യൂറോപ്പിന്റെ ‘ഹൃദയം’ ദുബായില്‍…

യൂറോപ്പിന്റെ ‘ഹൃദയം’ ദുബായില്‍…

യൂറോപ്പിന്റെ ഒരു പതിപ്പ് ദുബായില്‍ ഉണ്ടെങ്കിലോ…സംഗതി കിടിലനാകുമല്ലേ…ഇതാ 5 ബില്ല്യണ്‍ ഡോളറിന്റെ മെഗാ പദ്ധതി, വര്‍ഷങ്ങള്‍ക്ക് മുമ്പ് പദ്ധതിയിട്ട് എങ്ങുമെത്താതെ പോയ ‘ദ വേള്‍ഡി’ന്റെ ഭാഗമാണ് ഹാര്‍ട്ട്് ഓഫ് യൂറോപ്…സാഹസിക ടൂറിസത്തിന് പുതുഭാഷ്യം ചമയ്ക്കുമിത്, ഒപ്പം ആഡംബര ടൂറിസത്തിന്റെ അവസാനവാക്കായും മാറും

  • 16,000 ടൂറിസ്റ്റുകളെ ഉള്‍ക്കൊള്ളാവുന്ന അത്യാഡംബര പദ്ധതിയാണ് ഹാര്‍ട്ട് ഓഫ് യൂറോപ്പ്
  • വെനിസും സെന്റ് പീറ്റേഴ്ബര്‍ഗും സ്വീഡനും ജര്‍മനിയുമെല്ലാം ഇവിടുണ്ട്
  • ട്രാവല്‍ ലക്ഷ്വറിയുടെ അവസാനവാക്കെന്ന് വിശേഷണം

ദുബായ്: യൂറോപ്പിന്റെ ഒരു പതിപ്പ് ദുബായിലും. ലളിതമായി ഇങ്ങനെ പറയാം അഞ്ച് ബില്ല്യണ്‍ ഡോളര്‍ മുതല്‍മുടക്കില്‍ ഉയരുന്ന ദുബായിലെ ഒരു മെഗാപദ്ധതിയെക്കുറിച്ച്. ഏകദേശം 16,000 വിനോദസഞ്ചാരികളെ ഉള്‍ക്കൊള്ളിക്കാന്‍ ശേഷിയുള്ള ടൂറിസം പദ്ധതി ആറ് മനുഷ്യനിര്‍മിത ദ്വീപുകളിലായാണ് ഉയരുന്നത്. യൂറോപ്യന്‍ രാജ്യങ്ങളുടെയും നഗരങ്ങളുടെയും മിശ്രിതമാണ് പദ്ധതിക്ക് വേറിട്ട ശൈലി നല്‍കുന്നത്.

ഈ യൂറോപ്പില്‍ സൂര്യന്‍ എപ്പോഴും തിളങ്ങി നില്‍ക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. വെനിസ്, സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്, സ്വീഡെന്‍, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ്…തുടങ്ങി യൂറോപ്പിലെ നിരവധി നഗരങ്ങളെയും രാജ്യങ്ങളെയും ഇവിടെ കാണാം സന്ദര്‍ശകര്‍ക്ക്. കയ്യില്‍ നല്ല കാശുണ്ടെങ്കില്‍ വെക്കേഷന്‍ ഇവിടെ കിടിലനാക്കാമെന്ന് സാരം. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം അനുഭവിക്കാവുന്ന ആഡംബരമാണ് ഓരോ സഞ്ചാരിയെയും കാത്തിരിക്കുന്നത്.

ദ വേള്‍ഡ് പദ്ധതിയുടെ ഭാഗമായാണ് യൂറോപ്പിന്റെ ഹൃദയമെന്ന് വിശേഷിപ്പിച്ചുള്ള പ്രൊജക്റ്റ് ദുബായില്‍ ഒരുങ്ങുന്നത്. 2003ലാണ് ദ വേള്‍ഡിന്റെ നിര്‍മാണം ആരംഭിച്ചത്. 300 കൃത്രിമ ഐലന്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന വിശാലമായ ദ്വീപ സമൂഹം, അതും ലോക ഭൂപടത്തിന്റെ ആകൃതിയില്‍. അതിസമ്പന്നരുടെയും സെലിബ്രിറ്റികളുടെയും കളിത്തൊട്ടിലായി മാറിയേക്കാവുന്ന പദ്ധതിയെന്നാണ് ഇതിനെ സകലരും വിശേഷിപ്പിച്ചത്. പക്ഷേ, 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷം കുറേ വര്‍ഷങ്ങളോളം ദ വേള്‍ഡ് പദ്ധതിയിലെ മിക്ക ഭാഗങ്ങളും അവികസിതമായി കിടന്നു. എന്നാല്‍, ദ ഹാര്‍ട്ട് ഓഫ് യൂറോപ്പ് പദ്ധതി ഇപ്പോള്‍ നിര്‍മാണം പൂര്‍ത്തിയാകാറായി. അധികം വൈകാതെ തന്നെ അതിഥികളെ സ്വീകരിക്കുന്ന അവസ്ഥയിലേക്കെത്തും യൂറോപ്പിന്റെ ഹൃദയം.

അതിഗംഭീര പദ്ധതി

ദുബായില്‍ നടക്കാനിരിക്കുന്ന റീട്ടെയ്ല്‍ മാമാങ്കമായ എക്‌സ്‌പോ 2020യോട് അനുബന്ധിച്ച് ലോഞ്ച് ചെയ്യാന്‍ പാകത്തിലാണ് നിലവില്‍ ദ ഹാര്‍ട്ട് ഓഫ് യൂറോപ്പിന്റെ നിര്‍മാണം പുരോഗമിക്കുന്നത്. 2020ല്‍ എക്‌സ്‌പോ തുടങ്ങുന്നതോടു കൂടി ദ ഹാര്‍ട്ട് ഓഫ് യൂറോപ്പിന് വലിയ തോതില്‍ ആവശ്യകതയേറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ക്ലെയിന്‍ഡിയന്‍സ്റ്റാണ് പദ്ധതിയുടെ ഡെവലപ്പര്‍.

എന്തെല്ലാമുണ്ട്…

ഹാര്‍ട്ട് ഓഫ് യൂറോപ്പില്‍ എന്തെല്ലാമാണുള്ളതെന്ന് നോക്കാം…13 ഹോട്ടലുകളും 4,000 ഹോളിഡേ ഹോംസും യൂറോപ്പിന്റെ ഹൃദയത്തിന് മിഴിവേകുന്നു. കാലാവസ്ഥാ നിയന്ത്രിത തെരുവുകളും അണ്ടര്‍വാട്ടര്‍ ബെഡ്‌റൂമുകളും ഹാര്‍ട്ട് ഓഫ് യൂറോപ്പിന്റെ സവിശേഷതകളാണ്. ആറ് മില്ല്യണ്‍ ചതുരശ്രയടിയിലാണ് പദ്ധതി ഉയരുന്നത്. ഒറ്റ സമയത്ത് തന്നെ 16,000 പേരെ ഉള്‍ക്കൊള്ളാവുന്നതാണ് ഈ മെഗാ പ്രൊജക്റ്റ്.

സ്വീഡന്‍ ഐലന്‍ഡില്‍ 10 വാട്ടര്‍ഫ്രന്റ് പാലസുകള്‍, ജര്‍മനി ഐലന്‍ഡില്‍ 32 വില്ലകള്‍, സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് ഐലന്‍ഡില്‍ 78 ഒഴുകുന്ന വീടുകള്‍ എന്നിങ്ങനെയാണ് അത്യാധുനിക ശൈലിയില്‍ പ്രോപ്പര്‍ട്ടികള്‍ വരുന്നത്.

ഒരു സ്വീഡിഷ് പാലസിന്റെ നിര്‍മാണം ഇതിനോടകം പൂര്‍ത്തിയായി. ബാക്കി ഒമ്പത് വീടുകളുടെ നിര്‍മാണം 70 ശതമാനം പൂര്‍ത്തിയായതായി കമ്പനി അറിയിച്ചു. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിനുള്ളത് റൊമാന്റിക് ആശയമാണ്.

പദ്ധതിയുടെ കൈമാറ്റം ഈ വര്‍ഷം തന്നെ ഉണ്ടാകും. 2020 ആകുമ്പോഴേക്കും പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. രണ്ടാം വീടിനായി വല്ലാതെ ആഗ്രഹിക്കുന്നവരെയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനോടകം തന്നെ 85 യൂണിറ്റുകള്‍ വില്‍പ്പന നടത്തിയതായി കമ്പനി അവകാശപ്പെടുന്നു. ഗള്‍ഫ് മേഖലയില്‍ നിന്നുതന്നെയാണ് 70 ശതമാനം ഉപഭോക്താക്കളും.

സ്‌റ്റേക്കേഷന്‍ ഡെസ്റ്റിനേഷനായി മാറാനാണ് ദ ഹാര്‍ട്ട് ഓഫ് യൂറോപ്പ് ലക്ഷ്യമിടുന്നതെന്ന് പദ്ധതിക്ക് പിന്നിലുള്ളവര്‍ പറയുന്നു. സ്വീഡനിലെ 10 പ്രോപ്പര്‍ട്ടികളും വിറ്റുപോയിക്കഴിഞ്ഞു. ഗള്‍ഫ് മേഖലയില്‍ നിന്നുള്ള എട്ട് ശതകോടീശ്വരന്മാരും യുഎസില്‍ നിന്നുള്ള രണ്ട് ശതകോടീശ്വരന്മാരുമാണ് ഇത് വാങ്ങിയത്.

പദ്ധതിയുടെ രണ്ടാംഘട്ട വികസനത്തില്‍ മെയ്ന്‍ യൂറോപ്പിലാണ് നിര്‍മാണ കമ്പനി ക്ലെയിന്‍ഡിയന്‍സ്റ്റ് ഊന്നല്‍ നല്‍കുന്നത്. ഇറ്റലിയിലെയും ഫ്രാന്‍സിലെയും നഗരങ്ങളെ മാതൃകയാക്കിയാണ് ഇവ വരുന്നത്. 2020 ആകുമ്പോഴേക്കും ഇതിന്റെ നിര്‍മാണം പൂര്‍ണമാകും.
ഡൈവിംഗിനായി കൃത്രിമ കോറല്‍ റീഫുകളടക്കമുള്ള പലവിധ സൗകര്യങ്ങള്‍ ഇതിലുണ്ടാകും. ഒഴുകുന്ന വീടുകളായിരിക്കും ഈ ഘട്ടത്തിലെ പ്രത്യേകത. സമുദ്ര ജീവിതം തങ്ങളുടെ അണ്ടര്‍വാട്ടര്‍ ബെഡ്‌റൂമുകളിലും ബാത് റൂമുകളിലുമിരുന്ന് നോക്കികാണാന്‍ ടൂറിസ്റ്റുകള്‍ക്ക് സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും സവിശേഷമായ സെല്ലിംഗ് പോയ്ന്റ്.

പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ ഒഴുകുന്ന വെനിസ് നഗരം യാഥാര്‍ത്ഥ്യമാകും. സാഹസിക ടൂറിസത്തിന്റെ കൂടി പുതിയ പതിപ്പായി ഈ പദ്ധതി മാറിയേക്കുമെന്നാണ് കരുതുന്നത്. സുസ്ഥിരമായ ഒരു സമുദ്ര വാസസ്ഥലം വികസിപ്പിച്ചെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ക്ലെയിന്‍ഡിയന്‍സ്റ്റ് പറയുന്നത്.

Comments

comments

Categories: Arabia
Tags: Dubai