സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപാവസരമൊരുക്കി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപാവസരമൊരുക്കി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

യുവസംരംഭകരുടെ സംരംഭകമോഹങ്ങള്‍ക്ക് ചിറകുനല്‍കുകയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സംഘടിപ്പിക്കുന്ന ദേശീയ സമ്മേളനമായ സീഡിംഗ് കേരളയുടെ നാലാം പതിപ്പ് ഫെബ്രുവരി 5 ന് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ വച്ച് നടക്കുമ്പോള്‍ അത് സംരംഭകമോഹികള്‍ക്ക് പുതിയ നിക്ഷേപാവസരങ്ങള്‍ നല്‍കും. ഇന്ത്യയിലെ മികച്ച സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താന്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവസരം നല്‍കാനും നിക്ഷേപകരെയും സ്റ്റാര്‍ട്ടപ്പുകളെയും കൂട്ടിയിണക്കാനും സീഡിംഗ് കേരള വേദിയാകും.ലെറ്റ്‌സ് വെന്‍ച്വറുമായി സഹകരിച്ച് നടത്തുന്ന സമ്മേളനത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിക്ഷേപകര്‍ പങ്കെടുക്കും

സംരംഭകത്വം… പഠനം, ജോലി, വരുമാനം എന്നിങ്ങനെ ഒരേ ശ്രേണിയില്‍ പോയിരുന്ന വ്യവസ്ഥാപിത സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ച വാക്ക്. ഇന്ന് സംരംഭകത്വമെന്നാല്‍ കേരളത്തിലെ യുവാക്കള്‍ക്ക് അവരുടെ ജീവരക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്ന വികാരമാണ്. പഠനശേഷം ഒരു വൈറ്റ് കോളര്‍ ജോലി സ്വന്തമാക്കി ഏതെങ്കിലും ഒരു സ്ഥാപനത്തില്‍ അനേകം തൊഴിലാളികളില്‍ ഒരാളായി ഒതുങ്ങിക്കൂടാനല്ല ഇന്നത്തെ യുവാക്കള്‍ ആഗ്രഹിക്കുന്നത്. തൊഴിലാളിയാകുന്നതിന് പകരം തൊഴില്‍ദാതാവായി മാറാനാണ് സംരംഭകത്വം എന്ന മോഹം മനസ്സില്‍കൊണ്ട് നടക്കുന്ന ഓരോ വ്യക്തിയും ആഗ്രഹിക്കുന്നത്. മികച്ച ആശയങ്ങള്‍ സ്വന്തമായുണ്ടെങ്കിലും കേരളത്തിലെ സംരംഭകര്‍ക്ക് പലപ്പോഴും കാലിടറുന്നത് ആശയങ്ങള്‍ പ്രവര്‍ത്തികമാക്കുന്ന കാര്യത്തിലാണ്.മികസിച്ച മെന്റര്‍ഷിപ്പിന്റെ അഭാവം, ഫണ്ട് കണ്ടെത്തല്‍, ബിസിനസ് മാനേജ്‌മെന്റ് തുടങ്ങി വിവിധ തലങ്ങളില്‍ ആവശ്യമായ പിന്തുണ കേരളത്തിലെ യുവ സംരംഭകര്‍ക്ക് ലഭിക്കുന്നില്ല. ഇത്തരത്തില്‍ ഒരു ദിശാബോധത്തിന്റെ കുറവുകൊണ്ട് ഒരു സംരംഭകനും തന്റെ ലക്ഷ്യം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരരുത് എന്ന ലക്ഷ്യത്തോടെ സംരംഭകത്വത്തെയും സംരംഭകരേയും പിന്തുണക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രവര്‍ത്തികമായിരിക്കുന്നത്.സ്റ്റാര്‍ട്ടപ് രംഗത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും അടുത്ത തലങ്ങളിലേക്ക് വളര്‍ത്തുന്നതിനുമുള്ള നൂതന സംവിധാനങ്ങള്‍ ഒരുക്കുകയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍.

ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സംരംഭകര്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നത് സാങ്കേതിക രംഗത്താണ്.ഇത്തരത്തില്‍ ടെക്‌നോളജി അധിഷ്ഠിത സംരംഭങ്ങള്‍ക്ക് വളരാനും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും വേണ്ടിയുള്ള ഇക്കോസിസ്റ്റം സൃഷ്ടിക്കുകയും അതിനെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുകയെന്നതാണ് സ്റ്റാര്‍ട്ടപ്പ് മിഷന്റെ പ്രാഥമിക ലക്ഷ്യം. 2006 ല്‍ പ്രവര്‍ത്തനമാരംഭിച്ച് നാളിതുവരെ ലക്ഷ്യം പൂര്‍ത്തിയാക്കിത്തന്നെയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ മുന്നേറുന്നത്. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് മിഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ ഡോ. സജി ഗോപിനാഥ് സ്റ്റാര്‍ട്ടപ്പ് മിഷന്റെ കര്‍മ്മ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നു. കേരളത്ത്തിന്റെ സംരംഭകരംഗത്ത് വളരെ ഊര്‍ജ്ജസ്വലമായിട്ടുള്ള സ്റ്റാര്‍ട്ടപ് ഇക്കോസിസ്റ്റത്തെ വികസിപ്പിച്ചെടുക്കുന്നതില്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ വളരെ നിര്‍ണായകമായൊരു പങ്ക് വഹിക്കുന്നുണ്ട്.സ്റ്റാര്‍ട്ടപ്പ് മിഷന് കീഴില്‍ ആരംഭിച്ചിട്ടുള്ള വിവിധങ്ങളായ സംരംഭകത്വ വികസന പരിപാടികള്‍ ഇതിനുള്ള മികച്ച ഉദാഹരണമാണ്.

ടെക്‌നോളജി സ്റ്റാര്‍ട്ടപ്പ് പോളിസിയുടെ അവതരണത്തോടെ, സ്റ്റാര്‍ട്ടപ്പുകള്‍ക്കായി മാത്രം പ്രത്യേക നയം അവതരിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി. പുതുക്കിയ ഐ.റ്റി നയത്തിന്റെ ഭാഗമായി ഉപനയങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതില്‍ ടെക്‌നോളജി എന്‍ട്രപ്രണര്‍ഷിപ്പ്, ഇന്നവേഷന്‍ ഉപനയം ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഇത്തരത്തില്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രവര്‍ത്തികമായതോടെ അന്തര്‍ദേശീയ ഫോറങ്ങളില്‍ കേരളത്തില്‍ നിന്നുള്ള സംരംഭകരും മികവ് പ്രകടത്തിപ്പിച്ചു തുടങ്ങി. ഇത് സംരംഭകരംഗത്ത് കേരളത്തിന്റെ എടുത്തുപറയത്തക്ക നേട്ടം തന്നെയാണ്.

നിക്ഷേപാവസരമൊരുക്കി സീഡിംഗ് കേരള

കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴില്‍ നടപ്പാക്കി വരുന്ന സംരംഭകത്വ വികസന പരിപാടികളില്‍ മുന്നിലാണ് സീഡിംഗ് കേരളയുടെ സ്ഥാനം. സംരംഭകമോഹികള്‍ക്ക് തങ്ങളുടെ ആശയം പ്രവര്‍ത്തികമാക്കുന്നതിനും നിക്ഷേപകരെ കണ്ടെത്തുന്നതിനും സീഡിംഗ് കേരള അവസരമൊരുക്കുന്നു. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി വിജയകരമായി നടത്തിവരുന്ന സീഡിംഗ് കേരളയുടെ നാലാമത്തെ പതിപ്പ് ഫെബ്രുവരി 5 ന് കൊച്ചിയില്‍ നടക്കും.

ലെറ്റ്‌സ് വെന്‍ച്വര്‍ എന്ന സ്ഥാപനവുമായി സഹകരിച്ച് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടത്തുന്ന സമ്മേളനം മികച്ച സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്ത് നിക്ഷേപം നടത്താനുള്ള അവസരം കൂടിയാണ് സംരംഭകര്‍ക്ക് മുന്നില്‍ തുറന്നിടുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച അവസരങ്ങള്‍ നല്‍കുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളത്തെ കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്തതിനുശേഷമുള്ള ആദ്യ സമ്മേളനമാണിത് എന്ന പ്രത്യേകതയും സീഡിംഗ് കേരളയുടെ നാലാമത്തെ പതിപ്പിനുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി വിവിധങ്ങളായ കോണ്ടസ്റ്റുകളും കേരളം സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്നുണ്ട്. പങ്കെടുക്കുന്നവരില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പിന് പത്തു ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങള്‍ ലഭിക്കും. പുതിയ സംരംഭകങ്ങളില്‍ നിക്ഷേപം നടത്താന്‍ എ ആഗ്രഹിക്കുന്നവര്‍ക്കും സ്ഥാപനം മികച്ച അവസരമാണ് നല്‍കുന്നത്.

ദേശീയാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന പത്ത് മുന്‍നിര ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍ക്കായിരിക്കും നിക്ഷേപത്തിനും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും അവസരം ലഭിക്കുക. നിക്ഷേപത്തിനു തയാറായി എത്തുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും മുന്നില്‍ ഈ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തങ്ങളുടെ അവതരണം നടത്താം. വിപണിയിലേയ്ക്ക് വഴി തുറക്കുന്നതിനുള്ള അവസരം, ഒരു വര്‍ഷത്തെ ബ്രാന്‍ഡിംഗ് പിന്തുണ എന്നിവയും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കും.

സീഡിംഗ് കേരളയിലൂടെ ഏഞ്ചല്‍ നിക്ഷേപം സമാഹരിക്കുന്നതിനാവശ്യമായ മാസ്റ്റര്‍ ക്ലാസ്, സംരംഭകത്വത്തിന്റെയും നിക്ഷേപത്തിന്റെയും നിയമവശങ്ങള്‍, കേസ് സ്റ്റാടികള്‍ എന്നിവ ചര്‍ച്ച ചെയ്യും. സെമിനാറുകള്‍, ശില്പശാലകള്‍, വിദഗ്ധര്‍ നയിക്കുന്ന പാനല്‍ ചര്‍ച്ചകള്‍ തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമാണ്. വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള നിക്ഷേപകര്‍, കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഉന്നത ഉദ്യോഗസ്ഥര്‍, മുന്‍നിര സ്റ്റാര്‍ട്ടപ് കമ്പനികളുടെ പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

കേരള ഐടി സെക്രട്ടറിയായ എം ശിവശങ്കര്‍ ഐഎസ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ്, ഡോക്റ്ററും സംരംഭകനുമായ റിതേഷ് മാലിക്, ഐഎഎന്‍ സഹസ്ഥാപക പദ്മജ രൂപറല്‍, ഏഞ്ചല്‍ ഇന്‍വെസ്റ്ററും ഐഎഎന്‍ സഹസ്ഥാപകയുമായ രേവതി അശോക്, നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, വാട്ടര്‍ ബ്രിഡ്ജ് വെന്‍ച്വേഴ്‌സ് പാര്‍ട്ട്ണര്‍ രവി കൗശിക്, ലെറ്റ്‌സ് വെന്‍ച്വര്‍ സ്ഥാപക ശാന്തി മോഹന്‍, ലെറ്റ്‌സ് വെന്‍ച്വര്‍ ഡയറക്റ്റര്‍ സുനിത രാമസ്വാമി എന്നിവര്‍ സീഡിംഗ് കേരളയുടെ നാലാം പതിപ്പില്‍ മുഖ്യ പ്രഭാഷകരായിരിക്കും.

യൂണികോണ്‍ ഇന്ത്യ വെന്‍ച്വര്‍ മാനേജിംഗ് പാര്‍ട്ണര്‍ അനില്‍ ജോഷി, നിക്ഷേപക ഉപദേഷ്ടാവും സീ ഫണ്ട് സഹസ്ഥാപകനുമായ മനോജ് കുമാര്‍ അഗര്‍വാള്‍, സെക്കുറ ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് പാര്‍ട്ണര്‍ എംഎ മെഹ്ബൂബ്, സ്‌പെഷ്യല്‍ ഇന്‍സെപ്റ്റ് അഡൈ്വസേര്‍സ് എല്‍എല്‍പി മാനേജിംഗ് പാര്‍ട്ണര്‍ വിശേഷ് രാജാറാം, ടെക്‌നോളജി, ആന്‍ഡ് ബിസിനസ് കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് സഹസ്ഥാപകനും പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റുമായ ദിബ്യ പ്രകാശ്, എസ് എസ് കണ്‍സള്‍ട്ടിംഗ് ചീഫ് എക്‌സിക്യൂട്ടിവ് ഷിലെന്‍ സഗുണന്‍, അര്‍ഥ വെന്‍ച്വര്‍ ഫണ്ട് പാര്‍ട്ണര്‍ വിനോദ് കെനി, കോണര്‍‌സ്റ്റോണ്‍ വെന്‍ച്വര്‍സ് പാര്‍ട്‌ണേഴ്‌സ് ഫണ്ട് മാനേജിംഗ് പാര്‍ട്ണര്‍ അഭിഷേക് പ്രസാദ് തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.www.seedingkerala.com എന്ന വെബ്‌സൈറ്റില്‍ സമ്മേളനത്തിന്റെ വിശദവിവരങ്ങള്‍ ലഭ്യമാണ്.

സ്റ്റാര്‍ട്ടപ്പുകളുടെ അമ്മത്തൊട്ടിലായി സ്റ്റാര്‍ട്ടപ്പ് മിഷന്‍

ഫണ്ടിംഗ്, മെന്ററിംഗ്, അടിസ്ഥാന സൗകര്യം, സാങ്കേതിക മാര്‍ഗനിര്‍ദേശം, മാര്‍ക്കറ്റിംഗ് പിന്തുണ, സോഫ്റ്റ്‌വെയര്‍ & ഹാര്‍ഡ്‌വെയര്‍ പിന്തുണ, വ്യാവസായിക ബന്ധങ്ങള്‍, രാജ്യാന്തര എക്‌സ്‌പോഷര്‍ എന്നിവയിലൂടെ ആശയരൂപീകരണം മുതല്‍ സ്ഥാപനം പക്വത ആര്‍ജിക്കുന്ന ഘട്ടം വരെയുള്ള പിന്തുണ കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നും ഓരോ യുവ സംരംഭകനും ലഭിക്കുന്നു.ഇതിനു പുറമെ, യുവ സംരംഭകര്‍ക്കായി സീഡിംഗ് കേരളക്ക് പുറമെ മറ്റനേകം പദ്ധതികളാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വിഭാവനം ചെയ്തിരിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഇന്‍ക്യുബേഷനും ആക്‌സിലറേഷനും ഇവിടെ സജ്ജമാക്കിയിരിക്കുന്നു.ഭൗതികപശ്ചാത്തലം, സാമ്പത്തിക സഹായം, മാര്‍ഗനിര്‍ദേശം, എക്‌സ്‌പോഷര്‍ പ്രോഗ്രാം തുടങ്ങി സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചക്ക് എല്ലാവിധ പിന്തുണയും സ്റ്റാര്‍ട്ടപ്പ് മിഷന്‍ വാഗ്ദാനം ചെയ്യുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കാസര്‍കോഡ് എന്നീ സ്ഥലങ്ങളിലാണ് പ്രധാനമായും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പദ്ധതികള്‍ നടന്നു വരുന്നത്. സ്റ്റാര്‍ട്ടപ് സംരംഭകര്‍ക്ക് വിവിധ മേഖലകളിലെ വിദഗ്ധര്‍, ബിസിനസ് മെന്റേഴ്‌സ്, പ്രത്യേക രൂപകല്‍പന ചെയ്ത വര്‍ക്ക് ഷോപ്പുകള്‍, ഇന്‍ഡസ്ട്രി & ഇന്‍വെസ്റ്റര്‍ നെറ്റ്‌വര്‍ക്‌സ് എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്നതിനുള്ള അവസരവും സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഒരുക്കുന്നു. ഇതിനാല്‍ തന്നെ പ്രതിവര്‍ഷം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഭാഗമാകുന്ന സംരംഭകരുടെ എണ്ണം വര്‍ധിച്ചു വരികയാണ്.

Comments

comments

Categories: FK Special, Slider