2018ലെ എഫ്എംസിജി വളര്‍ച്ച ഏഴു വര്‍ഷത്തിലെ ഉയര്‍ന്ന നിലയില്‍

2018ലെ എഫ്എംസിജി വളര്‍ച്ച ഏഴു വര്‍ഷത്തിലെ ഉയര്‍ന്ന നിലയില്‍

വില്‍പ്പന അളവില്‍ 10.7 ശതമാനം വര്‍ധനയാണ് 2018ല്‍ രേഖപ്പെടുത്തിയതെന്ന് നീല്‍സണ്‍ ഡാറ്റ വ്യക്തമാക്കുന്നു

ന്യൂഡെല്‍ഹി: രാജ്യത്തെ കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങളുടെ വിപണിയില്‍ കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത് ഏഴു വര്‍ഷത്തിനിടയില്‍ വില്‍പ്പനയളവിലുണ്ടായ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച. മികച്ച മണ്‍സൂണ്‍ ലഭിച്ചതും വിപണി മനോഭാവം മെച്ചപ്പെട്ടതുമാണ് വളര്‍ച്ചയെ നയിച്ചത്. ചരക്കു സേവന നികുതിയോട് വിപണി പൊരുത്തപ്പെടു തുടങ്ങിയതും മറ്റ് സൂക്ഷ്മ സാമ്പത്തിക ഘടകങ്ങളും അനുകൂലമായിരുന്നു.

വ്യക്തിഗത ഉല്‍പ്പന്നങ്ങള്‍, പലചരക്ക് മറ്റ് ദൈനംദിന ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെയെല്ലാം ആവശ്യകത ഉയര്‍ന്ന നിലയില്‍ എത്തിയെന്നും വില്‍പ്പന അളവില്‍ 10.7 ശതമാനം വര്‍ധനയാണ് 2018ല്‍ രേഖപ്പെടുത്തിയതെന്നും നീല്‍സണ്‍ ഡാറ്റ വ്യക്തമാക്കുന്നു. മൂല്യത്തിന്റെ അടിസ്ഥാനത്തിലുള്ള വളര്‍ച്ച 13.8 ശതമാനമാണ്. മുന്‍ വര്‍ഷത്തിലും സമാനമായ വളര്‍ച്ചയാണ് മൂല്യത്തിന്റെ അടിസ്ഥാനത്തിലുള്ള വളര്‍ച്ചയില്‍ രേഖപ്പെടുത്തിയിരുന്നത്. മിക്ക കമ്പനികളും വില വര്‍ധിപ്പിക്കുന്നതില്‍ നിന്ന് പിന്തിരിഞ്ഞു നിന്നതാണ് മൂല്യത്തിന്റെ അടിസ്ഥാനത്തിലുള്ള വളര്‍ച്ച കൂടുതല്‍ മുകളില്‍ പോകാതിരിക്കാന്‍ ഇടയാക്കിയത്. 2017ല്‍ വില്‍പ്പനയളവിന്റെ അടിസ്ഥാനത്തില്‍ 9 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

ഗ്രാമീണ മേഖലയിലെ ആവശ്യകതയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വലിയ ഉണര്‍വാണ് പ്രകടമാകുന്നതെന്ന് പാര്‍ലെ പ്രൊഡക്റ്റ്‌സിന്റെ സീനിയര്‍ കാറ്റഗറി ഹെഡായ ബി കൃഷ്ണ റാവു പറയുന്നു. നഗര മേഖലയിലും വളര്‍ച്ച തുടരുന്നുണ്ട്. ഇതോടെ വില്‍പ്പന അളവിലും മൂല്യത്തിലും ഇരട്ടയക്ക വളര്‍ച്ച സ്വന്തമാക്കാന്‍ കമ്പനിക്കായെന്ന് കൃഷ്ണ റാവു പറയുന്നു. ഹിന്ദുസ്ഥാന്‍ യുനിലിവര്‍ ഉള്‍പ്പടെയുള്ള മറ്റ് പ്രമുഖ എഫ്എംസിജി കമ്പനികളും സമാനമായ നിരീക്ഷണമാണ് പങ്കുവെക്കുന്നത്.

വരള്‍ച്ചയും കാര്‍ഷികോല്‍പ്പന്നങ്ങളുടെ കുറഞ്ഞ വിലയും മുന്‍ വര്‍ഷങ്ങളില്‍ ഗ്രാമീണ ആവശ്യകതയെ ബാധിച്ചിരുന്നു. അല്‍പ്പകാലം മുമ്പ് നഗരങ്ങളേക്കാള്‍ ഇരട്ടി വളര്‍ച്ചയാണ് എഫ്എംസിജി ഉല്‍പ്പന്നങ്ങളുടെ ഗ്രാമീണ ആവശ്യകതയില്‍ പ്രകടമായിരുന്നത്. എന്നാല്‍ 2016ഓടു കൂടിയാണ് ഇതില്‍ മാറ്റമുണ്ടായത്. നോട്ട് നിരോധനവും രണ്ട് വര്‍ഷത്തിലെ തുടര്‍ച്ചയായ വരള്‍ച്ചയും ഇതില്‍ പ്രധാന ഘടകങ്ങളായി. ജിഎസ്ടിയിലേക്കുള്ള പരിവര്‍ത്തനം 2017ലും അനിശ്ചിതത്വങ്ങള്‍ക്കിടയാക്കി. ഇതില്‍ നിന്നെല്ലാമുള്ള തിരിച്ചുവരവ് 2018ല്‍ സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ജിഎസ്ടി നിരക്കിളവ് പല ഉല്‍പ്പന്നങ്ങള്‍ക്കും ലഭ്യമായതിനാല്‍ ചുരുക്കം ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമാണ് വില വര്‍ധന നടപ്പിലാക്കിയത്. നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിലായിരുന്നു ക്രൂഡ് ഓയില്‍ വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ പല എഫ്എംസിജി ഉല്‍പ്പന്നങ്ങള്‍ക്കും വില വര്‍ധിച്ചത്. എന്നാല്‍ ക്രൂഡ് വിലയില്‍ തിരുത്തലുണ്ടായതിനെ തുടര്‍ന്ന് മൂന്നാം പാദത്തില്‍ വിവിധ പ്രൊമോഷണല്‍ ഓഫറുകളിലൂടെയാണ് കമ്പനികള്‍ ഈ ആനുകൂല്യം ഉപയോക്താക്കളിലേക്ക് എത്തിച്ചത്.

Comments

comments

Categories: Business & Economy
Tags: FMCG