ഓസ്‌ട്രേലിയയില്‍ നൂറ് കണക്കിന് മത്സ്യങ്ങള്‍ ചത്തു പൊങ്ങി

ഓസ്‌ട്രേലിയയില്‍ നൂറ് കണക്കിന് മത്സ്യങ്ങള്‍ ചത്തു പൊങ്ങി

കാന്‍ബെറ: കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ഓസ്‌ട്രേലിയയില്‍ വരള്‍ച്ച ബാധിത പ്രദേശങ്ങളിലുള്ള നദികളില്‍ നൂറുകണക്കിന് മത്സ്യങ്ങള്‍ ചത്തു പൊങ്ങി. വരും ദിവസങ്ങളിലും കൂടുതല്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഡാര്‍ലിങ് നദിക്കു ചുറ്റുമുള്ള തദ്ദേശവാസികള്‍ തിങ്കളാഴ്ച നദിക്കു സമീപമെത്തിയപ്പോള്‍ വെളുത്ത കടലിന്റെ മുന്‍പില്‍ നില്‍കുന്നതു പോലെയായിരുന്നു അനുഭവപ്പെട്ടത്. മെനിന്‍ഡീ നഗരത്തിന്റെ തെക്ക് കിഴക്കുള്ള ജനവാസമില്ലാത്ത പ്രദേശത്തുള്ള നദി നിറയെ ചത്ത മത്സ്യങ്ങള്‍ കൊണ്ടു നിറഞ്ഞിരുന്നു. ഏതാനും ആഴ്ചകള്‍ക്കു മുന്‍പു നദിയില്‍ ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് ഓക്‌സിജന്റെ അളവ് കുറഞ്ഞതും, മത്സ്യങ്ങളുടെ ഭക്ഷ്യവിഭവങ്ങള്‍ കാണപ്പെടുന്ന പ്രദേശത്തു വിഷമയമുള്ള ആല്‍ഗേയുടെ (സമുദ്രങ്ങളിലും നദികളും കാണപ്പെടുന്ന പായലുകള്‍) സാന്നിധ്യമുള്ളതും ആയിരക്കണക്കിനു മത്സ്യങ്ങളുടെ കൂട്ടക്കുരുതിക്കു കാരണമായി തീര്‍ന്നിരുന്നു. ഈ സംഭവത്തിനു ശേഷമാണ് ഇപ്പോള്‍ വീണ്ടും മത്സ്യങ്ങള്‍ ചത്തു പൊങ്ങിയിരിക്കുന്നത്. ന്യൂ സൗത്ത് വെയ്ല്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പ്രൈമറി ഇന്‍ഡസ്ട്രീസിലെ ഇന്‍സ്‌പെക്‌റ്റേഴ്‌സ് സംഭവസ്ഥലം സന്ദര്‍ശിച്ചു. ഡാര്‍ലിങ് നദിയില്‍ ഇനിയും മത്സ്യങ്ങള്‍ ചത്തൊടുങ്ങുമെന്നും നിരവധി മത്സ്യങ്ങളില്‍ അതിന്റെ ലക്ഷണം കാണാനാവുന്നുണ്ടെന്നും ഇന്‍സ്‌പെക്റ്റര്‍മാര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ താപനില ഉയരുന്നതും മഴ പെയ്യാന്‍ സാധ്യതയില്ലാത്തതുമാണു മത്സ്യങ്ങള്‍ക്കു ഭീഷണിയാകുന്നതെന്നും അവര്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി ആയിരക്കണക്കിനു കിലോമീറ്ററുകള്‍ വ്യാപിച്ചുകിടക്കുന്ന മുറേ-ഡാര്‍ലിങ് നദിയുടെ ഭാഗമാണു ഡാര്‍ലിങ് നദി. മത്സ്യങ്ങള്‍ ചത്തു പൊങ്ങാനുള്ള കാരണമായി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത് വരള്‍ച്ചയെയാണെങ്കിലും, പ്രദേശവാസികള്‍ ആരോപിക്കുന്നത് മലിനീകരണമാണു മത്സ്യങ്ങളുടെ നാശത്തിനു കാരണമായതെന്നാണ്.

Comments

comments

Categories: FK News