ആര്‍ജിയുടെ എംഐജിയെ വെല്ലാന്‍ നമോയുടെ യുബിഐ വന്നേക്കും

ആര്‍ജിയുടെ എംഐജിയെ വെല്ലാന്‍ നമോയുടെ യുബിഐ വന്നേക്കും

തെരഞ്ഞെടുപ്പിലേക്ക് ശേഷിക്കുന്നത് മാസങ്ങള്‍ മാത്രം; വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്താന്‍ സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം

ന്യൂഡെല്‍ഹി: അധികാരത്തിലെത്തിയാല്‍ കുറഞ്ഞ വരുമാനം ഉറപ്പാക്കുന്ന പദ്ധതി (മിനിമം ഇന്‍കം ഗ്യാരന്റി, എംഐജി) നടപ്പാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രസ്താവിച്ചതോടെ സാര്‍വത്രിക അടിസ്ഥാന വരുമാന പദ്ധതി (യൂണിവേഴ്‌സല്‍ ബേസിക് ഇന്‍കം, യുബിഐ) പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മേല്‍ സമ്മര്‍ദ്ദം ഏറുമെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പിയൂഷ് ഗോയല്‍ അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ എല്ലാ പാവപ്പെട്ടവര്‍ക്കും നിശ്ചിത അടിസ്ഥാന വരുമാനം ഉറപ്പാക്കുന്ന പദ്ധതി ഇടം പിടിക്കുമോയെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. പ്രഖ്യാപിക്കപ്പെട്ടാല്‍ തെരഞ്ഞെടുപ്പ് രംഗത്തെ ഇളക്കി മറിച്ചേക്കാവുന്ന പദ്ധതിയാണിതെന്ന് വിലയിരുത്തപ്പെടുന്നു.

തെരഞ്ഞെടുപ്പിന് എതാനും മാസങ്ങള്‍ മാത്രം ശേഷിക്കെ രാജ്യത്തെ മുഴുവന്‍ കൈയിലെടുക്കാന്‍ ശേഷിയുള്ള വിവിധ പദ്ധതികള്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. ചില ജനപ്രിയ പദ്ധതികള്‍ ബജറ്റില്‍ മറ്റു ചില വലിയ പ്രഖ്യാപനങ്ങള്‍ പ്രധാനമന്ത്രി നേരിട്ടും നടത്താനാണ് സാധ്യതയെന്ന് നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നു. 2016-17 സാമ്പത്തിക സര്‍വേയിലാണ് സമ്പദ് വ്യവസ്ഥയുടെ താഴെ തട്ടിലുള്ള 75 ശതമാനം ആളുകള്‍ക്ക് ശരാശരി വരുമാനം നേരിട്ട് ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കണമെന്ന നിര്‍ദേശം സജീവമായി വന്നത്. എന്നാല്‍ ഇതിനാവശ്യമായ വന്‍ തുക സര്‍ക്കാര്‍ എങ്ങനെ കണ്ടെത്തുമെന്ന ചോദ്യം ബാക്കിയാണ്. ഭക്ഷ്യ സബ്‌സിഡിയായി തന്നെ 1,70,000 കോടി രൂപയും ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ 55,000 കോടി രൂപയും നിലവില്‍ തന്നെ സര്‍ക്കാര്‍ ചെലവിടുന്നുണ്ട്. കൂടുതല്‍ ആനുകൂല്യ പ്രഖ്യാപനങ്ങള്‍ ധനക്കമ്മി വര്‍ധിപ്പിക്കുമെന്ന മുന്നറിയിപ്പ് സാമ്പത്തിക വിദഗ്ധര്‍ നല്‍കിയിട്ടുണ്ട്.

Comments

comments

Categories: FK News, Slider