സൈനിക സാന്നിധ്യം ബീജിംഗ് വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

സൈനിക സാന്നിധ്യം ബീജിംഗ് വര്‍ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: ദക്ഷിണ ചൈനാക്കടലില്‍ സൈനിക സാന്നിധ്യം ബീജിംഗ് വര്‍ധിപ്പിക്കുന്നതായി അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടു ചെയതു. സ്പാര്‍ട്ട്‌ലി ഐലന്‍ഡ്‌സില്‍ സൈനികവും സൈനികേതരവുമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ചൈനയുടെ നീക്കങ്ങള്‍ ദക്ഷിണേഷ്യക്കും ആഗോളതലത്തില്‍ തന്നെയും ഭീഷണി ഉയര്‍ത്തുന്നതാണ്. മറ്റ് രാജ്യങ്ങളിലെ രാഷ്ട്രീയത്തെയും സമ്പദ് വ്യവസ്ഥയും ചൈന നേരിട്ടല്ലാതെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണ്. ഇത് ദക്ഷിണേഷ്യയില്‍ അമേരിക്കയുടെയും സഖ്യരാജ്യങ്ങളുടെയും സ്വാധീനത്തെ തകര്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്തവര്‍ഷത്തില്‍ ചൈനയും റഷ്യയും സൈനിക, സാങ്കേതിക രംഗങ്ങളില്‍ യുഎസ് അടക്കമുള്ള രാജ്യങ്ങളുടെ നേധാവിത്വത്തെ ചോദ്യം ചെയ്യും. അതിശക്തമായ മത്സരമായിരിക്കും ഈ മേഖലയില്‍ നടക്കാന്‍ പോകുന്നത്. ഇത് ദേശീയ സുരക്ഷിതത്വത്തെയും ബാധിക്കും. ബീജിംഗിന്റെ സൈനിക ശേഷിയെയും വ്യാപ്തിയും നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. കൂടുതല്‍ വിനാശകാരികളായ ആയുധങ്ങള്‍ വികസിപ്പിക്കുന്നതിലും അത്യാധുനീകമായവ വിന്യസിക്കുന്നതിലും വന്‍തോതിലാണ് അവര്‍ പണമൊഴുക്കുന്നത്. അവരുടെ സ്വാധീന ശക്തി വിപുലപ്പെടുത്താനായും സൈനികമേധാവിത്വം ഉപയോഗിക്കുന്നു. അതുവഴി വിശാലമായ രാഷ്ട്രീയ സാമ്പത്തിക സ്വാധീനം ചൈന ഉറപ്പാക്കുകയാണ്. ഇതിനുദാഹരണമാണ് ബെല്‍റ്റ് റോഡ് പദ്ധതിയെന്നും യുഎസ് ഇന്റലിജന്‍സ് മേധാവി ഡാന്‍ കോട്‌സ് സെനറ്റിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ദക്ഷിണ ചൈനാ കടലില്‍ അവര്‍ നിയന്ത്രണം വര്‍ധിപ്പിക്കുന്നതും വിദേശത്ത് സാന്നിധ്യമുറപ്പിക്കുന്നതും ഈ പ്രവണതയുടെ ഭാഗമാണ്. ട്രാന്‍സിറ്റ്പസിഫിക് പാര്‍ട്ണര്‍ഷിപ്പ് ട്രേഡ് കരാറില്‍ നിന്ന് വാഷിംഗ്ടണ്‍ പിന്‍മാറിയതോടെ ചൈന ബഹുസ്വരത, വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ പരിഷ്‌കാരങ്ങള്‍ എന്നിവയ്ക്കുവേണ്ടി ആസിയാനുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു. ബീജിംഗ് അവകാശമുന്നയിച്ചിട്ടുള്ള ദക്ഷിണ ചൈനാക്കടലില്‍ കയറാനുള്ള അമേരിക്കയുടെ സ്വാതന്ത്ര്യം മേഖലക്കുതന്നെ ഭീഷണിയാണെന്ന് ചൈന ആസിയാന്‍ രാജ്യങ്ങളെ ധരിപ്പിച്ചു.

നിരവധി പസഫിക് ദ്വീപുരാജ്യങ്ങളെയും ചൈന സ്വാധീനിച്ചിട്ടുണ്ട്. ഇതിനായി കൈക്കൂലി, അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കുള്ള നിക്ഷേപം, കൂടാതെ പ്രാദേശിക നേതാക്കളുമായുമായുള്ള നയതന്ത്ര ബന്ധം എന്നിവയെല്ലാം അവര്‍ ഉപയോഗിക്കുന്നു. മ്യാന്‍മാറിനെ അന്താരാഷ്ട്ര ഉപരോധത്തില്‍നിന്നു രക്ഷിക്കാനും അവര്‍ക്കു കഴിഞ്ഞതായി റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

42 പേജുവരുന്ന റിപ്പോര്‍ട്ട് അമേരിക്കക്കെതിരെയുള്ള ചൈനയുടെ നേരിട്ടുള്ള ഭീഷണി വിശദീകരിക്കുന്നതാണ്. ഇതില്‍ സൈബര്‍ ഓപ്പറേഷന്‍സും വിവരങ്ങള്‍ മോഷ്ടിക്കുന്നതും ഉള്‍പ്പെടുന്നു. അമേരിക്കക്കെതിരായ സൈബര്‍ ചാരപ്രവര്‍ത്തനത്തില്‍ ചൈന മുന്‍പന്തിയിലാണ്. സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകാമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പുനല്‍കുന്നു. അതിനുള്ള ശേഷി ബീജിംഗിനുണ്ട്. ഇത് അമേരിക്കയിലെ ജീവിതത്തെ തകിടം മറിച്ചേക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു.

Comments

comments

Categories: World