വിദഗ്ധര്‍ക്കു ക്ഷാമം

വിദഗ്ധര്‍ക്കു ക്ഷാമം

വിദേശജോലിക്കായി ശ്രമിക്കുന്ന ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കു വിദഗ്ധ പരിശീലനം അത്യാവശ്യം

ഇന്ത്യയുടെ ഏറ്റവും വലിയ സമ്പത്ത് മനുഷ്യവിഭവശേഷിയാണ്. രാജ്യത്തെ ജനപ്പെരുപ്പത്തെ അടിസ്ഥാനമാക്കിയാല്‍ ഇതരരാജ്യങ്ങളെ ഞെട്ടിക്കാന്‍ പോന്ന വിഭശേഷി ഇന്ത്യക്കുണ്ട്. വിദേശ തൊഴില്‍ വിപണികളില്‍ ഏറ്റവും കൂടുതല്‍ സാന്നിധ്യമുളളതും പ്രവാസി ഇന്ത്യക്കാര്‍ക്കാണ്. എതില്‍ വലിയപ്രാതിനിധ്യമുള്ളവരാണ് മലയാളികള്‍. തൊഴില്‍ നൈപുണ്യവും ആകര്‍ഷകമായ ശമ്പളവുമാണ് വിദേശ തൊഴിലുകള്‍ തേടിപ്പോകാന്‍ ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്നത്. ആഗോളതലത്തില്‍ ശ്രദ്ധേയരായ പ്രൊഫഷണല്‍ റിക്രൂട്ട്‌മെന്റ് കണ്‍സള്‍ട്ടന്‍സി മൈക്കല്‍ പേജ് പുറത്തിറക്കിയ ഇന്ത്യ സാലറി ബെഞ്ച്മാര്‍ക്ക് 2019 റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികളില്‍ 62 ശതമാനവും തൊഴില്‍ അവസരങ്ങള്‍ തേടി വിദേശത്തേക്കു പോകാന്‍ സന്നദ്ധരാണ്.

കഴിവുള്ള ഉദ്യോഗാര്‍ത്ഥികളുടെ വിളനിലമാണ് ഇന്ത്യയെന്ന് മൈക്കല്‍ പേജ് ഇന്ത്യ മാനേജിങ് ഡയറക്റ്റര്‍ നിക്കോളാസ് ഡൂമൗലിന്‍ പറയുന്നു. ആഗോളതലത്തില്‍, പ്രതിഭകളുടെ അഭാവമുണ്ട്. അതിനാല്‍ തൊഴില്‍ നൈപുണ്യം നേടിയ ഇന്ത്യന്‍ തൊഴിലന്വേഷകര്‍ക്ക് നിരവധി വിദേശ അവസരങ്ങള്‍ തുറന്നു കിടക്കുകയാണ്. എന്നാല്‍ ആഗോള തൊഴില്‍ വിപണിയില്‍ ഇന്നു മുമ്പത്തേക്കാള്‍ ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികളുടെ ക്ഷാമമനുഭവിക്കുന്നുണ്ട്. ഇന്ത്യന്‍ സമ്പദ്ഘടന വളര്‍ന്നതും അതിനൊപ്പം ഇന്ത്യയില്‍ത്തന്നെ മികച്ച കമ്പനികള്‍ ഉള്ളതുമാണ് ഇതിനു കാരണം. ഇത് ജീവനക്കാരെ, പരിശീലനം ലഭിച്ചവരന്നോ അല്ലാത്തവരെന്നോ ഗണിക്കാതെ പദവികളില്‍ ഒതുങ്ങിക്കൂടാന്‍ ഇടയാക്കി. കമ്പനികളാകട്ടെ ജീവനക്കാരില്‍ നൈപുണ്യപരിശീലനത്തിനായി നിക്ഷേപം നടത്താന്‍ തയാറായതുമില്ല. ഇതു മൂലം ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളുടെ സിദ്ധികളില്‍ വലിയ തോതില്‍കുറവു വന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യന്‍ ജനസംഖ്യയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ 25 വയസ്സിന് താഴെയുള്ളവരാണ്. 65ശതമാനം 35 വയസില്‍ താഴെയുള്ളവരും. 2020 ല്‍ ഒരു ഇന്ത്യക്കാരന്റെ ശരാശരി പ്രായം 29 ആയിരിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഉദ്യോഗാര്‍ത്ഥികളുടെ എണ്ണത്തില്‍ പെരുപ്പമുണ്ടാകുമെങ്കിലുംവിദഗ്ധരായ ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ടാകില്ല. മൈക്കിള്‍ പേജ് ലോകമെമ്പാടും മിഡ്- സീനിയര്‍ റിക്രൂട്ട്‌മെന്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥാപനമാണ്. ഇത്തരം പദവിയില്‍ ഇന്ത്യയില്‍ ലഭിക്കുന്ന ശമ്പളം, വികസിത തൊഴില്‍ വിപണികളില്‍ ലഭിക്കാറുള്ള ശമ്പള നിരക്കുകളേക്കാള്‍ വളരെ കൂടുതലാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ആഗോള നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ മധ്യനിര ജീവനക്കാര്‍ക്ക് ലഭിക്കുന്ന ശമ്പളം സാങ്കേതികമായി അല്‍പ്പം കുറവാണ്.

എന്നാല്‍, ഇന്ത്യന്‍ കമ്പനികള്‍ നിര്‍മ്മാണ രംഗത്ത് താഴെത്തട്ടിലുള്ള ജീവനക്കാരെയാണ് കൂടുതലും നിയോഗിക്കുന്നത്. കൂടുതല്‍ പഠിച്ചാല്‍ ജോലി കിട്ടാത്ത അവസ്ഥ ഇന്നത്തെക്കാലത്തുണ്ട്. കുറഞ്ഞ യോഗ്യതയുള്ളവരെ മാത്രമായിരിക്കും ചില ജോലികള്‍ക്ക് എടുക്കുക. ഈ സാഹചര്യത്തില്‍, വികസിത വികസ്വര വിപണികളുമായി ഇതിനെ താരതമ്യം ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് ഡൂമൗലിന്‍ കൂട്ടിച്ചേര്‍ത്തു. മേക്ക് ഇന്‍ ഇന്ത്യ പോലുള്ള സര്‍ക്കാര്‍ സംരംഭങ്ങള്‍ ഉണ്ടെങ്കിലും, ഇന്ത്യന്‍ യുവാക്കളുടെ തൊഴില്‍ നൈപുണ്യം വര്‍ധിപ്പിക്കാന്‍ കൂടുതല്‍ സമാന സംരംഭങ്ങള്‍ തുടങ്ങണം. അധികയോഗ്യതയുള്ളവര്‍ കമ്പനികള്‍ക്ക് ഒരു അനുഗ്രഹം തന്നെയായിരിക്കും.

ഒരിക്കലും നിലയ്ക്കാത്ത പ്രവൃത്തിയാണ് പഠനം എന്നു പറയാറുണ്ട്. നിരന്തരപഠനം തൊഴില്‍രംഗത്തെ ശോഭനഭാവിക്കുമാത്രമല്ല, ജീവിതവിജയത്തിലേക്കുമുള്ള താക്കോലാണ്. പുതുതലമുറയില്‍പ്പെട്ട ജീവനക്കാരന്‍ ഇക്കാര്യത്തില്‍ ഏറ്റവും ബദ്ധശ്രദ്ധനായിരിക്കും. കാര്യങ്ങള്‍ പഠിക്കുന്നതിന് അയാള്‍ ഏറ്റവും മുന്തിയ രീതി സ്വീകരിക്കും. ജോലിയില്‍ സ്വയം വളരാനുള്ള അവസരം ഒരിക്കലും കളഞ്ഞു കുളിക്കുകയില്ല. അതിനാല്‍ കമ്പനിയുടെ മനുഷ്യവിഭവശേഷി തെരഞ്ഞെടുപ്പ് വിഭാഗത്തില്‍ നിശ്ചയമായും ഉള്‍പ്പെടുക്കേണ്ട നയമാണ് നൈപുണ്യവികസനപദ്ധതികളും പരിശീലനപരിപാടികളും. മാര്‍ഗ്ഗദര്‍ശന പരിപാടികളും നേതൃത്വപരിശീലന പരിപാടികളും തുടങ്ങണം. വിവിധവിഭാഗം ജീവനക്കാര്‍ക്കായി ഔപചാരികവും അനൗപചരികവുമായാകണം ഇത്തരം പരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടത്.

ഇന്ന് സാങ്കേതികവിദ്യ തൊഴിലിടത്തിന്റെ അതിര്‍ത്തികള്‍ മാറ്റിക്കുറിച്ചിരിക്കുന്നു. ജീവനക്കാരന് എവിടെ നിന്ന് എപ്പോള്‍ വേണമെങ്കിലും ഏത് ഉപകരണത്തിലും ജോലി ചെയ്യാന്‍ സാധിക്കും. ഈ അയവും വഴക്കവും നില നിര്‍ത്തണമെങ്കില്‍ കമ്പനിയിലെ മനുഷ്യവിഭവശേഷി തെരഞ്ഞെടുപ്പ് വിഭാഗം വിവരസാങ്കേതിക വിഭാഗവുമായി അടുത്തു പ്രവര്‍ത്തിക്കണം. ആവശ്യാനുസരണം ജോലിക്കാരെ തെരഞ്ഞെടുക്കാന്‍ ഇത് ഇവരെ പ്രാപ്തരാക്കും. നൈപുണ്യം നേടിയ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രമല്ല, യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും വരെ നല്ല അവസരങ്ങളുണ്ട്.

വിദഗ്ധ ഇന്ത്യന്‍ തൊഴിലാളികള്‍ക്കും പ്രൊഫഷണലുകള്‍ക്കും ബ്രിട്ടണിലേക്ക് കടന്നുവരാന്‍ സാധിക്കും വിധം അയവുള്ള നിയമനിര്‍മാണത്തിന് ബ്രിട്ടണ്‍ തയാറാകുന്നു. ഉന്നതപഠനത്തിനും ജോലിക്കും ഇരു രാജ്യങ്ങളുടെയും ബിരുദങ്ങള്‍ തുല്യയോഗ്യതയായി പരിഗണിക്കുന്ന കരാര്‍ തയാറാക്കാനാണ് ശ്രമം. വിസ, എമിേഗ്രഷന്‍ നിയമങ്ങള്‍ സംബന്ധിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റ് തീരുമാനമെടുത്തിരിക്കുന്നു. ലോകത്തെവിടെയുമുള്ള തൊഴില്‍ നൈപുണ്യം നേടിയ കുടിയേറ്റക്കാരുടെ പരിധി ഉയര്‍ത്താനും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കായി ബിരുദാനന്തര പഠന അവസരങ്ങള്‍ തുറന്നു കൊടുക്കാനും ഇതില്‍ നിര്‍ദ്ദേശിക്കുന്നു. കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പ്രതിനിധികള്‍ കേന്ദ്രസര്‍ക്കാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു.

എന്‍ജിനീയര്‍മാര്‍, ഡോക്റ്റര്‍മാര്‍, ഐടി പ്രൊഫഷണലുകള്‍ തുടങ്ങി ഉന്നതപദവികളിലിരിക്കുന്ന ഏതൊരു വ്യക്തിക്കും ബ്രിട്ടണില്‍ ജീവിക്കാനും ജോലി ചെയ്യാനും കഴിയുമെന്ന് ഈ നിര്‍ദേശങ്ങള്‍ വ്യവസ്ഥ ചെയ്യുന്നു. ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച് വിദേശ രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുമായി ബ്രെക്‌സിറ്റാനന്തര ചര്‍ച്ചകള്‍ നടത്താനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. പുതിയ സമ്പ്രദായം ഇന്ത്യക്ക് എങ്ങനെ പ്രയോജനകരമാകുമെന്ന് ബോധ്യപ്പെടുത്താന്‍ പ്രതിനിധികള്‍ വ്യക്തമാക്കി. ബ്രിട്ടന്റെ ഭാഗത്തു നിന്നുള്ള നിര്‍ണായക നയതന്ത്ര നീക്കമാണിത്. പരിശീലനം ഏതു വിധമാകണം. ആളുകളില്‍ ഏറ്റവും ഉല്‍പ്പാദനക്ഷമതയുള്ള സമയം ഏതെന്നറിയുന്നത് അവരുടെ കാര്യക്ഷമത കൂട്ടുന്നതിന് സഹായിക്കും. വ്യവസായം, മാര്‍ക്കറ്റിംഗ്, ആര്‍ക്കിടെക്ചര്‍, ആരോഗ്യപരിപാലനം, നിയമം, എക്കൗണ്ടിംഗ് എന്നിങ്ങനെ നാനാതുറകളില്‍ പ്രവര്‍ത്തിപ്പിക്കുന്നവരില്‍ ഇണങ്ങുന്ന രീതിയിലുള്ള പരിശീലനപദ്ധതികളാണു ഗുണപരമാകുക.

ആളുകളുടെ ക്രിയാത്മകത പരമാവധി ചൂഷണം ചെയ്യാന്‍ ആഴ്ചയിലെ ആദ്യദിനങ്ങളില്‍ത്തന്നെ ശ്രദ്ധിക്കുക. പരമാവധി ഊര്‍ജവും ഉന്മേഷവും ജോലിയില്‍ പ്രകടിപ്പിക്കാന്‍ അവര്‍ക്ക് അവസരം കൊടുക്കുകയാണ് വേണ്ടത്. തൊഴില്‍ പരിശീലനത്തെ സാമൂഹ്യപ്രതിബദ്ധതയുമായി ഇണക്കിച്ചേര്‍ക്കുന്നത് പ്രവര്‍ത്തനനൈപുണ്യത്തിന് ആക്കം കൂട്ടും ഉദാഹരണത്തിന്, ശാസ്ത്രസാങ്കേതിക, എന്‍ജിനീയറിംഗ്, ഗണിത പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള കമ്പനികള്‍ ഈ മേഖലയില്‍ കൂടുതല്‍ വൈവിധ്യങ്ങള്‍ സംഭാവന ചെയ്യാന്‍ തങ്ങളുടെ എന്‍ജിനീയര്‍മാര്‍ക്ക് സന്നദ്ധ സേവനത്തിന് അനുവാദം നല്‍കുന്നു. ഈ മേഖലയിലേക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാനും അവര്‍ക്ക് ഈ രംഗത്ത് മികച്ച തൊഴില്‍ പരിശീലനം നല്‍കാനും ഇത് സഹായകമാണ്.

Comments

comments

Categories: FK News
Tags: experts