20 ബ്രിട്ടീഷ് യുവാക്കളില്‍ ഒരാള്‍ ഹോളോകാസ്റ്റ് സംഭവിച്ചതായി വിശ്വസിക്കുന്നില്ല

20 ബ്രിട്ടീഷ് യുവാക്കളില്‍ ഒരാള്‍ ഹോളോകാസ്റ്റ് സംഭവിച്ചതായി വിശ്വസിക്കുന്നില്ല

ലണ്ടന്‍: 20 ബ്രിട്ടീഷ് യുവാക്കളില്‍ ഒരാള്‍ ഹോളോകാസ്റ്റ് സംഭവിച്ചതായി വിശ്വസിക്കുന്നില്ലെന്നു ഹോളോകാസ്റ്റ് ഓര്‍മ ദിനത്തില്‍ (ജനുവരി 27) നടത്തിയ സര്‍വേ വ്യക്തമാക്കി. ഹോളോകാസ്റ്റ് വംശഹത്യയുടെ അളവ് ഉള്ളതിലും വലുതാക്കിപ്പറഞ്ഞതാണെന്ന അഭിപ്രായമാണ് എട്ട് ശതമാനം യുവാക്കള്‍ സര്‍വേയില്‍ പങ്കുവച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്തും അതിനു മുന്‍പും അഡോള്‍ഫ് ഹിറ്റ്‌ലറുടെ നേതൃത്വത്തില്‍ ജര്‍മന്‍ നാസികള്‍ ചെയ്ത കൂട്ടക്കൊലകളുടെ പരമ്പരകള്‍ക്കു പൊതുവായി പറയുന്ന പേരാണു ഹോളോകാസ്റ്റ്. വളരെയധികം ആള്‍ക്കാരെ ഒരുമിച്ചു വധിക്കാന്‍ വലിയ ഗ്യാസ് ചേമ്പറുകള്‍ നാസി ജര്‍മനിയില്‍ വംശഹത്യാ പരിപാടിയുടെ ഭാഗമായി ഉപയോഗിക്കപ്പെട്ടിരുന്നു.

ഹോളോകാസ്റ്റില്‍ എത്ര ജൂതന്മാര്‍ കൊല്ലപ്പെട്ടിരുന്നെന്നു സര്‍വേയില്‍ പങ്കെടുത്ത പകുതി പേര്‍ക്കും അറിയില്ലെന്നും പറഞ്ഞു. ചിലര്‍ പറഞ്ഞത് രണ്ട് ദശലക്ഷത്തിലും താഴെ പേര്‍ മാത്രമാണു കൊല്ലപ്പെട്ടതെന്ന് അഭിപ്രായപ്പെട്ടു. ആറ് ദശലക്ഷം ജൂതന്മാര്‍ ഹോളോകാസ്റ്റില്‍ കൊല്ലപ്പെട്ടെന്നാണു യഥാര്‍ഥ കണക്കുകള്‍ പറയുന്നത്.

ഹോളോകാസ്റ്റ് മെമ്മോറിയല്‍ ഡേ ട്രസ്റ്റാണു സര്‍വേ സംഘടിപ്പിച്ചത്. ഹോളോകാസ്റ്റ് അന്താരാഷ്ട്ര ഓര്‍മ്മദിനത്തെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും യുകെ സര്‍ക്കാര്‍ സ്ഥാപിക്കുകയും ധനസഹായം നല്‍കുകയും ചെയ്യുന്ന ട്രസ്റ്റാണിത്. മൂന്നില്‍ ഒരാള്‍ഹോളോകാസ്റ്റിനെ കുറിച്ച് ഒന്നും അറിയാത്തവരോ, അല്ലെങ്കില്‍ വളരെ കുറച്ചു മാത്രം അറിയുന്നവരോ ആണെന്നു സര്‍വേ പറയുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ ശരാശരി അഞ്ച് ശതമാനം പേര്‍ ഹോളോകാസ്റ്റിനെ കുറിച്ചു ഒരിക്കലും കേട്ടിട്ടില്ലെന്നു പറഞ്ഞു. ഫ്രാന്‍സില്‍ 18നും 34-നും പ്രായത്തിനിടിയിലുള്ള 20 ശതമാനം പേര്‍ ഹോളോകാസ്റ്റിനെ കുറിച്ചു കേള്‍ക്കാത്തവരാണെന്നു പറഞ്ഞു. ഓസ്ട്രിയയില്‍ ഇത് 12 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം യുഎസില്‍ മില്ലേനിയല്‍സിനിടയില്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത ഒന്‍പത് ശതമാനം പേര്‍ പറഞ്ഞത് ഹോളോകാസ്റ്റിനെ കുറിച്ച് അറിവില്ലെന്നായിരുന്നു.

Comments

comments

Categories: FK News
Tags: Holocaust