ഫിന്‍ടെക് കമ്പനികള്‍ ആഗോള തലത്തില്‍ സമാഹരിച്ചത് 39.6 ബില്യണ്‍ ഡോളര്‍

ഫിന്‍ടെക് കമ്പനികള്‍ ആഗോള തലത്തില്‍ സമാഹരിച്ചത് 39.6 ബില്യണ്‍ ഡോളര്‍

ഏഷ്യയാണ് ഇടപാടുകളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം വലിയ മുന്നേറ്റം നടത്തിയത്

ന്യൂയോര്‍ക്ക്: വെഞ്ച്വര്‍ കാപ്പിറ്റലുകളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ധനകാര്യ സാങ്കേതിക വിദ്യാ കമ്പനികള്‍ കഴിഞ്ഞ വര്‍ഷം നിക്ഷേപകരില്‍ നിന്ന് സമാഹരിച്ചത് 39.57 ബില്യണ്‍ ഡോളര്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 120 ശതമാനം വര്‍ധനയാണ് ഫിന്‍ ടെക് കമ്പനികള്‍ നിക്ഷേപ സമാഹരണത്തില്‍ കരസ്ഥമാക്കിയത്. സിബി ഇന്‍സൈറ്റ്‌സ് പുറത്തിറക്കിയ ഗവേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

1707 കരാറുകളിലൂടെയായിരുന്നു 2018ലെ നിക്ഷേപ സമാഹരണം. 2017ല്‍ 1480 നിക്ഷേപ കരാറുകളാണ് ഫിന്‍ ടെക് കമ്പനികള്‍ക്കുണ്ടായിരുന്നത്. 100 മില്യണ്‍ ഡോളറിനു മുകളില്‍ മൂല്യമുള്ള 52 കരാറുകളാണ് നിക്ഷേപങ്ങളുടെ മൊത്തം മൂല്യം ഉയരുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. 24.88 ബില്യണാണ് 52 വന്‍കിട കരാറുകളുടെ മൊത്തം മൂല്യം.
മൊത്തം ഫിന്‍ ടെക് ഫണ്ടിംഗിന്റെ 35 ശതമാനവും കരസ്ഥമാക്കിയത് ചൈനീസ് ഇ-കൊമേഴ്‌സ് വമ്പനമായ ആലിബാബ ഗ്രൂപ്പിന് കീഴില്‍ വരുന്ന പേമെന്റ് സംവിധാനമായ ആന്‍ട് ഫിനാന്‍ഷ്യലാണ്. 14 ബില്യണ്‍ ഡോളറിന്റെ സമാഹരണമാണ് കഴിഞ്ഞ വര്‍ഷം ആന്‍ട് ഫിനാന്‍ഷ്യല്‍ കരസ്ഥമാക്കിയത്.

2018ന്റെ അവസാന മൂന്നു മാസങ്ങളില്‍ അഞ്ച് ഫിന്‍ടെക് കമ്പനികള്‍ യുനികോണ്‍ പദവിയിലേക്ക് എത്തി. 1 ബില്യണ്‍ ഡോളറിന് മുകളില്‍ മൂല്യം കണക്കാക്കുന്ന കമ്പനികളാണ് യുനികോണുകള്‍. ക്രെഡിറ്റ് കാര്‍ഡ് കമ്പനി ബ്രെക്‌സ്, ഡിജിറ്റല്‍ ബാങ്ക് മോണ്‍സോ, ഡാറ്റ അഗ്രഗേറ്റര്‍ പ്ലെയ്ഡ് എന്നിവയെല്ലാം ഈ പദവിയിലേക്ക് എത്തിയിട്ടുണ്ട്. മികച്ച വളര്‍ച്ചാ സാധ്യതയും കൂടുതല്‍ ധനകാര്യ സ്ഥാപനങ്ങള്‍ ഫിന്‍ ടെക് മേഖലയിലേക്ക് എത്തുന്നതും കണക്കിലെടുത്ത് വെഞ്ച്വര്‍ കാപ്പിറ്റലുകള്‍ വന്‍തോതിലുള്ള നിക്ഷേപമാണ് ഫിന്‍ ടെക് കമ്പനികളില്‍ നടത്തുന്നത്.
വായ്പ നല്‍കല്‍, ബാങ്കിംഗ് സേവനങ്ങള്‍, ആസ്തി ക്രമീകരണം തുടങ്ങി എല്ലാ ധനകാര്യ മേഖലകളിലും ഫിന്‍ ടെക് കമ്പനികള്‍ ലോകത്തിന്റെ എല്ലായിടങ്ങളിലും വളര്‍ന്നു വരുന്നുണ്ട്. വന്‍കിട നിക്ഷേപ കരാറുകള്‍ ഈ മേഖലയില്‍ സംഭവിക്കുന്നതിനാല്‍ സമീപ ഭാവിയില്‍ ഫിന്‍ടെക് കമ്പനികള്‍ പ്രാഥമിക ഓഹരി വില്‍പ്പനയിലേക്ക് നീങ്ങാന്‍ സാധ്യതയില്ലെന്നാണ് സിബി ഇന്‍സൈറ്റ്‌സ് വിലയിരുത്തുന്നത്.

ഏഷ്യയാണ് ഫിന്‍ടെകുകളുടെ നിക്ഷേപ ഇടപാടുകളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം വലിയ മുന്നേറ്റം നടത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏഷ്യയിലെ നിക്ഷേപങ്ങളുടെ മൂല്യം 38 ശതമാനം വര്‍ധിച്ച് 22.65 ബില്യണ്‍ ഡോളറിലെത്തി. 659 ഇടപാടുകളിലൂടെ 11.89 മില്യണിന്റെ സമാഹരണമാണ് യുഎസിലെ ഫിന്‍ടെകുകള്‍ 2018ല്‍ നടത്തിയത്. യൂറോപ്പില്‍ നിക്ഷേപ കരാറുകളുടെ എണ്ണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞെങ്കിലും 3.53 ബില്യണിന്റെ റെക്കോഡ് ഫണ്ടിംഗ് രേഖപ്പെടുത്താനായി.

Comments

comments

Categories: Business & Economy