കിയ പരീക്ഷണാടിസ്ഥാനത്തില്‍ ഉല്‍പ്പാദനം ആരംഭിച്ചു

കിയ പരീക്ഷണാടിസ്ഥാനത്തില്‍ ഉല്‍പ്പാദനം ആരംഭിച്ചു

ആന്ധ്ര പ്രദേശിലെ അനന്തപുര്‍ പ്ലാന്റില്‍ എസ്പി2ഐ എസ്‌യുവിയാണ് നിര്‍മ്മിക്കുന്നത്

ന്യൂഡെല്‍ഹി : ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‌സ് ഇന്ത്യയില്‍ പരീണാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം ആരംഭിച്ചു. ആന്ധ്ര പ്രദേശിലെ അനന്തപുര്‍ പ്ലാന്റില്‍ എസ്പി2ഐ എസ്‌യുവിയാണ് നിര്‍മ്മിക്കുന്നത്. 2018 ഓട്ടോ എക്‌സ്‌പോയില്‍ കിയ മോട്ടോഴ്‌സ് പ്രദര്‍ശിപ്പിച്ച എസ്പി കണ്‍സെപ്റ്റ് എസ്‌യുവിയുടെ കോഡ്‌നാമമാണ് എസ്പി2ഐ. പരീക്ഷണ ഉല്‍പ്പാദനം ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ദക്ഷിണ കൊറിയന്‍ അംബാസഡര്‍ ഷിന്‍ ബോങ്കില്‍, കിയ മോട്ടോഴ്‌സിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എസ്‌യുവിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം ഈ വര്‍ഷം പകുതിയോടെ ആരംഭിക്കും. പ്രതിവര്‍ഷം മൂന്ന് ലക്ഷം കാറുകള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ളതാണ് അനന്തപുര്‍ പ്ലാന്റ്. ആദ്യ വര്‍ഷം ഒരു ഷിഫ്റ്റ് പ്രവര്‍ത്തിപ്പിച്ച് ഒരു ലക്ഷം കാറുകള്‍ നിര്‍മ്മിക്കും. രണ്ടാം വര്‍ഷത്തില്‍ രണ്ട് ലക്ഷം യൂണിറ്റായും മൂന്നാം വര്‍ഷത്തില്‍ മൂന്ന് ലക്ഷം യൂണിറ്റായും ഉല്‍പ്പാദനം വര്‍ധിപ്പിക്കും. യഥാക്രമം രണ്ട് ഷിഫ്റ്റ്, മൂന്ന് ഷിഫ്റ്റ് എന്നിങ്ങനെ പ്ലാന്റ് പ്രവര്‍ത്തിക്കും. ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കുന്ന വാഹനങ്ങളില്‍ 90 ശതമാനവും ഇന്ത്യയില്‍ വില്‍ക്കും. പത്ത് ശതമാനം കയറ്റുമതി ചെയ്യും.

ആഗോളതലത്തില്‍ കിയ മോട്ടോഴ്‌സ് കോര്‍പ്പറേഷന്റെ പതിനഞ്ചാമത്തെ കാര്‍ നിര്‍മ്മാണശാലയാണ് അനന്തപുര്‍ പ്ലാന്റ്. നേരിട്ട് 4,000 ഓളം പേര്‍ക്കാണ് തൊഴില്‍ നല്‍കുന്നത്. നിശ്ചയിച്ചതിലും വളരെ നേരത്തെയാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഉല്‍പ്പാദനം ആരംഭിക്കുന്നതെന്ന് കിയ മോട്ടോഴ്‌സ് ഇന്ത്യ അറിയിച്ചു. പ്ലാന്റ് നിര്‍മ്മാണം ആരംഭിച്ച് ഒരു വര്‍ഷം ആകുമ്പോഴേയ്ക്കും ഉല്‍പ്പാദനം തുടങ്ങാന്‍ കഴിഞ്ഞു.

Comments

comments

Categories: Auto
Tags: Kia