തൊഴില്‍ സൃഷ്ടി വാഗ്ദാനം പാലിക്കാന്‍ മോദിയെ സഹായിക്കാം: ചൈന

തൊഴില്‍ സൃഷ്ടി വാഗ്ദാനം പാലിക്കാന്‍ മോദിയെ സഹായിക്കാം: ചൈന

മോദിക്ക് പൊതുസമ്മതി മെച്ചപ്പെടുത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗ്ലോബല്‍ ടൈംസ്; ചൈനീസ് നിക്ഷേപങ്ങള്‍ തടയുന്നത് ഗുണകരമാവില്ലെന്നും അഭിപ്രായം

ബെയ്ജിംഗ്: ഇന്ത്യയില്‍ കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സഹായിക്കുന്നതിന് ചൈനയ്ക്ക് സാധിക്കുമെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ്. തൊഴിലില്ലായ്മ പ്രശ്‌നം മൂലം മോദി വലിയ അതൃപ്തി അഭിമുഖീകരിക്കുകയാണെന്നും അദ്ദേഹം കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ രാജ്യത്തിന്റെ നിയന്ത്രണം കൈയ്യാളണമെന്ന് ആഗ്രഹിക്കുന്ന ചൈനയെ സംബന്ധിച്ച് ഇത് നല്ല വാര്‍ത്തയല്ലെന്നും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ടൈംസില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

”ദശാബ്ദത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ചൈന-ഇന്ത്യ ബന്ധത്തെ എത്തിച്ച ദോക്‌ലാം സൈനിക മുന്നേറ്റം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഉഭയകക്ഷി ബന്ധങ്ങള്‍ വീണ്ടും ശക്തമാകുകയാണ്. വൈവിധ്യമാര്‍ന്ന ജനതയും ദുര്‍ബലമായ കേന്ദ്ര സര്‍ക്കാരുമാണ് ഇന്ത്യയ്ക്കുള്ളത്. മോദിക്ക് തന്റെ പൊതുസമ്മതി മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ മാത്രമേ പരിഷ്‌കാരങ്ങള്‍ മുന്നോട്ട് നയിക്കാന്‍ പര്യാപ്തമായ അധികാരം അദ്ദേഹത്തിന് ആര്‍ജ്ജിക്കാന്‍ സാധിക്കുകയുള്ളു,” റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

”സ്മാര്‍ട്ട്‌ഫോണ്‍ പ്ലാന്റുകളുടെ നിര്‍മാണം പോലുള്ള തൊഴിലാളി കേന്ദ്രീകൃതമായ മേഖലകളിലാണ് ഇന്ത്യയിലെ ചൈനീസ് നിക്ഷേപം കേന്ദ്രീകരിച്ചിട്ടുള്ളത്. തൊഴിലാളികളുമായി ബന്ധപ്പെട്ട് ചെലവ് കുറവാണെന്നതിനാല്‍ വിദേശ നിക്ഷേപങ്ങളുടെ അഭിവൃദ്ധിക്കാണ് ചൈന സാക്ഷ്യം വഹിക്കുന്നത്. ചൈനീസ് നിക്ഷേപങ്ങള്‍ക്കുള്ള ആകര്‍ഷകരമായ ലക്ഷ്യസ്ഥാനമായി സ്വയം മാറുകയാണെങ്കില്‍ ഇന്ത്യയിലെ തൊഴില്‍ അവസരങ്ങളെ ഇത് പിന്തുണയ്ക്കും,” റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി തൊഴില്‍ വളര്‍ച്ചയുമായി ബന്ധപ്പെട്ട നല്ല വാര്‍ത്തയാണ് മോദി ഭരണകൂടത്തിന് വേണ്ടതെന്നും കൂടുതല്‍ ചൈനീസ് നിക്ഷേപങ്ങള്‍ ക്ഷണിക്കുന്നത് അതിന് സഹായകമാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

Comments

comments

Categories: Current Affairs