കര്‍ഷകര്‍ക്കും നികുതി ദായകര്‍ക്കും ആശ്വാസമായേക്കും

കര്‍ഷകര്‍ക്കും നികുതി ദായകര്‍ക്കും ആശ്വാസമായേക്കും

കൂടുതല്‍ വിശാലമായ മിനിമം താങ്ങുവില പദ്ധതി, കൃത്യ സമയത്ത് തിരിച്ചടയ്ക്കുന്ന വായ്പകളുടെ പലിശ എഴുതിത്തള്ളല്‍ തുടങ്ങിയ നടപടികള്‍ പ്രഖ്യാപിച്ചേക്കും

ന്യൂഡെല്‍ഹി: വിലയിടിവ് അടക്കമുള്ള പ്രതിസന്ധിയില്‍ പെട്ടിരിക്കുന്ന കര്‍ഷകര്‍ക്കും മധ്യവര്‍ഗ ആദായ നികുതി ദായകര്‍ക്കും ആശ്വാസമേകുന്ന നടപടികളും ഇളവുകളും മുഖ്യ പരിഗണനാ വിഷയങ്ങളായി മോദി സര്‍ക്കാരിന്റെ അന്തിമ ബജറ്റില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. പരമ്പരാഗത മേഖലയ്ക്കും ആധുനിക വ്യവസായങ്ങള്‍ക്കും തൊഴില്‍ മേഖലക്കും ഒരു പോലെ പ്രാധാന്യം നല്‍കുന്ന ബജറ്റായിരിക്കും അവതരിപ്പിക്കാന്‍ പോകുന്നതെന്ന് വിഷയത്തെ കുറിച്ച് നേരിട്ടറിവുള്ള വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. വരുമാനക്കൈമാറ്റം, കൂടുതല്‍ വിശാലമായ മിനിമം താങ്ങുവില പദ്ധതി, കൃത്യ സമയത്ത് തിരിച്ചടയ്ക്കുന്ന വായ്പകളുടെ പലിശ എഴുതിത്തള്ളല്‍ തുടങ്ങിയ നടപടികള്‍ കാര്‍ഷിക പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

” ഇടക്കാല ബജറ്റ് വെറും വോട്ട് ഓണ്‍ എക്കൗണ്ട് മാത്രമായിരിക്കില്ല. പ്രണബ് മുഖര്‍ജി, പി ചിദംബരം തുടങ്ങിയ മുന്‍ ധനമന്ത്രിമാര്‍ ഉത്തേജക പാക്കേജുകളായി നികുതിയിളവുകള്‍ കൊണ്ടുവരാന്‍ മടി കാണിച്ചിരുന്നില്ല. ഇതേ പാരമ്പര്യം പിന്തുടരുന്ന തരത്തിലുള്ളതായിരിക്കും ബജറ്റ്,” ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. മോദി സര്‍ക്കാരിന്റെ ആറാമത്തെ ബജറ്റ് ഈ വെള്ളിയാഴ്ചയാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. അമേരിക്കയില്‍ ചികിത്സയിലിരിക്കുന്ന ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ അഭാവത്തില്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലായിരിക്കും ബജറ്റ് അവതരിപ്പിക്കുക.

കടമെഴുതി തള്ളുന്നതിന് പകരം, കര്‍ഷകര്‍ക്ക് കൂടുതല്‍ ആശ്വാസമേകുന്നതും ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതുമായ നടപടികളാണ് പരിഗണിക്കുകയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2009-10ലെ ഇടക്കാല ബജറ്റില്‍ അന്നത്തെ ധനമന്ത്രി പ്രണബ് മുഖര്‍ജി എക്‌സൈസ് തീരുവയില്‍ ഇളവു വരുത്തുകയും സേവന നികുതി നിരക്കുകളില്‍ രണ്ട് ശതമാനത്തിന്റെ കുറവ് വരുത്തുകയും ചെയ്തിരുന്നു. 2014-15ലെ ഇടക്കാല ബജറ്റില്‍ വാഹന മേഖലയ്ക്ക് വേണ്ടി കേന്ദ്ര എക്‌സൈസ് തീരുവയില്‍ ചില ഇളവുകള്‍ വരുത്താന്‍ ചിദംബരവും തയാറായി. എന്നാല്‍ പ്രത്യക്ഷ നികുതി സംവിധാനത്തില്‍ മാറ്റം കൊണ്ടു വരുന്നതില്‍ നിന്ന് ഇരു ധനമന്ത്രിമാരും വിട്ടു നിന്നു.

Comments

comments

Categories: FK News