യുഎസ്-ചൈന വ്യാപാര യുദ്ധം അവസരമാക്കി ഇന്ത്യ

യുഎസ്-ചൈന വ്യാപാര യുദ്ധം അവസരമാക്കി ഇന്ത്യ

ന്യൂഡെല്‍ഹി: യുഎസ്-ചൈന വ്യാപാര യുദ്ധം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണം ചെയ്ത തുടങ്ങി. ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുള്ള കയറ്റുമതിയില്‍ ഇതിന്റെ പ്രതിഫലനം കണ്ടുതുടങ്ങിയതായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (ഫിയോ) വ്യക്തമാക്കുന്നു.

യുഎസ്-ചൈന വ്യാപാര യുദ്ധം ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂണ്‍-നവംബര്‍ കാലയളവില്‍ ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുള്ള കയറ്റുമതിയില്‍ 32 ശതമാനം വാര്‍ഷിക വര്‍ധന രേഖപ്പെടുത്തിയതായി ഫിയോയുടെ കണക്കുകള്‍ പറയുന്നു. 8.46 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഉല്‍പ്പന്നങ്ങളാണ് ജൂണ്‍-നവംബറില്‍ ഇന്ത്യ ചൈനയിലേക്ക് കയറ്റി അയച്ചത്. 2017 ജൂണ്‍ മുതല്‍ നവംബര്‍ വാരെയുള്ള കാലയളവില്‍ 6.37 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങളാണ് ഇന്ത്യ ചൈനയിലേക്ക് കയറ്റുമതി ചെയ്തിരുന്നത്.

2018 ജൂണ്‍, സെപ്റ്റംബര്‍ മാസങ്ങളിലാണ് ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തുന്നതായി യുഎസ് പ്രഖ്യാപിച്ചത്. യുഎസിനെതിരെയുള്ള പ്രതിരോധ നടപടിയായി വിവിധ അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് ചൈനയും ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തിയിരുന്നു. ഇക്കാലയളവില്‍ ഇന്ത്യയില്‍ നിന്നും യുഎസിലേക്കുള്ള കയറ്റുമതിയില്‍ 12 ശതമാനം വര്‍ധനയുണ്ടായതായി ഫിയോ പ്രസിഡന്റ് ഗണേഷ് കുമാര്‍ ഗുപ്ത പറഞ്ഞു.

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, രാസപദാര്‍ത്ഥങ്ങള്‍, കോട്ടന്‍ നൂല്‍, പ്ലാസ്റ്റിക് അസംസ്‌കൃത വസ്തുക്കള്‍, സമുദ്രോല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുള്ള കയറ്റുമതിയിലാണ് ജൂണ്‍-നവംബറില്‍ ഉയര്‍ന്ന വര്‍ധന അനുഭവപ്പെട്ടത്. ആഗോള വ്യാപാര പ്രവര്‍ത്തനങ്ങളില്‍ വ്യാപാര യുദ്ധം ഗുണം ചെയ്യില്ലെങ്കിലും ഇന്ത്യ അടക്കമുള്ള മറ്റ് രാജ്യങ്ങള്‍ക്ക് ഇതൊരു അവസരമാണെന്ന് ഗണേഷ് കുമാര്‍ ഗുപ്ത അഭിപ്രായപ്പെട്ടു.

യുഎസും ചൈനയും തമ്മിലുള്ള താരിഫ് വര്‍ധന തുടരുകയാണെങ്കില്‍ ഇരു വിപണികളില്‍ നിന്നുമുള്ള ആവശ്യകത നിറവേറ്റുന്നതിന് ഇന്ത്യ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കേണ്ടി വരുമെന്നും ഗുപ്ത ചൂണ്ടിക്കാട്ടി. ചൈനയുമായി വലിയ വ്യാപാര കമ്മിയാണ് ഇന്ത്യക്കുള്ളത്. ചൈനയിലേക്കുള്ള കയറ്റുമതി വര്‍ധിക്കുന്നത് വ്യാപാര കമ്മി നിയന്ത്രിക്കുന്നതിന് ഇന്ത്യക്ക് ഗുണം ചെയ്യും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി 63.12 ഡോളറിലേക്ക് ഉയര്‍ന്നിരുന്നു. 2016 സാമ്പത്തിക വര്‍ഷം 51.11 ബില്യണ്‍ ഡോളറായിരുന്നു വ്യാപാര കമ്മി. ചൈനയിലേക്കുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി നടപടികള്‍ ഇന്ത്യ എടുത്തിട്ടുണ്ട്. ബസ്മതി ഇതര അരി പോലുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളും ഇന്ത്യ ചൈനയിലേക്ക് കയറ്റി അയച്ചുതുടങ്ങിയിട്ടുണ്ട്.

കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ കുറയ്ക്കണമെന്നാവശ്യവുമായി ഇന്ത്യ ചൈനയുമായി ഉഭയകക്ഷി ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. ആര്‍സിഇപി (പ്രാദേശിക സമഗ്ര സാമ്പത്തിക സഹകരണ കരാര്‍)ക്കുകീഴില്‍ കുറഞ്ഞത് ഇറക്കുമതി ചെയ്യുന്ന 80 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഇളവ് നല്‍കാന്‍ ചൈന ഇന്ത്യക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. 16 രാജ്യങ്ങളാണ് ആര്‍സിഇപി ചേരിയിലുള്ളത്. അടുത്ത ആഴ്ച ആര്‍സിഇപി യോഗം നടക്കാനിരിക്കെയാണ് അതിനുമുന്നോടിയായി ചൈനയും ഇന്ത്യയും തമ്മില്‍ ചര്‍ച്ച ആരംഭിച്ചിരിക്കുന്നത്.

Comments

comments

Categories: Business & Economy, Slider
Tags: india export