ഭീകരവാദത്തിനെതിരായ പോരാട്ടം എന്നിവയിലും ഈ സഹകരണം നിര്‍ണായകമാണ്. കഴിഞ്ഞ നവംബറില്‍ അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സില്‍ വെച്ച് നടന്ന ജി-20 സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, എംബിഎസിനെ കണ്ട് പ്രത്യേകം ചര്‍ച്ച നടത്തിയിരുന്നു. ഊര്‍ജ്ജം, പ്രതിരോധം, ഭക്ഷ്യ സുരക്ഷ, ഉല്‍പ്പാദനം തുടങ്ങിയ മേഖലകളില്‍ അടുത്ത രണ്ട്-മൂന്ന് വര്‍ഷത്തേക്ക് ശക്തമായ നിക്ഷേപം നടചത്താമെന്ന ഉറപ്പാണ് മോദിക്ക് എംബിഎസ് നല്‍കിയത്. ഇന്ത്യയുടെ ദേശീയ അടിസ്ഥാനസൗകര്യ വികസന ഫണ്ടിലേക്ക് നിക്ഷേപം നടത്താമെന്നും ടെക്‌നോളജി, കൃഷി എന്നീ മേഖലകളിലും സഹായം നല്‍കാമെന്നും കിരീടാവകാശി ഉറപ്പ് നല്‍കിയിരുന്നു. മാധ്യമ പ്രവര്‍ത്തകനും സൗദി ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകനുമായിരുന്ന ജമാല്‍ ഖഷോഗ്ഗിയുടെ വധത്തെ തുടര്‍ന്ന ഉച്ചകോടിയില്‍ മിക്കവാറും ലോക നേതാക്കള്‍ എംബിഎസില്‍ നിന്ന് മുഖം തിരിച്ചതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സൗഹൃദം കൂടുതല്‍ ശക്തമാക്കിയിരുന്നത്. ചൈന, ജപ്പാന്‍, പാകിസ്ഥാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലേക്കും സന്ദര്‍ശനം നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന എംബിഎസ്, ആദ്യ യാത്ര ഇന്ത്യയിലേക്കാക്കിയിരിക്കുന്നതിന്റെ പിന്നില്‍ മോദിയുമായുള്ള ഈ അടുത്ത ബന്ധവും കാരണമാണ്. പാശ്ചാത്യ ലോകം അകല്‍ച്ച കാണിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയടക്കം ഏഷ്യന്‍ രാജ്യങ്ങളുമായി കൂടുതല്‍ അടുക്കാനും നിക്ഷേപങ്ങള്‍ നടത്താനും എംബിഎസ് തീരുമാനിച്ചിരിക്കുന്നത്.

ചൈന, യുഎസ്, യുഎഇ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ. 2016 എപ്രില്‍ മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദര്‍ശനം ഈ സൗഹൃദത്തെ കൂടുതല്‍ കരുത്തുറ്റതാക്കിയിരുന്നു. 2018 ഏപ്രില്‍-ഒക്‌റ്റോബര്‍ കാലയളവില്‍ 19.64 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയത്. കയറ്റുമതിയില്‍ ഇന്ത്യയുടെ പതിനഞ്ചാമത്തെ വലിയ വിപണിയാണ് സൗദി. ഇന്ത്യയുടെ കയറ്റുമതിയുടെ 1.85 ശതമാനവും സൗദിയിലേക്കാണ്. അതേസമയം സൗദിയുടെ ആകെ കയറ്റുമതിയുടെ 8.88 ശതമാനം ഇന്ത്യയില്‍ നിന്നാണ്. പ്രധാനമായും പെട്രോളിയം ഉല്‍പ്പന്നങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. സൗദി അറേബ്യ ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം 1.4 ബില്യണ്‍ മൂല്യമുള്ള 322 ഇന്ത്യന്‍ കമ്പനികളാണ് ഗള്‍ഫ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യയിലെ വിദേശ നിക്ഷേപത്തില്‍ 48 ാം സ്ഥാനമാണ് നിലവില്‍ സൗദിക്കുള്ളത്. സൗദി പെട്രോകെമിക്കല്‍ വമ്പനായ സാബിക്ക്, ബെംഗളൂരുവില്‍ 100 ദശലക്ഷം ഡോളര്‍ ചെലവില്‍ ഗവേഷണ കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. സൗദി പൊതുമേഖലാ എണ്ണക്കമ്പനിയായ അരാംകോയുടെ ഇന്ത്യന്‍ യൂണിറ്റ് 2017 ല്‍ ആരംഭിക്കുകയും രത്‌നഗിരി റിഫൈനറീസിന്റെ 50 ശതമാനം ഓഹരികള്‍ 44 ബില്യണ്‍ ഡോളറിന് വാങ്ങുകയും ചെയ്തിരുന്നു.

Comments

comments

Categories: FK News, Slider