സ്റ്റാന്‍ഡപ് ഇന്ത്യ, ഇന്ത്യയിലിത് സ്റ്റാര്‍ട്ടപ്പുകളുടെ സുവര്‍ണയുഗം

സ്റ്റാന്‍ഡപ് ഇന്ത്യ, ഇന്ത്യയിലിത് സ്റ്റാര്‍ട്ടപ്പുകളുടെ സുവര്‍ണയുഗം

പിന്തിരിഞ്ഞ് നോക്കുകയാണെങ്കില്‍ അസാധാരണ വളര്‍ച്ച കൈവരിച്ച ഒന്നായിരുന്നു സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതി എന്ന് നിസ്സംശയം പറയാം

എന്തെങ്കിലും ആകാന്‍ വേണ്ടി സ്വപ്‌നം കാണരുത്, സ്വപ്‌നം കാണുകയാണെങ്കില്‍ എന്തെങ്കിലും ചെയ്യുന്നതിനെ കുറിച്ച് സ്വപ്‌നം കാണൂ.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളാണിത്. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, സ്റ്റാന്‍ഡപ്പ് ഇന്ത്യ എന്ന ഇന്ത്യയുടെ അഭിമാന പദ്ധതിയുടെ അടിസ്ഥാനവും ഈ വാക്കുകളാണ്. ഇന്ത്യയെ ലോകത്തിലെ തന്നെ ഏറ്റവും വലുതും ഊര്‍ജസ്വലവുമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥകളില്‍ ഒന്നാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള സുപ്രധാന പദ്ധതിയാണിത്. ശക്തവും സജീവവും വളര്‍ച്ചാ കേന്ദ്രീകൃതവുമായ അന്തരീക്ഷം ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒരുക്കിക്കൊടുക്കുന്നതിനും അതുവഴി ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ ഇന്ത്യയില്‍ വളര്‍ന്നുവരുന്നതിനുമായി പല നയരൂപീകരണങ്ങളും നടത്തി ആഗോളനിലവാരത്തിലുള്ള സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് തറക്കല്ലിടുന്നതാണ് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ.

2016 ജനുവരി 16ന് ആരംഭിച്ച ഈ പദ്ധതി മൂന്നാംവാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ എത്രത്തോളം വിജയകരമായിരുന്നു ഇതെന്ന് പരിശോധിക്കപ്പെടേണ്ടതാണ്.

പിന്തിരിഞ്ഞ് നോക്കുകയാണെങ്കില്‍ അസാധാരണ വളര്‍ച്ച കൈവരിച്ച ഒന്നായിരുന്നു സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതി എന്ന് നിസ്സംശയം പറയാം. പ്രത്യേകിച്ച്, ബിസിനസ് നടത്തിക്കൊണ്ടുപോകാന്‍ ഏറ്റവും എളുപ്പമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ 100 താഴെ മാത്രം റാങ്കുമായി അടിത്തട്ടില്‍ നിന്നിരുന്ന ഒരു രാജ്യത്ത്, മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാല് സംസ്ഥാനങ്ങള്‍ക്ക് മാത്രം കൃത്യമായ സ്റ്റാര്‍ട്ടപ്പ് നയങ്ങള്‍ ഉണ്ടായിരുന്ന ഒരു രാജ്യത്ത് ഈ പദ്ധതി ഉണ്ടാക്കിയ സ്വാധീനവും പ്രഭാവവും അളന്നു തിട്ടപ്പെടുത്താന്‍ കഴിയാത്തതാണ്. പക്ഷേ, മറ്റെല്ലാ മേഖലയിലുമെന്ന പോലെ നിരവധി അപര്യാപ്തതകളും ഫലപ്രദമായ നടത്തിപ്പിന്റെ കുറവുമെല്ലാം ഈ പദ്ധതിക്കുമുണ്ട്. അവയെല്ലാം കാലക്രമേണ പരിഹരിക്കപ്പെടേണ്ടവയാണ്.

എന്താണ് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതി

സംരംഭത്വമെന്ന ആശയത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ച സാധ്യമാക്കുന്നതിനും അവയ്ക്ക് പിന്തുണ നല്‍കുന്ന, ശക്തമായ ഒരു വ്യവസ്ഥിതിക്ക് രൂപം നല്‍കുക എന്ന ലക്ഷ്യത്തോടെ ഉള്ളതായിരുന്നു സ്റ്റാര്‍ട്ടപ്പ് ഇന്ത്യ കര്‍മ്മപദ്ധതി. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഹബ്ബിന്റെ പ്രധാന ഭാഗമെന്ന നിലയില്‍, നിയമങ്ങളും മറ്റ് നടപടിക്രമങ്ങളും സ്വയം പാലിച്ചുള്ള പ്രവര്‍ത്തനരീതിയാണ് സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ അനുവര്‍ത്തിക്കുന്നത്. ചെലവ് കുറച്ചുള്ള ഒരു കേന്ദ്രീകൃത മാതൃകയിലുള്ള ശൈലി പ്രവര്‍ത്തനങ്ങളില്‍ സ്വീകരിക്കാനും സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയിലെ വിവിധ സ്ഥാപനങ്ങളുമായി സഹകരിക്കാനും നവസംരംഭങ്ങള്‍ക്ക് ഇതിലൂടെ സാധിക്കുന്നു.

വായ്പാസഹായമായി 10,000 കോടി രൂപയുടെ ഫണ്ട് (ഫണ്ട് ഓഫ് ഫണ്ട്‌സ് ) അനുവദിച്ചതോടെ ജീവനോപാധി എന്ന നിലയില്‍ സ്റ്റാര്‍ട്ടുപ്പുകളെ കാണുന്നതിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയത്. മാത്രമല്ല, സധൈര്യം മുന്നിട്ടിറങ്ങാവുന്ന തൊഴില്‍മേഖല എന്ന വിശ്വാസത്തില്‍ ഇന്ത്യന്‍ യുവത്വം സംരംഭകത്വത്തിലേക്ക് ഒഴുകിയെത്തുന്നതായും ഈ പദ്ധതിക്ക് ശേഷം ഇന്ത്യ കണ്ടു.

19 പോയിന്റുകളുള്ള സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ പദ്ധതി രൂപരേഖ നിരവധി ഇന്‍കുബേഷന്‍ സെന്ററുകള്‍, ലളിതമായ പേറ്റന്റ് ഫയലിംഗ്, നികുതിയിളവുകള്‍, ബിസിനസ് സംരംഭം ആരംഭിക്കുന്നതിന് ലളിതമായ നടപടിക്രമങ്ങള്‍, വായ്പ നല്‍കുന്നതിനായി 10,000 കോടി രൂപയുടെ കോര്‍പസ് ഫണ്ട്, വിജയകരമല്ലെന്ന് കണ്ടാല്‍ പ്രവര്‍ത്തനങ്ങള്‍ പെട്ടന്ന് അവസാനിപ്പിക്കുന്നതിനുള്ള ലളിതമായ നടപടിക്രമങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു.

വിവരങ്ങളുടെ സുരക്ഷ (ഡാറ്റ പ്രൊട്ടക്ഷന്‍), എയ്ഞ്ചല്‍ ടാക്‌സ്, അനുമതി കാത്ത് കിടക്കുന്ന നയപരിഷ്‌കാരങ്ങള്‍ തുടങ്ങിയ വെല്ലുവിളികളും ന്യൂനതകളും നിലനില്‍ക്കുമ്പോഴും യുഎന്‍ പട്ടികയില്‍ ബിസിനസ് ചെയ്യാന്‍ എളുപ്പമുള്ള രാജ്യങ്ങളില്‍ 77-ാം സ്ഥാനത്തേക്ക് ഇന്ത്യ ഉയര്‍ന്നുവന്നിരിക്കുന്നു. മാത്രമല്ല, അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന നിക്ഷേപകരെ ആകര്‍ഷിക്കുന്നതും ബഹുരാഷ്ട്ര കമ്പനികള്‍ അവരുടെ സാങ്കേതികവിദ്യയെ പിന്താങ്ങുന്ന ടെക് സ്റ്റാര്‍ട്ടപ്പുകളെ സംരക്ഷിക്കുന്നതുമായ അവസ്ഥയിലേക്ക് ഇന്ത്യയിലെ ബിസിനസ് രംഗം വളര്‍ന്നിരിക്കുന്നു. ഏകദേശം 39,000 സ്റ്റാര്‍ട്ടപ്പുകളുടെ ആസ്ഥാനമാണ് ഇന്ന് ഇന്ത്യ.

പദ്ധതി നേട്ടങ്ങള്‍

2016-2019 കാലഘട്ടത്തില്‍ 29 സംസ്ഥാനങ്ങളിലും ആറ് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി കിടക്കുന്ന 492 ജില്ലകളില്‍ ആകെ 11,113 സ്റ്റാര്‍ട്ടപ്പുകള്‍ ഈ പദ്ധതിക്ക് കീഴില്‍ അംഗീകാരം നേടി.

ഇതില്‍ 55%, 27%, 18% എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും നിരയിലുള്ള നഗരങ്ങളിലാണ്.

ഓരോ സ്റ്റാര്‍ട്ടപ്പിനും ശരാശരി 11 ജീവനക്കാരെന്ന കണക്കില്‍ 13,176 അംഗീകൃത സ്റ്റാര്‍ട്ടപ്പുകള്‍ ഏതാണ്ട് 1,48,897 തൊഴിലവസരങ്ങളാണ് ഇക്കാലയളവില്‍ സൃഷ്ടിച്ചത്.

45 ശതമാനം അംഗീകൃത സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒന്നോ അതിലധികമോ വനിത ഡയറക്റ്റര്‍മാരുണ്ട്.

24 സംസ്ഥാനങ്ങള്‍ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ നയം രൂപീകരിച്ചു.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ 22 നിയമ ഭേദഗതികള്‍ നടത്തുകയും 1,275 പേറ്റന്റ് റിബേറ്റുകള്‍ക്ക് അനുമതി നല്‍കുകയും ചെയ്തു.

2016-2018 കാലഘട്ടത്തില്‍ 2,550 ഇടപാടുകളിലൂടെ ഏകദേശം 30.3 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യയിലെ സ്റ്റാര്‍ട്ടപ് സംരംഭങ്ങളില്‍ ഉണ്ടായിരിക്കുന്നത്.

സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഹബ്ബില്‍ ഏകദേശം 288,160 രജിസ്‌റ്റേര്‍ഡ് യൂസേഴ്‌സ് ഉണ്ട്.

ഏകദേശം 121,830 അന്വേഷണങ്ങളോട് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഹബ്ബ് പ്രതികരിക്കുകയും 673 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ട സഹായങ്ങള്‍ ഒരുക്കുകയും ചെയ്തു.

സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പഠന പരിപാടിയില്‍ 233,270 ആളുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇതേ കാലയളവില്‍ തന്നെ സര്‍ക്കാരിന്റെ ഉപദേശക സംഘടനായ നീതി അയോഗ് താഴേക്കിടയിലെ വളര്‍ന്നുവരുന്ന സംരംഭകരുടെ കണ്ടുപിടുത്തങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി അടല്‍ ഇന്നവേഷന്‍ മിഷന്‍ എന്ന പദ്ധതിക്ക് രൂപം നല്‍കി. ഇതിന്റെ ഭാഗമായി 5,442 സഹായകേന്ദ്രങ്ങള്‍ രാജ്യത്തുടനീളം ആരംഭിച്ചു. 2018ലെ കേന്ദ്ര ബജറ്റില്‍ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ കൂടുതല്‍ സഹായിക്കുന്നതിനായി 3414.19 കോടി രൂപ (480 മില്യണ്‍ ഡോളര്‍)യാണ് സാങ്കേതിക മേഖലയിലെ പുതിയ കാല കണ്ടുപിടുത്തങ്ങള്‍ക്ക് വേണ്ടി മാത്രം നീക്കിവെച്ചിരിക്കുന്നത്.

സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതിക്ക് കീഴില്‍ സംരംഭങ്ങള്‍ കൂടുതല്‍ പുനര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു. ഉദാഹരണത്തിന് സംരംഭങ്ങളുടെ പ്രായം അഞ്ചില്‍ നിന്നും ഏഴായി ഉയര്‍ത്തി. രാജ്യത്ത് സ്റ്റാര്‍ട്ടപ്പ് സംസ്‌കാരത്തിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനായി പല ഇടപെടലുകളും കേന്ദ്രം നടത്തി. പേറ്റന്റ് ആപ്ലിക്കേഷുകളില്‍ ഫാസ്റ്റ്ട്രാക്ക് അടിസ്ഥാനത്തിലുള്ള നടപടി, ആദായ നികുതിയിളവ്, സ്വയം സാക്ഷ്യപത്രം എന്നിവ അവയില്‍ ചിലത് മാത്രം. സ്റ്റാര്‍ട്ടപ് ആവാസവ്യവസ്ഥയിലെ വിവിധ ഓഹരിയുടമകള്‍ക്കിടയിലെ അന്തരം കുറയ്ക്കുന്നതിനായി സ്റ്റാര്‍ട്ടപ് ഇന്ത്യ ഹബ്ബിനും കേന്ദ്രം തുടക്കമിട്ടു.

സംസ്ഥാനങ്ങളില്‍ പദ്ധതിയുണ്ടാക്കിയ പ്രഭാവം

സ്റ്റാര്‍ട്ടപ് ഇന്ത്യ പദ്ധതിയുടെ ഭാഗമായി സംസ്ഥാനതലത്തിലുള്ള കണ്ടുപിടുത്തങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈ എടുത്ത് ഇന്‍കുബേറ്ററുകളും കോ വര്‍ക്കിംഗ് ഹബ്ബുകളും സ്ഥാപിച്ചിരുന്നു.

അടുത്തിടെ രാജസ്ഥാനില്‍ നിലവില്‍ വന്ന ഭാമാഷാ ടെക്‌നോ ഹബ്ബ് രാജ്യത്തെ തന്നെ ഏറ്റവും വലിയ ഇന്‍കുബേറ്ററുകളില്‍ ഒന്നാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ കോ-വര്‍ക്കിംഗ് സ്‌പേസുകളില്‍ ഒന്ന് കേരളത്തിലാണ്.

സംസ്ഥാനത്ത് സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായി കര്‍ണ്ണാടക സര്‍ക്കാര്‍ 2,000 കോടി രൂപയാണ് അനുവദിച്ചത്. 2020 ഓടെ 20,000 സ്റ്റാര്‍ട്ടപ്പുകള്‍ സ്ഥാപിക്കുക എന്നതാണ് അവരുടെ ലക്ഷ്യം.

തെലങ്കാന, ആന്ധ്രാപ്രദേശ്, ഒഡീഷ, മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ ചില സംസ്ഥാനങ്ങള്‍ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനും സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ വളര്‍ത്തുന്നതിനുമായി സര്‍വ്വ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു.

സ്റ്റാര്‍ട്ടപ്പ് നയരൂപീകരണം

സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതിയുടെ കാതല്‍ സര്‍ക്കാരിന്റെ സ്റ്റാര്‍ട്ടപ് നയങ്ങളാണെന്ന് പറയാം. വ്യവസായ നയ പ്രോല്‍സാഹന വകുപ്പിന്റെ (ഡിഐപിപി) മേല്‍നോട്ടത്തിലും നിര്‍ദ്ദേശപ്രകാരവും ഇത്തരം നയങ്ങളുടെ കാര്യത്തില്‍ ഗൗരവപൂര്‍ണ സമീപനമാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ളത്. ഈ പദ്ധതി വരുന്നതിന് മുമ്പ് കേവലം നാല് സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് സ്വന്തമായി സ്റ്റാര്‍ട്ടപ്പ് നയങ്ങള്‍ ഉണ്ടായിരുന്നത്. എന്നാലിന്ന് 24 സംസ്ഥാനങ്ങള്‍ അവരുടെ സ്റ്റാര്‍ട്ടപ് നയങ്ങള്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. 2018ലെ സ്റ്റാര്‍ട്ടപ്പ് നയത്തെ അടിസ്ഥാനപ്പെടുത്തി ഡിഐപിപി അടുത്തിടെ പുറത്തിറക്കിയ സ്റ്റാര്‍ട്ടപ്പ് സ്റ്റേറ്റ് റാങ്കിംഗില്‍ ഗുജറാത്താണ് ഒന്നാംസ്ഥാനത്ത് ഇടം നേടിയത്. കര്‍ണ്ണാടക, രാജസ്ഥാന്‍, കേരളം, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

നയരൂപീകരണത്തിലെ മെല്ലെപ്പോക്ക്

സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുമായി ബന്ധപ്പെട്ട നയരൂപീകരണം രാജ്യത്ത് വളരെ പതുക്കെയാണ് നടക്കുന്നത്. നയരൂപീകരണം വേഗത്തില്‍ ആയാല്‍ മാത്രമേ ആശങ്കകള്‍ അവസാനിച്ച് വേഗത കൈവരിക്കാന്‍ സ്റ്റാര്‍ട്ടപ്പ് രംഗത്തിന് സാധിക്കൂ. ഡ്രോണ്‍ റെഗുലേഷന്‍സ് 1.0 തുടങ്ങിയ ചില നയങ്ങള്‍ ഇതിനോടകം തന്നെ പ്രാബല്യത്തില്‍ വന്നിട്ടുണ്ടെങ്കിലും ചില നയങ്ങള്‍ ഇപ്പോഴും ചുവപ്പുനാടയ്ക്കുള്ളില്‍ തന്നെയാണ്. ചിലതിനൊക്കെ കരടുരൂപരേഖയായി, മറ്റ് ചിലത് അനുമതി കാത്ത് കിടക്കുന്നു. വ്യക്തിഗത വിവര സംരക്ഷണ ബില്‍, ഇ-കൊമേഴ്‌സ് നയം, ഇ-ഫാര്‍മ നയം, ഇലക്ട്രിക് വാഹന പോളിസി, ദേശീയ ഇലക്ട്രോണിക്‌സ് പോളിസി തുടങ്ങിയവയാണ് അവയില്‍ ചിലത്. ഇ-ഫാര്‍മ, ഇലക്ട്രിക് വാഹന മേഖലകളില്‍ വ്യക്തമായ നയം കൈക്കൊള്ളാത്തത് മൂലം നിക്ഷേപകരും ഈ രംഗത്തേക്കിറങ്ങാന്‍ മടിക്കുകയാണ്.

സമാനമായി ഏയ്ഞ്ചല്‍ ടാക്‌സ് സംവിധാനവും സ്റ്റാര്‍ട്ടപ് ആവാസവ്യവസ്ഥയില്‍ വലിയ വെല്ലുവിളിയാണ്. ഈ വിഷയം സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതിക്കും വലിയ ഭീഷണിയാണ്. അടുത്തിടെ ഏയ്ഞ്ചല്‍ ടാക്‌സ് ഇളവുകള്‍ക്കുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കി കൊണ്ട് ഡിഐപിപി ഉത്തരവ് പുറത്തിറക്കിയിരുന്നു. അതേസമയം ആ ഉത്തരവ് വേണ്ടത്ര ഫലപ്രദമായിരുന്നില്ല. ഏയ്ഞ്ചല്‍ ടാക്‌സ് പ്രശ്‌നം കാരണം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ ആശങ്കകളോ ഡിസിഎഫ് (ഡിസ്‌കൗണ്ടഡ് കാഷ് ഫ്‌ളോ) മൂല്യനിര്‍ണ്ണയമെന്ന മുഖ്യ പ്രശ്‌നത്തെയോ അഭിമുഖീകരിക്കാന്‍ ആ ഉത്തരവിന് സാധിച്ചില്ല.

ഏഞ്ചല്‍ ഫണ്ട് നിക്ഷേപത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതിയായ എഞ്ചല്‍ ടാക്‌സില്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്ന ഇളവ് വ്യവസായ നയ പ്രോല്‍സാഹന വകുപ്പിന്റെ അംഗീകാരമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രമേ ലഭ്യമാകൂ. 10 കോടി രൂപയില്‍ അധികം നിക്ഷേപം ലഭിക്കാത്ത സ്റ്റാര്‍ട്ടപ്പകള്‍ക്കേ ഈ ഇളവ് ബാധകമാകൂ.

2016 ഏപ്രിലിന് മുമ്പായി സംയോജിപ്പിക്കപ്പെട്ട (ഇന്‍കോര്‍പ്പറേറ്റഡ്) കമ്പനികള്‍ക്ക് ഏയ്ഞ്ചല്‍ ടാക്‌സിലെ ഇളവ് ലഭ്യമാക്കിയിട്ടുണ്ടെങ്കിലും 2012ന് മുമ്പ് നിലവില്‍ വന്ന സ്റ്റാര്‍ട്ടപ്പുകളെയും മൂല്യനിര്‍ണ്ണയ ഓര്‍ഡറുകള്‍ കൈപ്പറ്റിയ സ്റ്റാര്‍ട്ടപ്പുകളെയും നികുതിയിളവില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

സ്റ്റാര്‍ട്ടപ്പുകളുടെ ആഗോളതലസ്ഥാനമാകുമോ ഇന്ത്യ

ഇന്ത്യയിലെ സംരംഭക, ഇന്നവേറ്റീവ് ആശയങ്ങള്‍ക്ക് ശക്തി പകരുന്നതായിരുന്നു സ്റ്റാര്‍ട്ടപ് ഇന്ത്യ പദ്ധതി. നിലവില്‍ ഇന്ത്യയില്‍ 26 യൂണികോണുകളും 31ലധികം സൂണികോണുകളും ഉണ്ട്. ആകെ 130 ബില്യണ്‍ ഡോളറിലധികം മൂല്യമാണ് എല്ലാ സ്റ്റാര്‍ട്ടപ്പുകളും ചേര്‍ന്ന് ഇന്ത്യയില്‍ ഉണ്ടാക്കിയിരിക്കുന്നത്.സെക്കോയ ക്യാപ്പിറ്റല്‍, സോഫ്റ്റ്ബാങ്ക്, ടെന്‍സന്റ്, ആലിബാബ പോലുള്ള ആഗോള നിക്ഷേപകര്‍ ഇന്ത്യയിലെ ടെക്, ഉപഭോക്തൃ ഇന്റെര്‍നെറ്റ് മേഖലില്‍ മുതല്‍മുടക്കുന്നതോടൊപ്പം തന്നെ മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണമേഖലയിലും സ്റ്റാര്‍ട്ടപ്പുകള്‍ ഉയര്‍ന്നുവരികയും അവയ്ക്ക് ആഗോള നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സാധിക്കുകയും ചെയ്യുന്നുണ്ട്. മൊബീല്‍ നിര്‍മ്മാണരംഗത്ത് വിയറ്റ്‌നാമിനെ കടത്തിവെട്ടി ഇന്ത്യ രണ്ടാംസ്ഥാനം നേടിയത് കഴിഞ്ഞ വര്‍ഷമാണ്.

ജര്‍മ്മിനിയിലെയും സാര്‍ക് രാജ്യങ്ങളിലെയും വിദേശ സ്റ്റാര്‍ട്ടപ്പുകളുമായി ഒരു കൈമാറ്റപ്പരിപാടി ഉണ്ടാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമം സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയിലെ ഓഹരിയുടമകള്‍ക്ക് അവസരങ്ങളുടെ പുതിയ വാതിലുകള്‍ തുറന്നിട്ടിട്ടുണ്ട്. ജപ്പാന്‍, അമേരിക്ക, ലണ്ടന്‍, ഇസ്രയേല്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ ചില രാജ്യങ്ങളുമായി അന്താരാഷ്ട്ര സ്റ്റാര്‍ട്ടപ്പ് ഇടനാഴി സ്ഥാപിക്കാനുള്ള തീരുമാനം സ്റ്റാര്‍ട്ടപ്പുകള്‍ക്കും അതിര്‍ത്തിക്കപ്പുറത്തുള്ള നിക്ഷേപകരുടെ വികാരങ്ങള്‍ക്കും പുതിയ ഊര്‍ജമേകുന്നതാണ്.

പക്ഷേ പദ്ധതിയുടെ ചില അപര്യാപ്തതകള്‍ നാം കണ്ടിലെന്ന് നടിച്ചുകൂടാ. 15,000ത്തോളം സ്റ്റാര്‍ട്ടപ്പുകളെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വ്വെയില്‍ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ പദ്ധതി തങ്ങള്‍ക്ക് ഗുണകരമായെന്ന് പറഞ്ഞവര്‍ 18 ശതമാനം മാത്രമാണ്. 2018 ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 163 സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ഫണ്ട് ഓഫ് ഫണ്ട്‌സ് ഗുണകരമായത്. പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പ് സംബന്ധിച്ച ചോദ്യമാണ് ഈ വിവരങ്ങള്‍ ഉയര്‍ത്തുന്നത്. ലിംഗ വിവേചനം ഇന്നും സ്റ്റാര്‍ട്ടപ്പുകളിലെ പ്രധാനപ്രശ്‌നമാണ്. മീടൂ വെളിപ്പെടുത്തലുകള്‍ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ് രംഗത്ത് ഉണ്ടാക്കിയ ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇസ്രായേലിലെയോ സിലിക്കണ്‍ വാലിയിലേയോ പോലൊരു ആവാസവ്യവസ്ഥയെ കുറിച്ച് ചിന്തിക്കുന്നതിന് മുമ്പ് സ്റ്റാര്‍ട്ടപ്പ് മഖലയിലെ എല്ലാ ആശങ്കകളും പരിഹരിക്കപ്പെട്ടുവെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. മോദി സര്‍ക്കാരിന്റെ അധികാരകാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ ശേഷിക്കേ, അനുമതി ലഭിക്കാത്ത നയങ്ങള്‍, ഏയ്ഞ്ചല്‍ ടാക്‌സ്, അടിസ്ഥാന സൗകര്യ-ഔദ്യോഗിക തടസങ്ങള്‍ തുടങ്ങി ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ അഭിമുഖീകരിക്കുന്ന സര്‍വ്വപ്രശ്‌നങ്ങളും ഏറ്റവും വേഗത്തില്‍ പരിഹരിക്കപ്പെടേണ്ടവ തന്നെയാണ്.

പക്ഷേ ഈ പ്രശ്‌നങ്ങള്‍ക്കും ന്യൂനതകള്‍ക്കുമിടയിലും ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ പതിന്മടങ്ങ് വളര്‍ച്ചയിലേക്ക് തന്നെയാണ് പോകുന്നത്. ആഗോള ആവാസവ്യവസ്ഥയില്‍ തങ്ങളുടേതായ ഇടം നേടിയെടുക്കാന്‍ അതിന് സാധിക്കുക തന്നെ ചെയ്യും.

Comments

comments

Categories: Top Stories
Tags: startups