നിര്‍ണായക ശക്തിയാകാന്‍ ടിആര്‍എസ്

നിര്‍ണായക ശക്തിയാകാന്‍ ടിആര്‍എസ്

ചന്ദ്രശേഖര്‍ റാവു മേധാവിത്വം തുടരുമോ

അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ദേശീയപ്രാധാന്യം കൈവരുന്ന നിരവധി പ്രാദേശിക കക്ഷികള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവയില്‍ പ്രമുഖമായതാണ് കെ ചന്ദ്രശേഖര്‍ റാവു നയിക്കുന്ന തെലങ്കാന രാഷ്ട്രസമിതി. 17 ലോക്‌സഭാ സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. നിലവിലുള്ള രാഷ്ട്രീയ സ്ഥിതിഗതികള്‍ പരിശോധിക്കുമ്പോള്‍ ഭൂരിപക്ഷം സീറ്റുകളും ടിആര്‍സ് തന്നെ നേടിയേക്കും. കഴിഞ്ഞ് ഡിസംബര്‍ 7ന് നടന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മേധാവിത്വം തെളിയിക്കപ്പെട്ടതാണ്. ആകെയുള്ള 119 സീറ്റുകളില്‍ ടിആര്‍എസ് 88 സീറ്റുകളില്‍ വിജയിച്ചു. കോണ്‍ഗ്രസ് 19ഉം ഒവൈസിയുടെ എഐഎംഐഎം 7സീറ്റിലും വിജയിച്ചു. ബിജെപി ഒരു സീറ്റ് നേടി. കണക്കുകള്‍ നോക്കുമ്പോള്‍ കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ ടിആര്‍ എസിന് ലഭിച്ചത് 46.9ശതമാനം വോട്ടുകളാണ്. കനത്ത മത്സരം കാഴ്ചവെച്ച കോണ്‍ഗ്രസിന് 28 ശതമാനം വോട്ടുകള്‍ മാത്രമെ നേടാനായുള്ളു. അതിനാല്‍ ഇക്കുറിയും മേധാവിത്വം ചന്ദ്രശേഖര റാവുവിന് തന്നെ ആയിരിക്കുമെന്നാണ് വിലയിരുത്തല്‍.

തന്റെ വിലയറിഞ്ഞുകൊണ്ടുതന്നെയാണ് അദ്ദേഹം എല്ലാവാതിലുകളും തുറന്നു തന്നെയാണ് കിടക്കുന്നത് എന്ന് കഴിഞ്ഞ മാസം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിനുമുമ്പ് ഒരു സഖ്യത്തിന് അദ്ദേഹം മുതിരില്ലെന്നാണ് എല്ലാവരും കരുതുന്നത്. സഖ്യത്തിലേക്ക് നീങ്ങിയാല്‍ അത് ഒരുപക്ഷെ പാര്‍ട്ടിയുടെ നിലവിലുള്ള സ്വാധീനത്തെ ബാധിച്ചേക്കാം. ഇക്കാര്യം വ്യക്തമായി തിരിച്ചറിയുന്നറിയുന്ന നേതാവാണ് ചന്ദ്രശേഖര റാവു. തന്നെയുമല്ല ചേര്‍ന്നുകിടക്കുന്ന ആന്ധ്രയില്‍ ചന്ദ്രബാബു നായിഡു പ്രതിപക്ഷ സഖ്യത്തിനൊപ്പം നേരത്തെതന്നെ സഹകരണം പ്രഖ്യാപിച്ചതും ടി ആര്‍എസിനെ വേറിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചിരിക്കാം. ആന്ധ്രയില്‍ തെരഞെടുപ്പ് നടന്നത് 2014ലാണ്. അന്ന് ആകെയുള്ള 175 സീറ്റുകളില്‍ 102 സീറ്റ് നേടി ചന്ദ്രബാബുനായിഡു ഭരണത്തിലെത്തി. വൈഎസ്ആര്‍ കോണ്‍ഗ്രസ് 67 സീറ്റും നേടിയിരുന്നു. ബിജെപിക്ക് നാലു സീറ്റാണ് ലഭിച്ചത്. എന്നാല്‍ ഇന്ന് സംസ്ഥാനത്തെ രാഷ്ട്രീയാന്തരീക്ഷത്തില്‍ വ്യത്യാസമുണ്ടായിട്ടുണ്ട്. അതിനാലാണ് ചന്ദ്രബാബു നായിഡു സംസ്ഥാനത്തിന് പ്രത്യേക പദവി വേണമെന്ന ആവശ്യവുമായി എന്‍ഡിഎയില്‍ നിന്ന് പുറത്തുപോയത്. ആരുഭരണത്തിലെത്തിയാലും നായിഡുവിന്റെ ആവശ്യം പരിഗണിക്കില്ലെന്ന് അദ്ദേഹത്തിനുതന്നെ അറിയാം. എന്നാല്‍ നിലവില്‍ പിടിച്ചുനില്‍ക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് അദ്ദേഹത്തിന്റെ ഈ നടപടി. അല്ലാതെ ആശയപരമായി വിരുദ്ധചേരി സൃഷ്ടിക്കപട്ടതുകൊണ്ടല്ല. ഭരണ വിരുദ്ധ വികാരത്തിന്റെ പ്രതിധ്വനി ആന്ധ്രയിലും കേട്ടുതുടങ്ങി. ഇതിലെല്ലാം ഉപരിയായി വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ വള്‍്രച്ചയും അദ്ദേഹത്തിന്‍ ഭീഷണിയാണ്. അതിനാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ തൂത്തുവാരാമെന്ന് ചന്ദ്രബാബു നായിഡു ചിന്തിക്കില്ലെന്നുറപ്പാണ്.

മറിച്ച് തെലങ്കാനയില്‍ ചന്ദ്രശേഖര റാവു നടപ്പാക്കിയ കാര്യങ്ങള്‍ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതായിരുന്നു. ഐടി രംഗത്തെ കുതിച്ചുചാട്ടം ഉദാഹരണമാണ്. കര്‍കര്‍ക്കനുകൂലകമായ നടപടികളും വ്യവസായ സൗഹൃദ അന്തരീക്ഷവും ഒരുക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. കൂടാതെ ക്ഷേമ പെന്‍ഷനുകള്‍ തീരെ സാധാരണക്കാര്‍ക്ക് തുണയായി. നിലവിലുള്ള പദ്ധതികള്‍ക്ക് പുറമേ ആസാര പെന്‍ഷന്‍ സ്‌കീം എന്ന പേരില്‍ ഒരു പദ്ധതിയും അദ്ദേഹം നടപ്പാക്കി. കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ വോട്ടര്‍മാരുടെ എണ്ണം 2,80,68,684 ആണ്. ഇത് പുതുക്കിക്കൊണ്ടിരിക്കുകയുമാണ്. ഇവയില്‍ 41,60,305 പേരിലധികം 57 വയസ് പിന്നിട്ടിവരാണ്. ഈ പ്രായം പിന്നിട്ട അസുഖ ബാധിതര്‍, വികലാംഗര്‍, വിധവകള്‍, താഴേക്കിടയിലുള്ളവര്‍,ബീഡിത്തൊഴിലാളികള്‍ തുടങ്ങിയവരെ ഉദ്ദേശിച്ച് ആരംഭിച്ചതാണ് ഈ പദ്ധതി. 2014 നവംബറില്‍ തന്നെ ഈ പദ്ധതി പ്രഖ്യാപിക്കപ്പെട്ടു. ഇതിനായി 5500 കോടിരൂപ ഇതിനായി എല്ലാവര്‍ഷവും സര്‍ക്കാര്‍ ചെലവഴിക്കുന്നതായാണ് കണക്കുകള്‍ പറയുന്നത്. ഇന്ന് 42 ലക്ഷത്തിലധികം പേര്‍ ഇതിന്റെ ഗുണഭോക്താക്കളാണ്. തുടക്കത്തിലുണ്ടായിരുന്ന തുക വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതുകൂടാതെ ആരോഗ്യ ലക്ഷ്മി സ്‌കീം, ഡബിള്‍ ബെഡ്‌റൂം ഹൗസിംഗ് സ്‌കീം,കല്യാണ ലക്ഷ്മി, മിഷന്‍ ഭഗീരഥ, ഷീപ് ഡിസ്ട്രിബ്യൂഷന്‍, കൃഷിക്കാര്‍ക്കുള്ള ഇന്‍വെസ്റ്റ്‌മെന്റ് സപ്പോര്‍ട്ട് സ്‌കീം, ഹരിതഹരം പദ്ധതി ഇങ്ങനെ നിരവധി പദ്ധതികള്‍ വേറെയുമുണ്ട്. കേന്ദ്രസര്‍ക്കാര്‍ പ്രോജക്റ്റുകള്‍ ഇതിനുപുറമേയാണ്. ഇതെല്ലാം കൃത്യമായി ജനങ്ങളിലെത്തുന്നു എന്ന് മുഖ്യമന്ത്രി ഉറപ്പാക്കുന്നിടത്താണ് അദ്ദേഹത്തിന്റെ വിജയം. ഈ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും ടിആര്‍എസിനുതന്നെയാകും തെലങ്കാനയില്‍ മേല്‍ക്കെ എന്നു സൂചിപ്പിക്കുന്ന ഘടകങ്ങളാണ് ഇവയെല്ലാം.

വ്യവസായ വികസനത്തിന്റെ കാര്യത്തിലായാലും ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ സംസ്ഥാനം മറ്റുള്ളവര്‍ക്ക് മാതൃകയാണ്. 200 കോടിയില്‍ അധികം മൂലധനനിക്ഷേപമുള്ള പദ്ധതികള്‍ക്ക് ഇപ്പോള്‍ 15 ദിവസത്തിനകം അവിടെ അനുമതിലഭിക്കും. അല്ലാത്ത പദ്ധതികള്‍ക്ക് 30 ദിവസത്തിനകവും. ഇതില്‍ കാലതാമസം വരുത്തിയാല്‍ ഉദ്യോഗസ്ഥരില്‍നിന്നും പിഴയീടാക്കും. 2015നുശേഷം തെലങ്കാനയില്‍ 60,000 കോടിയുടെ നിക്ഷേപാവസരമാണ് ഉണ്ടായത്. 2015 ജനുവരി മുതല്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ വരെ 1.4 ലക്ഷം കോടിയുടെ 8500 പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഈ പദ്ധതികള്‍ 2.7 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായും സര്‍ക്കാര്‍ അവകാശപ്പെട്ടിട്ടുണ്ട്. തെലങ്കാനയിലെ സാമ്പത്തിക വളര്‍ച്ച ദേശീയനിക്കിനേക്കാള്‍ ഉയര്‍ന്നതുമാണ്.

ഏറ്റവും നികച്ച അന്തരീക്ഷമാണ് ടിആര്‍എസിനെ സംബന്ധിച്ചിടത്തോളം സംസ്ഥാനത്ത് ഇന്ന് നില്‍ക്കുന്നത്. അതിനാല്‍ തെരഞ്ഞെടുപ്പിനുശേഷമുള്ള ഒരു സഖ്യ സാധ്യതയ്ക്കു മാത്രമെ ചന്ദ്രശേഖര റാവു വഴങ്ങാന്‍ സാധ്യതയുള്ളു. മറ്റു മുന്നണികള്‍ ബന്ധപ്പെടുന്നുണ്ടെങ്കിലും ടിആര്‍എസ് കളം മറന്ന് കളിക്കാനിടയില്ല.

Comments

comments

Categories: Politics

Related Articles