രാജി സന്നദ്ധതയുമായി കുമാരസ്വാമി

രാജി സന്നദ്ധതയുമായി കുമാരസ്വാമി

സഖ്യത്തിനുള്ളിലെ തമ്മിലടിയും തര്‍ക്കങ്ങളും മറനീക്കി പുറത്തുവന്നു

ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജനതാദള്‍ (എസ്) സഖ്യ സര്‍ക്കാരില്‍ വിള്ളല്‍. കോണ്‍ഗ്രസ് എംഎല്‍എമാരെ നിലക്കുനിര്‍ത്താന്‍ കഴിയില്ലെങ്കില്‍ രാജി വെയ്ക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി കുമാരസ്വാമി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് എംഎല്‍മാരുടെ അതിരുവിട്ട അഭിപ്രായപ്രകടനത്തെ തുടര്‍ന്നാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ഇതോടെ സംസ്ഥാനത്തെ സഖ്യത്തിനുള്ളിലുള്ള തമ്മിലടിയും തര്‍ക്കങ്ങളും മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

ഒരു വിഭാഗം കോണ്‍ഗ്രസ് എംഎല്‍എമാര്‍ തങ്ങളുടെ മുഖ്യമന്ത്രിയായി ഇപ്പോഴും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയെയാണ് കാണുന്നതെന്ന് വ്യക്തമാക്കിയിരുന്നു. ഇവര്‍തന്നെ മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങളുമുന്നയിച്ചു. നേരത്തെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലെ പൊരുത്തക്കേടുകള്‍ പുറത്തുവന്നിരുന്നുവെങ്കിലും രൂക്ഷമായത് ഇപ്പോഴാണ്.

എംഎല്‍മാരെ നിലയ്ക്കുനിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിയണമെന്ന് കുമാരസ്വാമി പറഞ്ഞു. ഈ പ്രശ്‌നം പരിഹരിക്കേണ്ടത് താനല്ല. ഇതുതുടരുന്നത് നന്നാവില്ലെന്നും അദ്ദേഹം കോണ്‍ഗ്രസിന് മുന്നറിയിപ്പുനല്‍കി. എന്നാല്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ചക്ക് തയ്യാറിട്ടില്ല. തങ്ങളുടെ അഭിപ്രായം പറയുന്നതില്‍ എന്തു തെറ്റാണുള്ളതെന്നാണ് അവരുടെ ചോദ്യം. ഇതോടെ പ്രശ്‌നം കൂടുതല്‍ വഷളാകാനുള്ള സാധ്യതയേറിയിരിക്കുകയാണ്. കോണ്‍ഗ്രസ് എംഎല്‍മാരുടെ നിലപാടുമൂലമാണ് കൊല്‍ക്കത്തയിലെ നടന്ന മഹാസഖ്യത്തിന്റെ യോഗത്തിനുശേഷം മമതാ ബാനര്‍ജിക്കാണ് രാജ്യം ഭരിക്കാന്‍ യോഗ്യതയെന്ന പ്രസ്താവന നടത്തിയത്. ഇത് കോണ്‍ഗ്രസ് നേതൃത്വത്തിന് കനത്ത തിരിച്ചടിയായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി കാണുമ്പോള്‍ എല്ലാം തെരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കാം എന്ന നിലപാടും ഒരു ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ കുമാരസ്വാമി സ്വീകരിച്ചിരുന്നു. അതിനുശേഷം മുഖ്യമന്ത്രിക്കെതിരായി ഒരു വിഭാഗം കോണ്‍ഗ്രസ് എംഎല്‍മാര്‍ കടുത്ത നിലപാട് സ്വീകരിക്കുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ച സിദ്ധരാമയ്യെയെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് എംഎല്‍മാര്‍ കുമാരസ്വാമിക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. അധികാരമേറ്റെടുത്ത് ഏഴുമാസം കഴിഞ്ഞിട്ടും സംസ്ഥാനത്ത് യാതൊരുവിധ വികസന പ്രവര്‍ത്തനങ്ങളും നടക്കുന്നില്ലെന്നായിരുന്നു ആദ്യ ആരോപണം. സിദ്ധരാമയ്യക്ക് അടുത്ത അഞ്ചുവര്‍ഷം ലഭിച്ചിരുന്നെങ്കില്‍ എങ്ങനെയാണ് വികസനം എന്ന് ഞങ്ങള്‍ തെളിയിച്ചു കാട്ടുമായിരുന്നുവെന്ന് കോണ്‍ഗ്രസ് എംഎല്‍എ എസ് ടി സോമശേഖര്‍ പറഞ്ഞു. സിദ്ധരാമയ്യയെ ഇപ്പോഴും മുഖ്യമന്ത്രിയായണ് തങ്ങള്‍ കരുതുന്നതെന്ന് കൂട്ടുകക്ഷി സര്‍ക്കാരിലെ മന്ത്രിയായ പുട്ടരംഗ ഷെട്ടി പറഞ്ഞതോടെ വിഷയം കൂടുതല്‍ കോണ്‍ഗ്രസ്-ജെഡിഎസ് ബന്ധം കൂടുതല്‍ പ്രതിസന്ധിയിലാവുകയായിരുന്നു. കുമാരസ്വാമിയുമായി പ്രശ്‌നമില്ലെങ്കിലും മികച്ച മുഖ്യമന്ത്രി സിദ്ധരാമയ്യതന്നെയെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വരയും നിലപാടെടുത്തിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം.

നിലവിലുള്ള കൂട്ടുകക്ഷി സര്‍ക്കാരില്‍ അതൃപ്തിയറിച്ച പലരും പാര്‍ട്ടിവിടാന്‍ തന്നെ തുടങ്ങിയതാണ്. ബിജെപി അധികാരം പിടിക്കാന്‍ ശ്രമിക്കുന്നുവെന്ന് അന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തുകയും എംഎല്‍മാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. നിലവില്‍ കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയാണ്. 104 സീറ്റുകളാണ് അവര്‍ നേടിയത്. കോണ്‍ഗ്രസ് 80 സീറ്റുകള്‍ നേടി. 37 സീറ്റുകളാണ് ജെഡിഎസ് നേടിയത്. അതിനാല്‍ ചെറിയ കക്ഷിയുടെ നേതാവിനെ മുഖ്യമന്ത്രിയാക്കിയതിന്റെ പ്രശ്‌നങ്ങളും കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ക്കുണ്ട്. ഇവിടെയാണ് പ്രതിസന്ധികളുടെ തുടക്കം.

അതിനിടെ കുമാരസ്വാമിക്കെതിരെ രംഗത്തുവന്ന എംഎല്‍എ എസ് ടി സോമശേഖനിനോട് കോണ്‍ഗ്രസ് നേതൃത്വം വിശദീകരണം ചോദിച്ചതായി വാര്‍ത്തയുണ്ട്. എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

Comments

comments

Categories: Politics, Slider