മേല്‍ക്കൂരയില്ലാത്ത പള്ളിക്കൂടം

മേല്‍ക്കൂരയില്ലാത്ത പള്ളിക്കൂടം

നമ്മുടെ ചിന്തകള്‍ കിട്ടാത്ത സൗഭാഗ്യങ്ങള്‍ക്ക് പിന്നാലെ ഒരു കുതിരയെപ്പോലെ പാഞ്ഞു കൊണ്ടിരിക്കുകയാണ്. കിട്ടാത്തവയെക്കുറിച്ചുള്ള ദുഃഖം നിറഞ്ഞു നില്‍ക്കുമ്പോള്‍ നന്നായിരിക്കുന്നു എന്ന് പറയാന്‍ മനസ്സ്് തയാറാവുന്നതെങ്ങനെ? ആഗ്രഹിക്കുന്നത് കിട്ടിയാല്‍ പിന്നീട് സന്തോഷിക്കുവാനായി ഇന്നത്തെ സന്തോഷം നാം മാറ്റിവെച്ചിരിക്കുകയാണ്. നന്നായിരിക്കുന്നു എന്ന് എന്നെങ്കിലും നാം പറയാനുള്ള സാധ്യത വളരെ വിരളമാണ്. കാരണം ആഗ്രഹങ്ങള്‍ക്ക് അതിരുകളില്ല എന്നത് തന്നെ

വളരെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേള്‍ക്കുന്നതെങ്കിലും മുരുകന്റെ ശബ്ദം ഞാന്‍ തിരിച്ചറിഞ്ഞു. ഇടറിയ, അല്‍പ്പം സ്‌ത്രൈണ ഭാവം കലര്‍ന്ന ശബ്ദമാണ് മുരുകന്റേത്. തമിഴനായ മുരുകന്‍ കേരളത്തിലാണ് വര്‍ഷങ്ങളോളം ജോലി ചെയ്തിരുന്നത്. ആ സമയത്താണ് ഞാന്‍ അവനെ പരിചയപ്പെടുന്നത്. അമ്മക്ക് അസുഖം കൂടിയപ്പോള്‍ മുരുകന്‍ കേരളം വിട്ട് സ്വദേശത്തേക്ക് തിരികെ പോയി. പിന്നീട് ഞങ്ങള്‍ തമ്മില്‍ ബന്ധം ഒന്നും ഉണ്ടായിരുന്നില്ല. പെട്ടെന്ന് മുരുകന്റെ ശബ്ദം ഫോണിലൂടെ കേട്ടപ്പോള്‍ വലിയ സന്തോഷം തോന്നി.

മുരുകന്‍ വിശേഷങ്ങളൊക്കെ പങ്കുവെച്ചു. അമ്മ മരിച്ചു, താന്‍ വിവാഹം കഴിച്ച് രണ്ട് കുട്ടികളായി. നാട്ടില്‍ തന്നെ ജോലിയെടുത്ത് കഴിയുന്നു. എന്തോ ആവശ്യത്തിന് കൊച്ചിയില്‍ വന്നതാണ്. വന്നപ്പോള്‍ എന്നെ വിളിക്കണം എന്ന് തോന്നി. ”സുഖം തന്നെയല്ലേ മുരുകാ” ഞാന്‍ ചോദിച്ചു. ”നന്നായിരുക്ക് സര്‍, നന്നായിരുക്ക്” മുരുകന്‍ ആഹ്ലാദത്തോടെ മറുപടി പറഞ്ഞു.

”എപ്പടിയിരുക്ക് സര്‍” മുരുകന്‍ തിരികെ ചോദിച്ചു. ”കുഴപ്പമില്ല മുരുകാ, അങ്ങിനെ പോകുന്നു” ഞാന്‍ മറുപടി പറഞ്ഞു. എന്റെ വിശേഷങ്ങളൊക്കെ ചോദിച്ച് വീണ്ടും വിളിക്കാം എന്ന് വാഗ്ദാനം നല്‍കി മുരുകന്‍ ഫോണ്‍ വെച്ചു. നാം മറന്നുപോയ ചില ബന്ധങ്ങള്‍ ചിലപ്പോഴൊക്കെ തിരികെ വരും. അവ നമ്മെ ഭൂതകാലത്തിലേക്ക് കൈപിടിച്ച് മെല്ലെ കൂട്ടിക്കൊണ്ടു പോകും. കയ്പ്പും മധുരവും കലര്‍ന്ന ചില ഓര്‍മ്മകള്‍ തിരികെ തരും.

അന്ന് ഉറങ്ങാന്‍ കിടന്നപ്പോള്‍ മുരുകനുമായുള്ള സംഭാഷണം വീണ്ടും എന്നെ തേടി വന്നു. എന്റെ ചോദ്യത്തോടുള്ള മുരുകന്റെ ഉത്തരവും മുരുകന്റെ കുശലാന്വേഷണത്തോടുള്ള എന്റെ പ്രതികരണവും മനസ്സില്‍ കിടന്ന് ഉരുകുവാന്‍ തുടങ്ങി. എല്ലാം നന്നായിരിക്കുന്നു എന്ന് മുരുകന്‍ ആഹ്ലാദത്തോടെ പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞത്, കുഴപ്പമില്ല അങ്ങിനെ പോകുന്നു എന്ന് മാത്രമാണ്. എന്തൊരു വൈരുദ്ധ്യം. യഥാര്‍ത്ഥത്തില്‍ സന്തോഷിക്കുന്നവനും ഒരിക്കലും തൃപ്തനാവാത്തവനും തമ്മിലുള്ള വ്യത്യാസം.

നാം സംവദിക്കുന്നവരില്‍ ബഹുഭൂരിപക്ഷം പേരും ഇങ്ങനെയൊക്കെ തന്നെയാണ്. ‘ജീവിതം എങ്ങനെ” എന്നാരെങ്കിലും ചോദിച്ചാല്‍ നമ്മുടെയൊക്കെ ഉത്തരം ഏതാണ്ട് ഇതുപോലെയൊക്കെ തന്നെയാണ്. അതില്‍ സന്തോഷമില്ല, ഇനിയും കിട്ടാത്തതിനെക്കുറിച്ചുള്ള ദുഃഖമാണ് വിങ്ങിനില്‍ക്കുന്നത്. ഇങ്ങനെയൊക്കെ കഴിഞ്ഞു പോകുന്നു എന്ന ഉത്തരം യാന്ത്രികമായി ചുണ്ടുകളില്‍ നിന്ന് കൊഴിഞ്ഞു വീണുകൊണ്ടേയിരിക്കുന്നു.

”നന്നായിരിക്കുന്നു” എന്നു പറയാന്‍ നമ്മള്‍ മറന്നു പോയിരിക്കുന്നു എന്നതാണ് വാസ്തവം. കാരണം നമ്മുടെ ചിന്തകള്‍ കിട്ടാത്ത സൗഭാഗ്യങ്ങള്‍ക്ക് പിന്നാലെ ഒരു കുതിരയെപ്പോലെ പാഞ്ഞു കൊണ്ടിരിക്കുകയാണ്. കിട്ടാത്തവയെക്കുറിച്ചുള്ള ദുഃഖം നിറഞ്ഞു നില്‍ക്കുമ്പോള്‍ നന്നായിരിക്കുന്നു എന്ന് പറയാന്‍ മനസ്സ്് തയാറാവുന്നതെങ്ങനെ? ആഗ്രഹിക്കുന്നത് കിട്ടിയാല്‍ പിന്നീട് സന്തോഷിക്കുവാനായി ഇന്നത്തെ സന്തോഷം നാം മാറ്റിവെച്ചിരിക്കുകയാണ്. നന്നായിരിക്കുന്നു എന്ന് എന്നെങ്കിലും നാം പറയാനുള്ള സാധ്യത വളരെ വിരളമാണ്. കാരണം ആഗ്രഹങ്ങള്‍ക്ക് അതിരുകളില്ല എന്നത് തന്നെ.

മിഠായിക്ക് വേണ്ടി വാശി പിടിച്ച് കരഞ്ഞ മകന് അച്ഛന്‍ മധുരം വാങ്ങി നല്‍കി. ആഗ്രഹിച്ചത് കിട്ടിയിട്ടും മുഖം തെളിയാത്ത മകനോട് അച്ഛന്‍ ചോദിച്ചു; ”നിനക്ക് മിഠായി വാങ്ങി തന്നല്ലോ ഇനിയെന്താണ് പ്രശ്‌നം.” മകന്‍ തൊട്ടപ്പുറത്ത് നിന്ന കുട്ടിയുടെ കൈയിലിരിക്കുന്ന മിഠായി ചൂണ്ടിക്കാട്ടി അച്ഛനോട് പറഞ്ഞു ”എന്റേതിനേക്കാള്‍ വലിയ മിഠായിയാണ് അവന്റെ കയ്യില്‍. എനിക്ക് അതുപോലത്തെ വേണം.”

ഈ കുട്ടിയുടെ അവസ്ഥയിലാണ് നമ്മള്‍. ഉള്ളതില്‍ തൃപ്തി പോരാ. മറ്റുള്ളവരുടേത് പോലെയായാലേ നമുക്ക് തൃപ്തി വരൂ. എന്നാല്‍ അതും സന്തോഷം കൊണ്ടുവരുമോ. ഒരിക്കലുമില്ല. ആഗ്രഹങ്ങള്‍ ശമിക്കുകയും തൃപ്തി എത്തുകയും ഇല്ല. ഇത് മനുഷ്യന്റെ സഹജമായ സ്വഭാവമാണ്. ഇത് നിലനില്‍ക്കുന്ന കാലത്തോളം നാമെങ്ങനെ ”നന്നായിരിക്കുന്നു” എന്ന് പറയും.

മുരുകന്‍ എന്നെ ഒരുപാട് ചിന്തിപ്പിച്ചു. എന്റെ മുന്നില്‍ നിവര്‍ന്ന് നില്‍ക്കുന്ന ഒരു മഹാവൃക്ഷമാണ് അവനെന്ന് തോന്നി. ചെറിയ വാക്കുകളില്‍ മുരുകന്‍ ഒതുക്കിയ വലിയ തത്വശാസ്ത്രം എന്നെ ഒരു തീരുമാനം എടുപ്പിച്ചു. ഇനി ഞാന്‍ ”നന്നായിരിക്കുന്നു” എന്നേ പറയൂ. അതില്‍ ഒരു ഊര്‍ജ്ജം അടങ്ങിയിട്ടുണ്ട്. എന്റെയും നിങ്ങളുടേയുമെല്ലാം ജീവിതത്തെ സ്വാധീനിക്കുവാന്‍ കഴിയുന്ന വലിയൊരു പോസിറ്റീവ് എനര്‍ജി. അതുമായി ഒരു കാറ്റുപോലെ കടന്നുവന്ന മുരുകന്‍ ഗുരുവാകുന്നു. മേല്‍ക്കൂരയില്ലത്ത ലോകമെന്ന പള്ളിക്കൂടത്തിലെ അനേകം ഗുരുക്കന്മാരില്‍ ഒരാള്‍.

Comments

comments

Categories: FK Special, Slider