അമേരിക്കയില്‍ അതിശൈത്യം

അമേരിക്കയില്‍ അതിശൈത്യം

1994-നു ശേഷം ആദ്യമായി അമേരിക്ക അതിശൈത്യത്തിനു സാക്ഷ്യം വഹിക്കുകയാണ്. രാജ്യത്തിന്റെ മധ്യപടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്നും താപനില പൂജ്യത്തിനു താഴെ മൈനസിലേക്ക് പതിക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

കനത്ത മഞ്ഞുവീഴ്ചയ്ക്കു പുറമേ പൂജ്യത്തിനും താഴെ മൈനസ് ഡിഗ്രി താപനിലയിലേക്കും എത്തിയിരിക്കുകയാണ് അമേരിക്കയിലെ മധ്യപടിഞ്ഞാറും (Midwest), വടക്ക്കിഴക്ക് (Northeast) പ്രദേശങ്ങളും. ഈയാഴ്ച യുഎസ് ജനസംഖ്യയുടെ 75 ശതമാനത്തിനും (ഏകദേശം 220 ദശലക്ഷം ആളുകള്‍) തണുത്ത താപനില (പൂജ്യത്തിനും താഴെ മൈനസ് ഡിഗ്രി) സഹിക്കേണ്ടതായി വരുമെന്നു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണു യുഎസ് നാഷണല്‍ വെതര്‍ സര്‍വീസ്. അമേരിക്കയിലെ ചില സംസ്ഥാനങ്ങളില്‍ ഈ തലമുറയിലെ തന്നെ ഏറ്റവും തണുത്ത അന്തരീക്ഷമായിരിക്കും ഉണ്ടാവുകയെന്നാണു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിങ്ങള്‍ 25 വയസോ അതിനു താഴെയുള്ളവരോ ആണെങ്കില്‍ ഇതിനു മുന്‍പ് ഒരിക്കലും ഇത്രയധികം തണുപ്പ് അനുഭവിച്ചു കാണില്ലെന്നു സിഎന്‍എന്‍ ചാനലിന്റെ കാലാവസ്ഥ വിദഗ്ധന്‍ ടോം സേറ്റര്‍ പറഞ്ഞു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ബുധനാഴ്ചയും ശീതക്കാറ്റിനെ തുടര്‍ന്നു യുഎസില്‍ 3,480 ഫ്‌ളൈറ്റ് സര്‍വീസുകള്‍ റദ്ദ് ചെയ്യേണ്ടി വന്നതായി ഫ്‌ളൈറ്റ്‌വെയര്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. യുഎസിലെ അപ്പര്‍ മിഡ് വെസറ്റ്, ഗ്രേറ്റ് ലേക്ക്‌സ് പ്രദേശങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്‍ താപനില പൂജ്യത്തിനും താഴെ മൈനസ് 20-40 ഡിഗ്രിയിലേക്കു താഴുമെന്നു കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ‘നമ്മളുടെ സംസ്ഥാനത്തേയ്ക്കു ശീതക്കാറ്റ് കടുത്ത തണുപ്പ് കൊണ്ടു വന്നേക്കുമെന്നു’ ഇല്ലിനോയ്‌സ് ഗവര്‍ണര്‍ ജെ.ബി. പ്രിറ്റ്‌സ്‌കര്‍ തിങ്കളാഴ്ച പറഞ്ഞു. അടിയന്തര സാഹചര്യത്തെ നേരിടാനുള്ള പദ്ധതി തയാറാക്കിയിട്ടുണ്ട്. സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികളെയും പ്രദേശവാസികളെയും സഹായിക്കുന്നതിനു വേണ്ടിയാണിതെന്നും പ്രിറ്റ്‌സ്‌കര്‍ പറഞ്ഞു. ശീതാധിക്യത്താലുണ്ടാകുന്ന ശരീരവീക്കം(frost bite) അപകടകരമായ രീതിയില്‍ ശരീരത്തിലെ ചൂട് കുറയുന്ന അവസ്ഥയായ ഹൈപ്പോതെര്‍മിയ (Hypothermia) എന്നിവയ്‌ക്കെതിരേ മുന്‍കരുതലെടുക്കണമെന്നു ഇല്ലിനോയ്‌സ് നിവാസികള്‍ക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഭൂമിയുടെ പ്രതലത്തിലെ ഏറ്റവും വടക്കേ അറ്റമാണ് ഉത്തരധ്രുവം (north pole). ആര്‍ട്ടിക് സമുദ്രത്തിലാണ് ഉത്തരധ്രുവം സ്ഥിതി ചെയ്യുന്നത്. ഉത്തരധ്രുവത്തെ വലയം ചെയ്യുന്ന തണുത്ത വായുവുള്ള വലിയ പ്രദേശമാണു പോളാര്‍ വോര്‍ട്ടെക്‌സ് (polar vortex). ഇപ്പോള്‍ അമേരിക്കയെ അതിശൈത്യത്തിലേക്കു തള്ളി വിട്ടിരിക്കുന്നതിനു കാരണം പോളാര്‍ വോര്‍ട്ടെക്‌സാണെന്നു കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു. വോര്‍ട്ടെക്‌സിനു വ്യതിയാനമുണ്ടാകാനുള്ള കാരണം അന്തരീക്ഷം അപ്രതീക്ഷിതമായി ചൂട് പിടിക്കുന്നതു മൂലമാണ്. ഇതാകട്ടെ, ശൈത്യകാലം കൂടുതല്‍ കഠിനമേറിയതാക്കുകയും ചെയ്യുന്നു.

യുഎസ് സംസ്ഥാനങ്ങളായ നോര്‍ത്ത് ഡക്കോത്ത, മിനേസോട്ട, വിസ്‌കോണ്‍സിന്‍, ഐയോവ എന്നിവിടങ്ങളില്‍ സമീപവര്‍ഷങ്ങളിലെ ഏറ്റവും തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെട്ടിരിക്കുന്നത്. ബുധനാഴ്ചയോടെ പ്രധാന നഗരങ്ങളായ മിനേപോളിസ്, മില്‍വോക്കി, ചിക്കോഗോ എന്നിവിടങ്ങളില്‍ അതിശൈത്യം രൂപപ്പെടുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മിനേസോട്ടയില്‍ ബുധനാഴ്ച താപനില മൈനസ് 30 ഡിഗ്രിയിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. എങ്കിലും തണുത്ത കാറ്റ് വീശുമെന്നതിനാല്‍ മൈനസ് 60 ഡിഗ്രി പോലെ അനുഭവപ്പെടുമെന്നും കാലാവസ്ഥ വകുപ്പ് അധികൃതര്‍ പറയുന്നു. ഇത്തരം സാഹചര്യത്തില്‍ ഫ്രോസ്റ്റ് ബൈറ്റും, ഹൈപ്പോതെര്‍മിയയും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു. അതിശൈത്യത്തെ തുടര്‍ന്നു മിച്ചിഗണില്‍ നൂറു കണക്കിന് സ്‌കൂളുകള്‍ അടച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ അവധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മിച്ചിഗണില്‍ നിരത്തില്‍ മഞ്ഞ് വീഴ്ചയുണ്ടായത് ഗതാഗതത്തെ ബാധിച്ചു. വിസ്‌കോണ്‍സിനിലും മിനേസോട്ടയിലും 14 ഇഞ്ച് കനത്തില്‍ വരെ മഞ്ഞ് നിരത്തില്‍ രൂപപ്പെട്ടു. ചിക്കാഗോയില്‍ നിരത്തില്‍ അഞ്ച് ഇഞ്ച് കനത്തിലാണു മഞ്ഞ് രൂപപ്പെട്ടത്. ചിക്കാഗോയിലെ ഓ ഹാരേ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ തിങ്കളാഴ്ച രാവിലെ 790 ഫ്‌ളൈറ്റ് സര്‍വീസ് റദ്ദ് ചെയ്തു. മിഡ്‌വേ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ 220 ഫ്‌ളൈറ്റ് സര്‍വീസുകളും റദ്ദ് ചെയ്തു.

എന്താണ് പോളാര്‍ വോര്‍ട്ടെക്‌സ് ?

പോളാര്‍ വോര്‍ട്ടെക്‌സ് എന്ന പദം ഈയടുത്ത കാലത്താണ് പലരും ആദ്യമായി കേട്ടത്. അമേരിക്കയില്‍ അതിശൈത്യത്തിനു കാരണമായത് പോളാര്‍ വോര്‍ട്ടെക്‌സാണെന്നു മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്നാണു പലരും ഈ വാക്കിന്റെ അര്‍ഥം തേടി തുടങ്ങിയത്. അമേരിക്കയില്‍ പോളാര്‍ വോര്‍ട്ടെക്‌സ് എന്ന വാക്കിന്റെ അര്‍ഥം തേടി പലരും ട്വിറ്ററില്‍ ചര്‍ച്ച വരെ നടത്തുകയുണ്ടായി. സത്യത്തില്‍ ഇത് ഒരു പുതിയ വാക്ക് അല്ല. പക്ഷേ ഈയടുത്ത കാലത്താണ് ഇത് ശ്രദ്ധിക്കപ്പെട്ടത്. രണ്ട് ധ്രുവങ്ങളിലായി, തണുത്ത വായു നിറഞ്ഞ, താഴ്ന്ന മര്‍ദ്ദമുള്ള ഒരു വലിയ പ്രദേശമാണു പോളാര്‍ വോര്‍ട്ടെക്‌സ്. ഉത്തര അര്‍ദ്ധഗോളത്തില്‍, ശൈത്യകാലത്ത് വോര്‍ട്ട്ക്‌സ് വികസിക്കുന്ന പ്രവണതയാണ് കാണുന്നത്. അതിലൂടെ തണുത്ത കാറ്റ് തെക്ക് ഭാഗത്തേയ്ക്കു തള്ളി വിടുകയും ചെയ്യുന്നു. പോളാര്‍ വോര്‍ട്ടെക്‌സ് എന്ന പേര് ശല്യമുണ്ടാക്കുന്ന പേരായി തോന്നുമെങ്കിലും പോളാര്‍ വോര്‍ട്ടെക്‌സ് കൊണ്ട് ഉണ്ടാകുന്ന ഏറ്റവും വലിയ അപകടമെന്നത്, അത് വികസിക്കുമ്പോള്‍ താപനില താഴുന്നു എന്നതാണ്. പ്രത്യേകിച്ചു കടുത്ത തണുപ്പ് കാലാവസ്ഥ അനുഭവപ്പെടാത്ത പ്രദേശങ്ങളില്‍. പോളാര്‍ വോര്‍ട്ടെക്‌സില്‍ കാലാവസ്ഥ വ്യതിയാനമുണ്ടാക്കിയ സ്വാധീനം അല്ലെങ്കില്‍ ഫലം കാലാവസ്ഥ ശാസ്ത്രജ്ഞര്‍ക്കിടയില്‍ ഇന്നും ചര്‍ച്ചാ വിഷയമാണ്.ആഗോളതാപനവുമായി പോളാര്‍ വോര്‍ട്ടെക്‌സിനു ബന്ധമുണ്ടെന്നാണു ചില ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്.

Comments

comments

Categories: FK News, Slider
Tags: Polar vertex