ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് 4000 കോടിയുടെ മൂലധന സഹായം നല്‍കിയേക്കും

ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് 4000 കോടിയുടെ മൂലധന സഹായം നല്‍കിയേക്കും

മൂന്നു പൊതുമേഖലാ കമ്പനികളും ലയിച്ചുണ്ടാകുന്ന സംരംഭം ഇന്ത്യയിലെ ഏറ്റവും വലിയ നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായി മാറും

ന്യൂഡെല്‍ഹി: പൊതുമേഖലയിലുള്ള ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ 4000 കോടി രൂപയുടെ മൂലധന ഉള്‍ച്ചേര്‍ക്കല്‍ നടത്തുമെന്ന പ്രഖ്യാപനം ഈയാഴ്ച അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ ഉണ്ടാകുമെന്ന് സൂചന. നാഷണല്‍ ഇന്‍ഷുറന്‍സ്, ഓറിയന്റല്‍ ഇന്‍ഷുറന്‍സ്, യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് തുടങ്ങിയ കമ്പനികള്‍ക്കായി 4000 കോടി രൂപ നല്‍കുന്നതിനുള്ള ശുപാര്‍ശ ധനകാര്യ സേവന വകുപ്പ് മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഈ കമ്പനികളുടെ സാമ്പത്തികാരോഗ്യം മെച്ചപ്പെടുത്തുന്നതിനാണ് തുക വിനിയോഗിക്കുന്നത്.
പൊതുമേഖലയില്‍ ഉള്‍പ്പടെയുള്ള നിരവധി ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ ലാഭക്ഷമതയില്‍ പ്രതിസന്ധി നേരിടുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. ക്ലൈമുകള്‍ വര്‍ധിക്കുന്നതും എഴുതിത്തള്ളുന്ന നഷ്ടങ്ങള്‍ ഉയരുന്നതുമാണ് ലാഭക്ഷമതയെ ബാധിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ ഈ മൂന്നു ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളെയും ലയിപ്പിക്കുന്നതിനുള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ലയന നടപടികള്‍ ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്ഷപ്പെടുന്നത്.

2017 മാര്‍ച്ച് 31 ലെ കണക്ക് പ്രകാരം മൂന്ന് കമ്പനികള്‍ക്കുമായി 200ഓളം ഉല്‍പ്പന്നങ്ങളാണ് ഉള്ളത്. 41,461 കോടി രൂപയുടെ മൊത്തം പ്രീമിയവും 35 ശതമാനം വിപണി വിഹിതവും ഈ കമ്പനികള്‍ക്കുണ്ട്. മൂന്നു കമ്പനികളുടെയും സംയോജിത അറ്റ ആസ്തി 9,243 കോടി രൂപയാണ്. 6000 ഓഫിസുകളിലായി 44,000 ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നു.

പ്രാഥമിക നിഗമന പ്രകാരം ഈ മൂന്നു പൊതുമേഖലാ കമ്പനികളും ലയിച്ചുണ്ടാകുന്ന സംരംഭം ഇന്ത്യയിലെ ഏറ്റവും വലിയ നോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായി മാറും. 1.2-1.5 ലക്ഷം കോടി രൂപയുടെ മൂല്യം ഈ കമ്പനിക്കുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Comments

comments

Categories: Business & Economy