ഹോട്ട് ബട്ടണ്‍ അമര്‍ത്താം സെയ്ല്‍സ് കൂട്ടാം

ഹോട്ട് ബട്ടണ്‍ അമര്‍ത്താം സെയ്ല്‍സ് കൂട്ടാം

ഒരു ഉല്‍പ്പന്നം വാങ്ങണോ, വേണ്ടയോ എന്ന തീരുമാനമെടുക്കാന്‍ ഉപഭോക്താവിനെ പ്രേരിപ്പിക്കുന്നത് ഉല്‍പ്പന്നത്തിന്റെ 20 ശതമാനം പ്രത്യേകതകളാണ്. ഉപഭോക്താവ് ഉല്‍പ്പന്നത്തിന്റെ 20 ശതമാനം പ്രത്യേകതകളില്‍ ആകര്‍ഷിക്കപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണ് നല്ലൊരു ശതമാനം വില്‍പ്പനകളും നടക്കുന്നത്. ഉപഭോക്താവിനെ ഉല്‍പ്പന്നത്തിലേക്ക് ആകര്‍ഷിക്കുന്ന ഈ ഹോട്ട് ബട്ടണ് മാര്‍ക്കറ്റിംഗിലും സെയ്ല്‍സിലും വലിയ പ്രാധാന്യമുണ്ട്. ഓരോ ഉല്‍പ്പന്നത്തിന്റെയും ഹോട്ട് ബട്ടണ്‍ തിരിച്ചറിഞ്ഞ് വേണ്ടവിധം ഉപയോഗിച്ചാല്‍ സെയ്ല്‍സിനെ കുറിച്ച് പിന്നെ ആവലാതിപ്പെടേണ്ട വിഷയമേയുണ്ടാവില്ല

സെയ്ല്‍സില്‍ ഉന്നത വിജയം വരിച്ചവരും ശരാശരിക്കാരും തമ്മിലുള്ള പ്രധാന വ്യത്യാസമെന്താണ്?

ഉപഭോക്താക്കളുടെ മനസ്സ് തൊട്ടറിയുന്ന ചില ടെക്‌നിക്കുകളിലൂടെ സെയ്ല്‍സ് ഉറപ്പിക്കുവാന്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചവര്‍ക്കു കഴിയുന്നു. എന്നാല്‍ സെയ്ല്‍സിനു പിന്നിലുള്ള മനഃശാസ്ത്രം മനസിലാക്കാന്‍ ശരാശരിക്കാര്‍ക്ക് പലപ്പോഴും കഴിയാറില്ല. നിങ്ങള്‍ വില്‍ക്കുന്നത് മൊബീല്‍ ഫോണ്‍ കണക്ഷനോ ഹോളിഡേ പാക്കേജോ വാഹനങ്ങളോ എഫ്എംസിജി ഉല്‍പ്പന്നമോ ഇന്‍ഷുറന്‍സോ എന്തുമാകട്ടെ വില്‍പ്പനയ്ക്കു പിന്നിലെ മനഃശാസ്ത്രമറിഞ്ഞാല്‍ നിങ്ങള്‍ക്കും സെയ്ല്‍സില്‍ ഉന്നത വിജയം സ്വന്തമാക്കാന്‍ സാധിക്കും. അതിനു സഹായിക്കുന്ന ഒരു സെയ്ല്‍സ് ക്ലോസിംഗ് രീതിയാണ് ഹോട്ട് ബട്ടണ്‍ ടെക്‌നിക്ക്.

എന്താണ് ഹോട്ട് ബട്ടണ്‍ ടെക്‌നിക്ക് ?

നിങ്ങള്‍ ഒരു ഉല്‍പ്പന്നം ഉപഭോക്താവിന് മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ അത് വാങ്ങണോ, വേണ്ടയോ എന്ന തീരുമാനമെടുക്കാന്‍ ഉപഭോക്താവിനെ പ്രേരിപ്പിക്കുന്നത് നിങ്ങള്‍ അവതരിപ്പിക്കുന്ന ഉല്‍പ്പന്നത്തിന്റെ 20 ശതമാനം പ്രത്യേകതകളാണ്. 80 ശതമാനം വില്‍പ്പനകളും നടക്കുന്നത് ഉപഭോക്താവ് ഉല്‍പ്പന്നത്തിന്റെ 20 ശതമാനം പ്രത്യേകതകളില്‍ ആകര്‍ഷിക്കപ്പെടുന്നതുകൊണ്ടാണ്. ഈ 20 ശതമാനം പ്രത്യേകതകളാണ് ആ ഉപഭോക്താവിനെ സംബന്ധിച്ചുള്ള ഹോട്ട് ബട്ടണ്‍.

ഉപഭോക്താവ് ഇഷ്ടപ്പെട്ട 20 ശതമാനം പ്രത്യേകതകളെന്തെന്നു മനസിലാക്കി, ആ പ്രത്യേകതകളെ എല്ലാ ഉപഭോക്താക്കളുടെയും മനസിലേക്ക് എത്തിക്കാന്‍ കഴിഞ്ഞാല്‍ വില്‍പ്പന വളരെ ഏളുപ്പമാകും. എന്നാല്‍ ഇതു മനസിലാക്കാതെ ഉല്‍പ്പന്നത്തിന്റെ നൂറു ശതമാനം പ്രത്യേകതകളും ചിലര്‍ ഒരേ ആവേശത്തോടു കൂടി അവതരിപ്പിക്കും. എന്നാല്‍ പലപ്പോഴും നല്ല വില്‍പ്പന നടത്താന്‍ അവര്‍ക്ക് സാധിക്കുകയുമില്ല. ഹോട്ട് ബട്ടണ്‍ ടെക്‌നിക്ക് അറിയാവുന്ന ഒരു സെയില്‍സ് എക്‌സിക്യൂട്ടീവ് തന്റെ അവതരണത്തില്‍ ഉപഭോക്താവിന് ഏറ്റവും ഇഷ്ടം തോന്നിയിരിക്കുന്നത് ഏതൊക്കെ പ്രത്യേകതകളാണെന്ന് മനസിലാക്കി ആ ഹോട്ട് ബട്ടണ്‍ അമര്‍ത്തികൊണ്ടിരിക്കും.

ഉദാഹരണത്തിന് ഒരു റിയല്‍ എസ്‌റ്റേറ്റ് ഏജന്റ് തന്റെ കക്ഷിയെ ഒരു വീടുകാണിക്കാന്‍ കൊണ്ടുപോകുന്നു. തൊടിയില്‍ മരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു വീടു വേണമെന്നതായിരുന്നു ഉപഭോക്താവിന്റെ ആവശ്യം. കാണിക്കുവാനായി കൊണ്ടുവന്ന വീടിന്റെ ഗേറ്റിനടുത്തെത്തിയപ്പോഴെ ഏജന്റ് പറഞ്ഞു. ‘ദാ അങ്ങോട്ടു നോക്കൂ… മരങ്ങളുടെ നടുവില്‍ നില്‍ക്കുന്ന ശാന്തസുന്ദരമായ പ്രോപ്പര്‍ട്ടി.’ വീടിന്റെ സിറ്റൗട്ടിലേക്ക് കയറിയപ്പോള്‍ ഏജന്റ് വീണ്ടും അയാളോട് പറഞ്ഞു. ‘പുറത്തേക്കു നോക്കൂ… തണല്‍ വിരിച്ചു നില്‍ക്കുന്ന മരങ്ങള്‍ കാണാന്‍ എന്തു ഭംഗിയാണ് അല്ലേ?’ വീടിന്റെ ടെറസിലെത്തിയപ്പോഴും ഏജന്റ് ടെറസിനോട് ചേര്‍ന്നു നില്‍ക്കുന്ന മരങ്ങളെക്കുറിച്ചാണ് സംസാരിച്ചത്. ‘ഈ ടെറസിലിരുന്നാല്‍ മരങ്ങളെ തഴുകിയെത്തുന്ന നല്ല കാറ്റുകൊള്ളാം.’ അവസാനം കസ്റ്റമര്‍ ഈ വീട് തന്നെ വാങ്ങുകയും ചെയ്തു.

ഇവിടെ കസ്റ്റമറിന്റെ മനസില്‍ താല്‍പ്പര്യം ജനിപ്പിച്ച ഹോട്ട് ബട്ടണ്‍ ധാരാളം മരങ്ങളുള്ള പുരയിടത്തിലുള്ള വീട് എന്നുള്ളതായിരുന്നു. ഇത് കൃത്യമായി മനസിലാക്കിയ റിയല്‍ എസ്റ്റേറ്റ് ഏജന്റ് തന്റെ അവതരണത്തിലുടനീളം ആ കാര്യം തന്നെ പലവട്ടം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അങ്ങനെ കസ്റ്റമറെ ആകര്‍ഷിച്ച് ഹോട്ട്് ബട്ടണ്‍ വീണ്ടും വീണ്ടും അമര്‍ത്തി ആ സെയ്ല്‍സ് അദ്ദേഹം നേടിയെടുക്കുകയും ചെയ്തു. ഇന്നു മുതല്‍ സെയ്ല്‍സ് അവതരണം നടത്തുമ്പോള്‍ ഈ ടെക്‌നിക്ക് ഒന്ന് ഉപയോഗിച്ചു നോക്കൂ. മാറ്റം നിങ്ങള്‍ അനുഭവിച്ചറിയും.

(മനശക്തി പരിശീലകനും പ്രചോദനാത്മക പ്രഭാഷകനും സെയ്ല്‍സ് ട്രെയ്‌നറുമാണ് 25 ഓളം മോട്ടിവേഷണല്‍ ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ലേഖകന്‍. ഫോണ്‍ : 9447259402. ഇ-മെയില്‍: jskottaram@gmail.com)

Comments

comments

Categories: Business & Economy, Slider