ആഗോള ഐടി ചെലവിടല്‍ 3.2% വളര്‍ച്ചയോടെ 3.76 ട്രില്യണ്‍ ഡോളറിലെത്തും

ആഗോള ഐടി ചെലവിടല്‍ 3.2% വളര്‍ച്ചയോടെ 3.76 ട്രില്യണ്‍ ഡോളറിലെത്തും

ചെലവിടലിന്റെ ഫോക്കസ് ക്ലൗഡ് സേവനങ്ങളിലേക്കും ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സിലേക്കും മാറുന്നു

ന്യൂയോര്‍ക്ക്: ആഗോള ഐടി ചെലവിടല്‍ നടപ്പു വര്‍ഷം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 3.2 ശതമാനം വളര്‍ച്ച സ്വന്തമാക്കി 3.76 ട്രില്യണ്‍ ഡോളറിലെക്കെത്തുമെന്ന് നിഗമനം. ഗവേഷണ സ്ഥാപനമായ ഗാര്‍ട്‌നര്‍ ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുള്ളത്. 2020ല്‍ 2.8 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ ഐടി ചെലവിടല്‍ 3.87 ട്രില്ല്യണ്‍ ഡോളറാകുമെന്നും ഗാര്‍ട്ണര്‍ വിലയിരുത്തുന്നു.
സാമ്പത്തിക മാന്ദ്യം സംബന്ധിച്ച ഊഹാപോഹങ്ങള്‍, ബ്രെക്‌സിറ്റ്, വ്യാപാര യുദ്ധം എന്നിവ സംബന്ധിച്ച ആശങ്കകള്‍ക്കിടയിലും 2019ല്‍ ഐടി ചെലവിടല്‍ വളര്‍ച്ചയിലേക്ക് തന്നെയാണ് നീങ്ങുന്നത്. എന്നാല്‍ ഭാവിയില്‍ വളര്‍ച്ചയെ നയിക്കാന്‍ സാധ്യതയുള്ള വിഭാഗങ്ങളില്‍ വലിയ വേഗത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെന്ന് ഗാര്‍ട്ണര്‍ റിസര്‍ച്ചിന്റെ വൈസ് പ്രസിഡന്റ് ജോണ്‍ ഡേവിഡ് ലൗലോക്ക് പറയുന്നു. മൊബീല്‍ ഫോണുകള്‍, പേഴ്‌സണല്‍ കംപ്യൂട്ടറുകള്‍, ഡാറ്റാ സെന്റര്‍ സൗകര്യങ്ങള്‍ എന്നിവയില്‍ നിന്നും വര്‍ധിക്കുന്ന ചെലവിടലിന്റെ ഫോക്കസ് ക്ലൗഡ് സേവനങ്ങളിലേക്കും ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സിലേക്കും മാറുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിസിനസുകളിലെ ഡിജിറ്റല്‍ പരിവര്‍ത്തനം മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ ബിസിനസുകളെ കൂട്ടിച്ചേര്‍ക്കുന്ന ഘടകമായി ഐടി വളരുകയാണ്. ഐടി സേവനങ്ങളുടെ മേഖല ഈ വര്‍ഷം 4.7 ശതമാനം വളര്‍ച്ചയോടെ 1.03 ട്രില്യണില്‍ എത്തുമെന്നാണ് കരുതുന്നത്. അടുത്ത വര്‍ഷം വളര്‍ച്ച 4.8 ശതമാനമാക്കി ഉയര്‍ത്തി 1.07 ട്രില്ല്യണിലേക്ക് ഐടി സേവന മേഖലയെത്തുമെന്നാണ് നിഗമനം.
ആഗോള സംരംഭങ്ങളുടെ സോഫ്റ്റ് വെയര്‍ ചെലവിടലില്‍ 8.5 ശതമാനം വളര്‍ച്ചയാണ് 2019ല്‍ പ്രതീക്ഷിക്കുന്നത്. 2020ല്‍ 8.2 ശതമാനം വളര്‍ച്ച കൂടി സ്വന്തമാക്കി 446 ബില്യണ്‍ ഡോളറിലേക്ക് ഈ മേഖലയെത്തുമെന്ന് വിലയിരുത്തുന്നു. മൊബീല്‍ ഫോണ്‍ വിഭാഗം 2019ല്‍ 1.6 വളര്‍ച്ചയും 2020ല്‍ 1.4 ശതമാനം വളര്‍ച്ചയും നേടി 689 മില്യണ്‍ ഡോളറിന്റെ ചെലവിടലിലേക്ക് എത്തുമെന്നാണ് ഗാര്‍ട്ണര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

കമ്മ്യൂണിക്കേഷന്‍ സേവനങ്ങളുടെ വിഭാഗത്തില്‍ നടപ്പുവര്‍ഷം 1.3 ശതമാനം വളര്‍ച്ചയും അടുത്ത വര്‍ഷം 1.5 ശതമാനം വളര്‍ച്ചയുമുണ്ടാകും. 1.43 ട്രില്യണിന്റെ ചെലവിടലാണ് 2020ല്‍ ഈ മേഖലയില്‍ ഉണ്ടാവുക. ഡാറ്റാ സെന്റര്‍ സംവിധാനങ്ങല്‍ 2020ഓടെ 202 ബില്യണ്‍ ഡോളറിന്റെ ചെലവിടലിലേക്ക് വളരും.

Comments

comments

Categories: FK News
Tags: global IT

Related Articles