മാരുതി ഡിസ്‌കൗണ്ടുകള്‍ അവസാനിപ്പിക്കുന്നു

മാരുതി ഡിസ്‌കൗണ്ടുകള്‍ അവസാനിപ്പിക്കുന്നു

മൂന്നാം പാദത്തില് ലാഭം 17.21 ശതമാനം ഇടിഞ്ഞു; ശരാശരി നല്‍കിയ ഡിസ്‌കൗണ്ട് 24,300 രൂപ

ന്യൂഡെല്‍ഹി: ഡിസ്‌കൗണ്ട് പ്രതീക്ഷിച്ച് ഇനി മാരുതി സുസുക്കി കാറുകള്‍ വാങ്ങേണ്ടതില്ല. ഉപഭോക്താക്കള്‍ക്ക് റെക്കോഡ് ഡിസ്‌കൗണ്ട് നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ തുടര്‍ച്ചയായി നഷ്ടങ്ങള്‍ നേരിട്ട കമ്പനി വലിയ തോതിലുള്ള ആനുകൂല്യങ്ങള്‍ ഒഴിവാക്കാന്‍ ഒരുങ്ങുന്നു. ഡിസംബര്‍ 31 ന് അവസാനിച്ച മൂന്നാം പാദത്തില്‍ കമ്പനിയുടെ വാര്‍ഷിക ലാഭത്തില്‍ രണ്ടക്ക സംഖ്യയുടെ ഇടിവാണ് നേരിട്ടത്. ഇൗ സാഹചര്യത്തിലാണ് ഡിസ്‌കൗണ്ടുകളില്‍ പുനര്‍വിചിന്തനം നടത്തുന്നത്.

ഒക്‌റ്റോബര്‍-ഡിസംബര്‍ പാദത്തില്‍ പഴയ സ്റ്റോക്ക് വിറ്റഴിക്കുന്നതിനായി ഒരു വാഹനത്തിന് ശരാശരി 24,300 രൂപയുടെ വിലക്കിഴിവാണ് മാരുതി സുസുക്കി നല്‍കിയത്. രണ്ടാം പാദത്തിലെ 18,000 രൂപ, ഏപ്രില്‍-ഡിസംബര്‍ വരെയുള്ള കാലയളവിലെ ശരാശരിയായ 19,400 രൂപ എന്നീ ഡിസ്‌കൗണ്ട് നിരക്കുകളെ അപേക്ഷിച്ച് വളരെ വലുതായിരുന്നു ഈ ഇളവ്. ഇതോടെ മൂന്നാം പാദത്തിലെ ലാഭത്തില്‍ 17.21 ശതമാനത്തിന്റെ ഇടിവുണ്ടായി. കമ്പനിയുടെ ലാഭം ഇരട്ടയക്കം ഇടിയുന്ന തുടര്‍ച്ചയായ രണ്ടാം പാദമാണ് ഇത്.

ഡിസ്‌കൗണ്ടിലൂടെ വാഹനം വാങ്ങുന്ന രീതി ഉപഭോക്താക്കള്‍ ശീലമാക്കരുതെന്ന് മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവ അഭിപ്രായപ്പെടുന്നു. ‘ഒരു പ്രാവശ്യം ഉയര്‍ന്ന നിരക്കിലുള്ള ഡിസ്‌കൗണ്ടുകള്‍ നല്‍കുകയാണെങ്കില്‍ ഉപഭോക്താക്കളുടെ പെരുമാറ്റരീതി മാറുകയും അവര്‍ വര്‍ഷം മുഴുവന്‍ ഡിസ്‌കൗണ്ടുകള്‍ പ്രതീക്ഷിക്കുകയും ചെയ്യും,’ അദ്ദേഹം അഭിപ്രായപ്പെട്ടു. കമ്പനിയുടെ ഡിസ്‌കൗണ്ട് നയം പുനപരിശോധിക്കേണ്ട ആവശ്യമുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം ഉയര്‍ന്ന വിലക്കിഴിവ് നല്‍കി കാറുകള്‍ വില്‍ക്കുന്ന പ്രവണത നല്ലതല്ലെന്നും അഭിപ്രായപ്പെട്ടു.

ഡിസ്‌കൗണ്ട് നിരക്ക് കുറയ്ക്കുന്നതിനൊപ്പം വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചുകൊണ്ട് മാര്‍ച്ച് പാദത്തില്‍ മികച്ച ലാഭം നേടാനാണ് കമ്പനി ശ്രമിക്കുന്നത്. അഞ്ചു വര്‍ഷ കാലയളവിലേക്ക് മാരുതി സുസുക്കി വിപണി എതിരാൡകളേക്കാള്‍ കൂടുതല്‍ പുതിയ മോഡലുകള്‍ അവതരിപ്പിക്കുകയും ഇടത്തരം വലുപ്പമുള്ള കാര്‍ നിര്‍മാതാക്കള്‍ എന്ന ലേബലില്‍ നിന്ന് മാറി എസ്‌യുവി നിര്‍മാണ രംഗത്തെ തങ്ങളുടെ സ്ഥാനം ശക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിപണിയിലെ ആവശ്യകത കുറഞ്ഞതും നിര്‍മാണ ചെലവ് വര്‍ധിച്ചതും കമ്പനിയുടെ ആധിപത്യത്തിന് ഭീഷണിയായി മാറിയിട്ടുണ്ട്.

Comments

comments

Categories: Auto