500 ബില്ല്യണ്‍ ഡോളറിന്റെ മെഗാ പദ്ധതിയുമായി സൗദി

500 ബില്ല്യണ്‍ ഡോളറിന്റെ മെഗാ പദ്ധതിയുമായി സൗദി
  • ഏകദേശം 500 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപ പദ്ധതിയാണ് പ്രിന്‍സ് മുഹമ്മദിന്റെ മനസിലുള്ളത്
  • പുതിയ വ്യവസായങ്ങള്‍ക്കായി 70 ഡീലുകളില്‍ ഒപ്പിടും. ഇതിനുവേണ്ടി ചെലവാകുക 54 ബില്ല്യണ്‍ ഡോളര്‍

റിയാദ്: എണ്ണ കേന്ദ്രീകൃത സമ്പദ് വ്യവസ്ഥയില്‍ നിന്ന് പുറത്തുകിടക്കാനുള്ള സൗദി അറേബ്യയുടെ ശ്രമം പുതിയ വഴിത്തിരിവില്‍. 2030 ആകുമ്പോഴേക്കും ഏകദേശം 500 ബില്ല്യണ്‍ ഡോളര്‍ ചെലവ് വരുന്ന മെഗാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പദ്ധതിയിലൂടെ വമ്പന്‍ സാമ്പത്തിക പരിഷ്‌കരണമാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആലോചിക്കുന്നത്.

2030നുള്ളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ പ്രധാന ഊന്നല്‍ എണ്ണ ഇതര മേഖലകളുടെ വളര്‍ച്ചയായിരിക്കും. വിഷന്‍ 2030 എന്ന സൗദിയുടെ സാമൂഹ്യ, സാമ്പത്തിക പരിഷ്‌കരണ പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനാണ്. കെമിക്കല്‍സ്, വൈദ്യുതി, പ്രകൃതിവാതകം തുടങ്ങിയ മേഖലകള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കും.
എണ്ണയെ മാത്രം ആശ്രയിച്ചിരുന്ന ഗള്‍ഫിലെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥയ്ക്ക് പുതുയുഗത്തിലേക്കുള്ള താക്കോല്‍ ആയാണ് വിഷന്‍ 2030 അവതരിപ്പിക്കപ്പെട്ടത്. സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്‌ന പദ്ധതിയെന്നാണ് വിഷന്‍ 2030 അറിയപ്പെട്ടത്. എണ്ണ കേന്ദ്രീകൃതമായ സൗദി സമ്പദ് വ്യവസ്ഥയെ ഉടച്ചുവാര്‍ത്ത് പുതിയ വരുമാനസ്രോതസ്സുകളിലേക്ക് വികസിക്കുകയായിരുന്നു ലക്ഷ്യം. എണ്ണ വിപണി തകര്‍ന്നടിഞ്ഞ 2014 കാലഘട്ടമായിരുന്നു ഇത്തരമൊരു പദ്ധതിയുടെ പശ്ചാത്തലം.

സൗദി അറേബ്യുയടെ ഊര്‍ജ്ജമന്ത്രി ഖാലിദ് അല്‍ ഫാലിയാണ് പുതിയ പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തിയത്. വൈദ്യുതി മേഖലയെ ട്രാന്‍സ്മിഷന്‍, ഡിസ്ട്രിബ്യൂഷന്‍ എന്ന തലങ്ങളില്‍ വേര്‍തിരിച്ചുള്ള ബിസിനസ് മാതൃകയാകും സൗദി പിന്തുടരുക. ഇതിന്റെ ഭാഗമായി ഒരു പ്രത്യേക പവര്‍ പര്‍ച്ചേസിംഗ് ഏജന്‍സിക്ക് സൗദി രൂപം നല്‍കും.

റിയാദിലെ പുതിയ വിമാനത്താവളമെന്ന ആവശ്യം സജീവമായി സൗദി പരിഗണിക്കുന്നുണ്ട്. അഞ്ച് വിമാനത്താവളങ്ങളെ നവീകരിക്കാനും സര്‍ക്കാര്‍ ആലോചിച്ചുവരികയാണ്.

വിഷന്‍ 2030ക്ക് കീഴില്‍ വരുന്ന നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ലോജിസ്റ്റിക്‌സ് പ്രോഗ്രാമിലൂടെയായിരിക്കും 500 ബില്ല്യണ്‍ ഡോളര്‍ പദ്ധതിയിലേക്കുള്ള നിക്ഷേപം വരിക. സൗദി പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു.

രണ്ടാം ഘട്ടമെന്ന നിലയില്‍ മിലിറ്ററി, ചെറുകിട വ്യവസായ മേഖല എന്നിവയ്ക്കായി 50 ബില്ല്യണ്‍ ഡോളറിന്റെ പദ്ധതികളും പ്രഖ്യാപിക്കും. പ്രാദേശിക നിക്ഷേപകരെ കൂടാതെ വിദേശ നിക്ഷേപകരെ കൂടി സജീവമായി പങ്കെടുപ്പിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക. മൈനിംഗ്, ഇന്‍ഡസ്ട്രി, ഊര്‍ജ്ജ മേഖലകളെ സംയോജിപ്പിച്ചുകൊണ്ടുള്ള നീക്കമായിരിക്കും പുതിയ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനായി സ്വീകരിക്കുക. സാമ്പത്തിക വളര്‍ച്ചയില്‍ സ്വകാര്യ മേഖലയുടെ പങ്ക് ശക്തമാക്കുക കൂടിയാണ് ഇതിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

അതേസമയം വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റായിരുന്ന ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതകത്തെ തുടര്‍ന്ന് പടിഞ്ഞാറന്‍ രാജ്യങ്ങളും സൗദിയും തമ്മിലുള്ള ഇരിപ്പുവശം മോശമായത് വിദേശ നിക്ഷേപകരുടെ ഒഴുക്ക് പുതിയ പദ്ധതികളിലേക്ക് ഉണ്ടാക്കിയേക്കില്ല എന്ന വാദവുമുണ്ട്. ഇസ്താന്‍ബുളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ചാണ് ഖഷോഗ്ഗി ക്രൂരമായി കൊല ചെയ്യപ്പെട്ടത്.

Comments

comments

Categories: Arabia
Tags: Soudhi