പുതുമോടിയോടെ ബലേനോ ഫേസ്‌ലിഫ്റ്റ് വിപണിയില്‍

പുതുമോടിയോടെ ബലേനോ ഫേസ്‌ലിഫ്റ്റ് വിപണിയില്‍

ഡെല്‍ഹി എക്‌സ് ഷോറൂം വില 5.45 ലക്ഷം മുതല്‍ 8.77 ലക്ഷം രൂപ വരെ

ന്യൂഡെല്‍ഹി : ഫേസ്‌ലിഫ്റ്റ് ചെയ്ത മാരുതി സുസുകി ബലേനോ വിപണിയില്‍ അവതരിപ്പിച്ചു. 5.45 ലക്ഷം മുതല്‍ 8.77 ലക്ഷം രൂപ വരെയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് പ്രീമിയം ഹാച്ച്ബാക്കാണ് മാരുതി സുസുകി ബലേനോ. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ബലേനോ പരിഷ്‌കരിക്കുന്നത്. മുന്‍ഗാമിയുമായി താരതമ്യം ചെയ്യുമ്പോള്‍ വിവിധ വേരിയന്റുകളും പവര്‍ട്രെയ്ന്‍ ഓപ്ഷനുകളും അനുസരിച്ച് ഫേസ്‌ലിഫ്റ്റ് ചെയ്ത ബലേനോയുടെ വില 44,000 രൂപ വരെ വര്‍ധിച്ചു.

ഫേസ്‌ലിഫ്റ്റ് ആയതുകൊണ്ടുതന്നെ വമ്പന്‍ മാറ്റങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. മുന്‍ഗാമിയേക്കാള്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. എന്നാല്‍ പുതിയ ബംപര്‍, കൂടുതല്‍ വിസ്തൃതമായ സെന്റര്‍ എയര്‍ഡാം, ഇരുവശങ്ങളിലും എയര്‍ ഡക്റ്റുകള്‍ എന്നിവ ലഭിച്ചിരിക്കുന്നു. ‘പുഞ്ചിരിക്കുന്ന മുഖ’മെന്ന് തോന്നിപ്പിക്കുന്നതാണ് പുതിയ ബലേനോയിലെ ഗ്രില്‍. പുതിയ ഡുവല്‍ ടോണ്‍ 16 ഇഞ്ച് അലോയ് വീലുകളിലാണ് പുതിയ ബലേനോ വരുന്നത്. സൈഡ്, റിയര്‍ പ്രൊഫൈലുകളില്‍ വലിയ മാറ്റം വരുത്തിയിട്ടില്ല. ഫീനിക്‌സ് റെഡ്, മാഗ്മ ഗ്രേ എന്നിവയാണ് പുതിയ രണ്ട് കളര്‍ ഓപ്ഷനുകള്‍.

ഡിസൈന്‍, ഫിനിഷ് എന്നിവയുടെ കാര്യത്തില്‍ മുന്‍ഗാമിയുമായി സാമ്യമുള്ളതാണ് പുതിയ ബലേനോയുടെ കാബിന്‍. സില്‍വര്‍, ബ്ലൂ ഇന്‍സര്‍ട്ടുകളോടെ ഓള്‍-ബ്ലാക്ക് തീം കാബിന്‍ അതേപോലെ തുടരുന്നു. എന്നാല്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റമായി മാരുതി പുതുതായി വികസിപ്പിച്ച സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ നല്‍കി. ഫേസ്‌ലിഫ്റ്റ് ചെയ്ത ബലേനോയിലെ ഏറ്റവും വലിയ മാറ്റം ഇതാണെന്ന് പറയാം. നിലവിലെ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ കൂടാതെ ഇപ്പോള്‍ ഏറ്റവും പുതിയ സംഗീതം ആസ്വദിക്കുന്നതിനും വാര്‍ത്തകള്‍ സര്‍ഫ് ചെയ്യുന്നതിനും സാധിക്കും. കൂടാതെ കാലാവസ്ഥ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ ലഭിക്കും. ചുറ്റുമുള്ള ഭക്ഷണശാലകള്‍ കണ്ടെത്താന്‍ കഴിയും. ഇന്റര്‍ഫേസ് കസ്റ്റമൈസ് ചെയ്യുന്നതിനുള്ള ഓപ്ഷന്‍ കൂടി 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ സിസ്റ്റം നല്‍കുന്നു. നാവിഗേഷന്‍ കൂടാതെ, വെഹിക്കിള്‍ അലര്‍ട്ടുകള്‍ ലഭിക്കുന്നതിലൂടെ കാറിന്റെ നിലവിലെ സ്ഥിതി (കാര്‍ സ്റ്റാറ്റസ്) നിങ്ങള്‍ക്ക് അറിയാം.

പുതിയ ബലേനോയുടെ പവര്‍ട്രെയ്ന്‍ ഓപ്ഷനുകളില്‍ മാറ്റമില്ല. 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് എന്‍ജിന്‍ ഓപ്ഷനുകള്‍. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സാണ് രണ്ട് എന്‍ജിനുകളുടെയും സ്റ്റാന്‍ഡേഡ് കൂട്ട്. എന്നാല്‍ പെട്രോള്‍-സിവിടി ഓപ്ഷനും ലഭ്യമാണ്. ഇരട്ട എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി (ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍), ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നീ സുരക്ഷാ ഫീച്ചറുകള്‍ എല്ലാ വേരിയന്റുകളിലും സ്റ്റാന്‍ഡേഡായി നല്‍കുന്നു.

2019 ബലേനോ ഫേസ്‌ലിഫ്റ്റ് ഡെല്‍ഹി എക്‌സ് ഷോറൂം വില

വേരിയന്റ് പെട്രോള്‍-മാന്വല്‍ പെട്രോള്‍-സിവിടി ഡീസല്‍-മാന്വല്‍

സിഗ്മ 5.45 ലക്ഷം ——— 6.60 ലക്ഷം

ഡെല്‍റ്റ 6.16 ലക്ഷം 7.48 ലക്ഷം 7.31 ലക്ഷം

സീറ്റ 6.84 ലക്ഷം 8.16 ലക്ഷം 7.99 ലക്ഷം

ആല്‍ഫ 7.45 ലക്ഷം 8.77 ലക്ഷം 8.60 ലക്ഷം

Comments

comments

Categories: Auto