സെറ്റ് ടോപ് ബോക്‌സ് പോര്‍ട്ടബിലിറ്റി ഈ വര്‍ഷം അവസാനത്തോടെ

സെറ്റ് ടോപ് ബോക്‌സ് പോര്‍ട്ടബിലിറ്റി ഈ വര്‍ഷം അവസാനത്തോടെ

വീണ്ടും സെറ്റ് ടോപ് ബോക്‌സിനായി പണം മുടക്കാതെ ഉപയോക്താക്കള്‍ക്ക് സേവനദാതാവിനെ മാറ്റാന്‍ അവസരമുണ്ടാകണമെന്ന് ട്രായ് ചെയര്‍മാന്‍

ന്യൂഡെല്‍ഹി: മൊബീല്‍ നമ്പറുകള്‍ക്ക് സമാനമായി സെറ്റ് ടോപ്‌ബോക്‌സുകള്‍ പോര്‍ട്ട് ചെയ്യുന്നതിനുള്ള സൗകര്യം ഈ വര്‍ഷം അവസാനത്തോടെ അവതരിപ്പിക്കാനായി ശ്രമിക്കുകയാണെന്ന് ട്രായ് ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ. നിരവധി ഉപയോക്താക്കള്‍ക്ക് തങ്ങളുടെ സെറ്റ് ടോപ് ബോക്‌സ് മാറ്റി വാങ്ങുന്നതിന് പണം ചെലവഴിക്കാതെ തന്നെ കേബിള്‍ ഓപ്പറേറ്ററേയോ ഡിടിഎച്ച് ഓപ്പറേറ്ററേയോ മാറ്റുന്നതിന് അവസരമൊരുക്കുന്നതാണ് ഈ നീക്കം.
ടെലികോം അഥോറിറ്റിയുടെ ഈ നീക്കത്തിനെതിരേ ശക്തമായ എതിര്‍പ്പാണ് കേബിള്‍ ഓപ്പറേറ്റര്‍മാരും ഡിടിഎച്ച് ഓപ്പറേറ്റര്‍മാരും ഉയര്‍ത്തിയിട്ടുള്ളത്. സാങ്കേതികമായി നടപ്പാക്കാന്‍ ഏറെ കടമ്പകള്‍ ഉള്ളതാണ് ഇതെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഓരോ കമ്പനിയുടെയും സെറ്റ് ടോപ് ബോക്‌സ് പ്രത്യേകം എന്‍ക്രിപ്റ്റ് ചെയ്യതാണെന്നും ഇത് തകര്‍ക്കുന്ന തരത്തിലുള്ള സംവിധാനം സേവനങ്ങള്‍ ചോര്‍ത്തുന്നതിനും ഉള്ളടക്കങ്ങള്‍ വ്യാജമായി സ്വന്തമാക്കുന്നതിനും സാഹചര്യം സൃഷ്ടിക്കുമെന്നുമാണ് സേവനദാതാക്കളുടെ അഭിപ്രായം.

സെറ്റ്‌ടോപ് ബോക്‌സുകളില്‍ മുന്‍കൂറായി കമ്പനികളുടെ സോഫ്റ്റ് വെയര്‍ ഉള്‍ച്ചേര്‍ക്കപ്പെടുന്നതിന് പകരം ഉപയോക്താക്കള്‍ക്ക് വാങ്ങലിന് ശേഷം സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡ് ചെയ്യാനാകുന്ന തരത്തില്‍ അവസരമുണ്ടാകണമെന്നാണ് ആര്‍ എസ് ശര്‍മ പറയുന്നത്. അതായത് പ്രത്യേകിച്ച് ഏതെങ്കിലും സേവനദാതാവ് നല്‍കുന്നതല്ലാത്ത നിക്ഷ്പക്ഷമായ സെറ്റ് ടോപ് ബോക്‌സുകള്‍ വിപണിയില്‍ ലഭ്യമാകണം. ഇവ വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് ഇഷ്ടാനുസരണം സേവനദാതാവിനെ തെരഞ്ഞെടുത്ത് സോഫ്റ്റ്‌വെയര്‍ കൂട്ടിച്ചേര്‍ക്കാം. ഇതുമായി ബന്ധപ്പെട്ട വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായും വിദഗ്ധരുമായും ട്രായ് കൂടിയാലോചനകള്‍ നടത്തുന്നുണ്ട്. സാങ്കേതികമായി കൂടി പരിഹാരം കാണേണ്ട വിഷയാണിതെന്നും അതിനാല്‍ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സുമായി ഇക്കാര്യത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും ആര്‍ എസ് ശര്‍മ വ്യക്തമാക്കി.

രാജ്യത്ത് 160 മില്യണ്‍ പേ ചാനല്‍ ഉപയോക്താക്കളാണുള്ളത്. സെറ്റ് ടോപ് ബോക്‌സുമായി ബന്ധപ്പെട്ട തടസം കാരണം സേവനദാതാക്കളെ മാറ്റാനാകാത്ത സാഹചര്യം പല ഉപയോക്താക്കളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ തരത്തിലുള്ള സെറ്റ് ടോപ് ബോക്‌സുകള്‍ വരുമ്പോള്‍ നിലവില്‍ ഉപയോഗിക്കപ്പെടുന്ന സെറ്റ് ടോപ് ബോക്‌സുകള്‍ക്ക് എന്തു സംഭവിക്കുമെന്ന് വ്യക്തമാകേണ്ടതുണ്ടെന്ന്് കേബിള്‍ സേവനദാതാക്കള്‍ പറയുന്നു.

Comments

comments

Categories: FK News
Tags: Set top box