യുഎന്‍ എഫ്എഒ മേധാവിയാകാന്‍ ഇന്ത്യയില്‍ നിന്ന് രമേഷ് ചന്ദ്

യുഎന്‍ എഫ്എഒ മേധാവിയാകാന്‍ ഇന്ത്യയില്‍ നിന്ന് രമേഷ് ചന്ദ്

ന്യൂഡെല്‍ഹി: ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ, കാര്‍ഷിക സംഘടനയുടെ (എഫ്എഒ) നേതൃ പദവിയിലേക്ക് പേര് നിര്‍ദേശിച്ച് ഇന്ത്യ. നിതി ആയോഗിന്റെയും ഫിനാന്‍സ് കമ്മീഷനിലെയും അംഗമായ രമേഷ് ചന്ദിന്റെ പേരാണ് കേന്ദ്രം നാമനിര്‍ദേശം ചെയ്തിട്ടുള്ളത്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

യുഎന്‍ ഭക്ഷ്യ, കാര്‍ഷിക സംഘടനയില്‍ ഇന്ത്യ അംഗമായിട്ട് ഏകദേശം അഞ്ച് പതിറ്റാണ്ടായി. ഐക്യരാഷ്ട്രസഭയുടെ 17 പ്രത്യേക ഏജന്‍സികളില്‍ ഒന്നാണ് എഫ്എഒ. അന്താരാഷ്ട്രതലത്തില്‍ പട്ടിണി ഇല്ലാതാക്കുവാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംഘടനയാണിത്. ഏകദേശം 150ഓളം ദരിദ്ര രാജ്യങ്ങളില്‍ എഫ്എഒ ഭക്ഷ്യ സഹായം നല്‍കുന്നതിനുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

ഈ വര്‍ഷം യൂറോപ്പിലോ ഏഷ്യയിലോ നിന്നുള്ള സ്ഥാനാര്‍ത്ഥി എഫ്എഒയുടെ ഡയറക്റ്റര്‍ ജനറല്‍ സ്ഥാനത്തേക്ക് വന്നേക്കും. യൂറോപ്യന്‍ യൂണിയനും ചൈനയും തമ്മിലാണ് മത്സരം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഇന്ത്യയും സ്ഥാനാര്‍ത്ഥിയെ നാമ നിര്‍ദേശം ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുകയാണ്. എഫ്എഒ മേധാവിയാകാനുള്ള പിന്തുണ തേടുന്നതിന് ഫെബ്രുവരി മൂന്നാമത്തെ ആഴ്ച രമേഷ് ചന്ദ് റോമിലേക്ക് പോകും. തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നതിനും മറ്റൊരു പേര് നാമനിര്‍ദേശം ചെയ്യാതിരിക്കാനും ചൈനയെ വശത്താക്കാന്‍ ഇന്ത്യ ലക്ഷ്യമിടുന്നതായും റിപ്പോര്‍ട്ടുണ്ട്. ചൈന ഇതുവരെ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുമില്ല.

രമേഷ് ചന്ദ് തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ എഫ്എഒയുടെ തലപ്പത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായിരിക്കും അദ്ദേഹം. ബിനയ് രഞ്ജന്‍ സെന്‍ ആണ് ഭക്ഷ്യ ഏജന്‍സിയുടെ നേതൃ പദവി അലങ്കരിച്ച ആദ്യ ഇന്ത്യക്കാരന്‍. 1956 നവംബറിലായിരുന്നു അദ്ദേഹത്തിന്റെ നിയമനം. 1967 ഡിസംബര്‍ വരെ അദ്ദേഹം ഈ സ്ഥാനത്ത് തുടര്‍ന്നു. 1945ല്‍ രൂപീകരിച്ച സംഘടനയുടെ അഞ്ചാമത്തെ ഡയറക്റ്റര്‍ ജനറലായിരുന്ന ബിനയ് രഞ്ജന്‍ സെന്‍.

Comments

comments

Categories: FK News