2019 സുസുകി വി-സ്‌ട്രോം 650എക്‌സ്ടി എബിഎസ് അവതരിപ്പിച്ചു

2019 സുസുകി വി-സ്‌ട്രോം 650എക്‌സ്ടി എബിഎസ് അവതരിപ്പിച്ചു

ഡെല്‍ഹി എക്‌സ് ഷോറൂം വില 7.46 ലക്ഷം രൂപ

ന്യൂഡെല്‍ഹി : 2019 മോഡല്‍ സുസുകി വി-സ്‌ട്രോം 650എക്‌സ്ടി എബിഎസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 7.46 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. പുതിയ ഗ്രാഫിക്‌സ്, സൈഡ് റിഫഌക്റ്ററുകള്‍, ഹസാര്‍ഡ് ലൈറ്റുകള്‍ തുടങ്ങിയ മാറ്റങ്ങളോടെയാണ് അഡ്വഞ്ചര്‍ ടൂറിംഗ് ബൈക്ക് ഇപ്പോള്‍ വരുന്നത്. ചാംപ്യന്‍ യെല്ലോ, പേള്‍ ഗ്ലേസിയര്‍ വൈറ്റ് എന്നീ രണ്ട് കളര്‍ സ്‌കീമുകളില്‍ മിഡില്‍വെയ്റ്റ് അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ ലഭിക്കും.

മെക്കാനിക്കല്‍ മാറ്റങ്ങളില്ല. 645 സിസി, 90 ഡിഗ്രി, വി-ട്വിന്‍, 4 സ്‌ട്രോക്ക്, ഡിഒഎച്ച്‌സി, ലിക്വിഡ് കൂള്‍ഡ് മോട്ടോര്‍ സുസുകി വി-സ്‌ട്രോം 650എക്‌സ്ടി എബിഎസ് മോട്ടോര്‍സൈക്കിളിന് കരുത്തേകും. ഈ എന്‍ജിന്‍ 70 ബിഎച്ച്പി കരുത്തും 68 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ ടെക്‌നോളജി ബൈക്കിന്റെ പെര്‍ഫോമന്‍സ് വര്‍ധിപ്പിക്കുന്നു.

ഭാരം കുറഞ്ഞ ഡുവല്‍ ചാനല്‍ എബിഎസ് യൂണിറ്റ് ഏത് ദുഷ്‌കരമായ പാതകളിലും അസാധാരണമായ ബ്രേക്കിംഗ്, മികച്ച ഗ്രിപ്പ് എന്നിവ നല്‍കും. 3 മോഡ് (2 മോഡ് + ഓഫ് മോഡ്) ട്രാക്ഷന്‍ കണ്‍ട്രോള്‍ സവിശേഷതയാണ്. 216 കിലോഗ്രാമാണ് മോട്ടോര്‍സൈക്കിളിന്റെ ഭാരം. ഇന്ധന ടാങ്കിന്റെ ശേഷി 20 ലിറ്റര്‍.

19 ഇഞ്ച് വ്യാസമുള്ള മുന്‍ ചക്രത്തിലും 17 ഇഞ്ച് പിന്‍ ചക്രത്തിലുമാണ് സുസുകി വി-സ്‌ട്രോം 650എക്‌സ്ടി എബിഎസ് വരുന്നത്. സ്‌പോക്ഡ് വീലുകളില്‍ ട്യൂബ്‌ലെസ് ടയറുകള്‍ നല്‍കിയിരിക്കുന്നു. മുന്നില്‍ 150 എംഎം ട്രാവല്‍ ചെയ്യുന്ന 43 എംഎം ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ പ്രീലോഡ് അഡ്ജസ്റ്റബിള്‍ മോണോഷോക്കും ഉപയോഗിക്കുന്നു. മുന്‍ ചക്രത്തില്‍ ടോക്കികോ 2 പിസ്റ്റണ്‍ കാലിപറുകളും പിന്നില്‍ നിസിന്‍ സിംഗിള്‍ ഡിസ്‌ക്കും ബ്രേക്കിംഗ് ജോലികള്‍ നിര്‍വ്വഹിക്കും.

Comments

comments

Categories: Auto