ഇന്ത്യയിലെ സോഫ്റ്റ്ബാങ്ക് നിക്ഷേപം 10 ബില്യണ്‍ ഡോളര്‍

ഇന്ത്യയിലെ സോഫ്റ്റ്ബാങ്ക് നിക്ഷേപം 10 ബില്യണ്‍ ഡോളര്‍

ബെംഗളൂരു: പതിറ്റാണ്ടിനകം ഇന്ത്യയില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്നുള്ള വാഗ്ദാനം അഞ്ച് വര്‍ഷം കൊണ്ട് പ്രാവര്‍ത്തികമാക്കി ജപ്പാനിലെ ഇന്റര്‍നെറ്റ്, ടെലികോം ഭീമനായ സോഫ്റ്റ് ബാങ്ക്. ബേബി കെയര്‍ റീട്ടെയ്‌ലറായ ഫസ്റ്റ്‌ക്രൈ, ലോജിസ്റ്റിക് കമ്പനിയായ ഡെല്‍ഹിവെറി എന്നിവയിലുള്ള നിക്ഷേപം പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപം എന്ന നാഴികക്കല്ല് സ്ഥാപനം പിന്നിടും. 400-450 ദശലക്ഷം ഡോളര്‍ മൂല്യം വരുന്നതാണ് ഇരു നിക്ഷേപങ്ങളും.

2014 ഒക്‌റ്റോബറിലാണ് ഒരു പതിറ്റാണ്ടിനുള്ളില്‍ ഇന്ത്യയില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ജപ്പാനിലെ ശതകോടീശ്വരനായ മസായോഷി സണ്‍ നയിക്കുന്ന സോഫ്റ്റ് ബാങ്ക് പ്രഖ്യാപിച്ചത്. 2017 ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ സണ്‍, തന്റെ വാഗ്ദാനം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. മൊബീല്‍ പേമെന്റ് ഭീമനായ പേടിഎം, ഹോസ്പിറ്റാലിറ്റി കമ്പനി ഒയോ, ഒല തുടങ്ങി ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ടെക്‌നോളജി കമ്പനികളിലെല്ലാം സണ്‍ ശക്തമായ ഓഹരി പങ്കാളിത്തം നേടിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഇ-റീട്ടെയ്‌ലറായ ഫഌപ്പ്കാര്‍ട്ടിലും സോഫ്റ്റ്ബാങ്കിന് ഓഹരികള്‍ ഉണ്ട്.

ഇന്ത്യയിലെ അഞ്ച് പ്രധാന വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആകെ ആസ്തിയേക്കാള്‍ കൂടുതലാണ് സോഫ്റ്റ്ബാങ്ക് നിക്ഷേപിച്ചിട്ടുള്ള മൂലധനം. സെക്വോയ കാപ്പിറ്റല്‍ ഇന്ത്യ, എസ്സെല്‍ ഇന്ത്യ എന്നിവയുള്‍പ്പെടുന്ന ഈ അഞ്ച് വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനങ്ങള്‍ ചേര്‍ന്ന് വിവിധ ഫണ്ടുകളിലായി ആകെ എട്ട് ബില്യണ്‍ ഡോളര്‍ ആണ് കൈകാര്യം ചെയ്യുന്നത്. ഒരു പതിറ്റാണ്ടിലധികമായി രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് ഇവയെല്ലാം.

ഇടെയ്‌ലറായ ആമസോണ്‍, യുബര്‍ തുടങ്ങിയ യുഎസ് ഭീമാരോട് മല്‍സരിക്കാന്‍ തദ്ദേശീയ കമ്പനികളായ ഫഌപ്പ്കാര്‍ട്ട്, സ്‌നാപ്ഡീല്‍, ഒല എന്നിവയെ സഹായിക്കാന്‍ സോഫ്റ്റ്ബാങ്കിന്റെ അക്രമോല്‍സുകമായ നിക്ഷേപങ്ങള്‍ വഴി സാധിച്ചു. ”കണക്കുകളുമായി ബന്ധപ്പെട്ടും ഭാവി നിക്ഷേപങ്ങളുമായി ബന്ധപ്പെട്ടും ഞങ്ങള്‍ പ്രതികരിക്കുന്നില്ല. ഒരു വിപണിയെന്ന നിലയില്‍ ഇന്ത്യ മുന്നോട്ട് വെക്കുന്ന സാധ്യതകളില്‍ ഞങ്ങള്‍ വളരെ ഉത്സുകരാണ്. ദീര്‍ഘകാലത്തേക്ക് ഇതില്‍ പ്രതിജ്ഞാബദ്ധരായി തുടരും,” സോഫ്റ്റ്ബാങ്ക് ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസേഴ്‌സില്‍ പാര്‍ട്ണര്‍ ആയ മനീഷ് വര്‍മ പറഞ്ഞു.

മൊബീല്‍ അഡ്വര്‍ടൈസിംഗ് പ്ലാറ്റ്‌ഫോമായ ഇന്‍മൊബിയില്‍ 200 ദശലക്ഷം ഡോളര്‍ നിക്ഷേപം നടത്തിക്കൊണ്ട് 2011 ല്‍ ആണ് സോഫ്റ്റ്ബാങ്ക് ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചത്. 2014 ല്‍ സ്‌നാപ്ഡീല്‍, ഒല, റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഹൗസിംഗ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ഓഹരികള്‍ ഏറ്റെടുത്തുകൊണ്ട് കമ്പനി നിക്ഷേപം ശക്തമാക്കി. സണ്‍ തന്റെ പിന്‍ഗാമിയായി തെരഞ്ഞെടുത്ത നികേഷ് അറോറയാണ് ആസമയത്ത് നിക്ഷേപങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത്. പിന്നീടാണ് ഫഌപ്പ്കാര്‍ട്ട്, ഒല, പേടിഎം മാള്‍ എന്നിവയില്‍ കമ്പനി നിക്ഷേപിച്ചത്.

Comments

comments

Categories: Business & Economy, Slider
Tags: SoftBank